അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിലുള്ള സ്‌റ്റേഡിയത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാക്കുകള്‍ വീണ്ടും വൈറലാകുന്നു. കഴിഞ്ഞ ദിവസം ഐ.പി.എല്‍ ഫൈനല്‍ മത്സരത്തില്‍ മഴ പെയ്തപ്പോഴുള്ള സ്റ്റേഡിയത്തിന്റെ ശോചനീയ അവസ്ഥയുടെ വിമര്‍ശനങ്ങള്‍ക്കിടയിലാണ് വീഡിയോ പ്രചരിക്കുന്നത്.
‘132000 പേര്‍ക്കിരിക്കാവുന്ന സ്റ്റേഡിയമാണ് നരേന്ദ്ര മോദിജിയുടെ പേരില്‍ തുറന്നിരിക്കുന്നത്. എത്ര വലിയ മഴ വന്നാലും മാച്ചിനെ ബാധിക്കാത്ത തരത്തില്‍ അര മണിക്കൂറിനുള്ളില്‍ ഉണങ്ങുന്ന ഗ്രൗണ്ടാണ് സ്റ്റേഡിയത്തിലുള്ളത്,’ എന്നാണ് അദ്ദേഹം അന്ന് പറഞ്ഞത്. ഈ വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.
കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പര്‍ കിങ്‌സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള ഐ.പി.എല്‍ മത്സരത്തിനിടയിലായിരുന്നു മഴ പെയ്തത്. തുടര്‍ന്ന് പുറത്തെ ചെളി വെള്ളവും മലിന ജലവും സ്റ്റേഡിയത്തിലേക്ക് ഒലിച്ചെത്തി. സ്റ്റേഡിയം മൊത്തത്തില്‍ ചോര്‍ന്നൊലിക്കുകയായിരുന്നു.
എന്നാല്‍ ഗ്രൗണ്ട് ഉണക്കാന്‍ വേണ്ടി അത്യാധുനിക സംവിധാനവും ഉണ്ടായിരുന്നില്ല. ഗ്രൗണ്ട് സ്റ്റാഫുകള്‍ പെയിന്റ് ബക്കറ്റില്‍ വെള്ളം മുക്കി ഒഴിച്ചും സ്പോഞ്ചും ഹെയര്‍ ഡ്രൈയറും ഇസ്തിരി പെട്ടിയും ഉപയോഗിച്ചുമാണ് പിച്ച് ഡ്രൈയാക്കിയത്. ഇത്തരത്തില്‍ ഗ്രൗണ്ട് വൃത്തിയാക്കുന്ന വീഡിയോ ഇന്നലെ തന്നെ വിമര്‍ശനത്തിന് വിധേയമായിരുന്നു.
മുമ്പ് സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പേരില്‍ അറിയപ്പെട്ടിരുന്ന മെട്ടേര സ്റ്റേഡിയം നിലവില്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്റ്റേഡിയമാണ്. 2015ല്‍ അറ്റകുറ്റപ്പണികള്‍ ആരംഭിച്ച സ്റ്റേഡിയത്തിന് 2021ലാണ് നരേന്ദ്ര മോദിയുടെ പേര് നല്‍കിയത്. ഇതിനെതിരെ വ്യാപക വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.
പ്രസിഡന്റ് രാംനാഥ് കോവിന്ദാണ് ഭൂമി പൂജ നടത്തി നവീകരിച്ച മൊട്ടേര സ്റ്റേഡിയം ഉദ്ഘാടനം ചെയ്തത്.
content highlight: ami shah about narendra modi stadium