| Tuesday, 7th October 2014, 11:08 am

പോലീസ് മാധ്യമ ബ്രീഫിങ്: അമിക്കസ് ക്യൂറി സംസ്ഥാനങ്ങളുടെ അഭിപ്രായം തേടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: പോലീസ് മാധ്യമ ബ്രീഫിങ്ങിനുള്ള മാര്‍ഗരേഖ തയ്യാറാക്കുന്നതില്‍ അമിക്കസ് ക്യൂറി സംസ്ഥാനങ്ങളുടെ അഭിപ്രായം തേടി. അഭിപ്രായം ആരാഞ്ഞുകൊണ്ടുള്ള ചോദ്യാവലി അമിക്കസ് ക്യൂറി സംസ്ഥാനങ്ങള്‍ക്ക് നല്‍കി.

അമിക്കസ് ക്യൂറി ഗോപാല്‍ ശങ്കരനാരായണന്‍ ആണ് ചോദ്യാവലി കൈമാറിയത്. ഏഴ് ചോദ്യങ്ങളാണ് ചോദ്യാവലിയില്‍ ഉള്ളത്.

1. കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുമ്പ് ഏതൊക്കെ ഘട്ടത്തില്‍ മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ കൈമാറാം?

2. സാക്ഷികളെയും തെളിവുകളെയും സംബന്ധിച്ച വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറാറുണ്ടോ?

3. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പുള്ള ഘട്ടത്തില്‍ എന്തൊക്കെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കാറുണ്ട്?

4. അന്വേഷണത്തിന്റെ ഏതൊക്കെ ഘട്ടങ്ങളിലാണ് മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കാറുള്ളത്?

5. കേസിലുള്‍പ്പെട്ട വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങള്‍ കൈമാറാറുണ്ടോ?

6. മാധ്യമബ്രീഫിങ്ങിന് സംസ്ഥാനങ്ങളില്‍ പ്രത്യേക സെല്ലുകളുടെ ആവശ്യമുണ്ടോ?

7. ഇപ്പോള്‍ മാധ്യമബ്രീഫിങ്ങിന് പ്രത്യേക നയമോ മാര്‍ഗരേഖയോ നിലവിലുണ്ടോ? ഉണ്ടെങ്കില്‍ അത് സമര്‍പ്പിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.?

എന്നീ ചോദ്യങ്ങളാണ് ചോദ്യാവലിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

അതേസമയം, പോലീസ് സ്‌റ്റേഷനുകളില്‍ മാധ്യമങ്ങള്‍ക്ക് വിവരം നല്‍കുന്നതിന് പ്രത്യേക സെല്‍ വേണമെന്ന് അമിക്കസ് ക്യൂറി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു. വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കുന്നത് രേഖാമൂലം പത്രക്കുറിപ്പിലൂടെ ആയിരിക്കണം. ഇത് തയ്യാറാക്കേണ്ടത് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്റെ അധികാരപ്പെടുത്തലോടെ ആയിരിക്കണം. ഓരോ കേസിനും പ്രത്യേകം പ്രത്യേകം പത്രക്കുറിപ്പ് തയ്യാറാക്കണം.

പ്രഥമവിവരറിപ്പോര്‍ട്ട് രജിസ്റ്റര്‍ചെയ്തതിന് ശേഷം ഏത് ഘട്ടത്തിലും പത്രസമ്മേളനം വിളിക്കാം. ആദ്യഘട്ടങ്ങളില്‍ കുറച്ചു വിവരങ്ങള്‍മാത്രമേ പുറത്തുവിടാവൂ.

പോലീസ് ഏറ്റുമുട്ടലുകള്‍ അന്വേഷിക്കാനും മാധ്യമങ്ങള്‍ക്ക് വാര്‍ത്ത നല്‍കാനുമുള്ള മാനദണ്ഡം തയ്യാറാക്കാനാണ് അമിക്കസ് ക്യൂറിയായി ഗോപാല്‍ ശങ്കരനാരായണനെ സുപ്രീംകോടതി നിയമിച്ചത്. ഏറ്റമുട്ടലുകളെ ക്കുറിച്ചുള്ള പോലീസ് അന്വേഷണത്തില്‍ സംശയമുണ്ടെങ്കില്‍ സി.ബി.ഐ.ക്ക് കേസ് കൈമാറാന്‍ കോടതിയോ ദേശീയ മനുഷ്യാവകാശ കമ്മീഷനോ ഇടപെടണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

We use cookies to give you the best possible experience. Learn more