| Monday, 15th July 2024, 7:45 pm

മെസി കളം വിട്ടാലും 11 പോരാളികള്‍ കളത്തില്‍ തന്നെയുണ്ടാകും; പ്രസ്താവനയുമായി എമിലിയാനോ മാര്‍ട്ടിനെസ്

സ്പോര്‍ട്സ് ഡെസ്‌ക്

2024 കോപ്പ അമേരിക്ക ചാമ്പ്യന്മാരായി അര്‍ജന്റീന. മയാമിയിലെ ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തില്‍ നടന്ന കലാശ പോരാട്ടത്തില്‍ കൊളംബിയയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് അര്‍ജന്റീന കിരീടം ചൂടിയത്. കോപ്പ അമേരിക്കയിലെ അര്‍ജന്റീനയുടെ തുടര്‍ച്ചയായ രണ്ടാം കിരീടനേട്ടമാണിത്.

നിശ്ചിത സമയത്തിനുള്ളില്‍ ഇരു ടീമുകള്‍ക്കും ഗോള്‍ നേടാന്‍ സാധിച്ചിരുന്നില്ല. ഒടുവില്‍ എക്‌സട്രാ ടൈമിന്റെ രണ്ടാം പകുതിയില്‍ ലൗട്ടാറോ മാര്‍ട്ടീനസിലൂടെയായിരുന്നു അര്‍ജന്റീന വിജയഗോള്‍ നേടിയത്. കൊളംബിയന്‍ പ്രതിരോധം മറികടന്നുകൊണ്ട് പാസ് സ്വീകരിച്ച താരം കൃത്യമായി ലക്ഷ്യം കാണുകയായിരുന്നു.

മത്സരത്തില്‍ സൂപ്പര്‍താരം മെസി പരിക്ക് പറ്റി പുറത്തായിരുന്നു. 65ാം മിനിട്ടില്‍ കാലിന് പരിക്കേറ്റതിന് പിന്നാലെയാണ് മെസി കളം വിട്ടത്. ആദ്യ പകുതിയില്‍ കൊളംബിയന്‍ താരം സാന്റിയാഗോ അരീസാണ് മെസിയെ ടാക്കിള്‍ ചെയ്തത്. എന്നാല്‍ പരിക്ക് സാരമാക്കാതെ താരം കളിക്കളത്തില്‍ തുടരുകയും ആയിരുന്നു.

ഒടുവില്‍ രണ്ടാം പകുതിയില്‍ പരിക്ക് കൂടുതല്‍ വഷളായതോടെ മെസി മത്സരം പൂര്‍ത്തിയാക്കാതെ മടങ്ങുകയായിരുന്നു. ഇതോടെ അര്‍ജന്റീനന്‍ ഇതിഹാസതാരം കരഞ്ഞുകൊണ്ട് ഗ്രൗണ്ട് വിടുന്ന കാഴ്ചക്കായിരുന്നു മയാമിയിലെ ഹാര്‍ഡ് റോക്ക് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.

മത്സരത്തില്‍ അര്‍ജന്റീനയുടെ എമി മാര്‍ട്ടിനെസ് നിര്‍ണായക സേവുകളും നടത്തിയിരുന്നു. മത്സര ശേഷം എമി മെസിയെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.

‘ലയണല്‍ മെസി കളം വിട്ടാലും അദ്ദേഹത്തിന്റെ 11 പോരാളികളും കളിക്കളത്തില്‍ തന്നെ ഉണ്ടാകും. ഞങ്ങളുടെ ലീഡര്‍ ആണ് അദ്ദേഹം. ഞങ്ങള്‍ ടീമിന് വേണ്ടി ആണ് ഇതെലാം ചെയ്യുന്നത്. മെസി കരഞ്ഞു കൊണ്ടാണ് കളം വിട്ടത്. എന്നാല്‍ അവസാനം ഞങ്ങള്‍ അദ്ദേഹത്തെ സന്തോഷവാനാക്കി. എല്ലാം സ്വന്തമാക്കിയവനാണ് മെസി. ഇനി സ്വന്തമാക്കാനും ഒന്നും തന്നെ ഇല്ല. ഇനി അദ്ദേഹത്തെ നിങ്ങള്‍ക്ക് വിമര്‍ശിക്കാന്‍ കഴിയില്ല,’ എമി മാര്‍ട്ടിനെസ് പറഞ്ഞു.

Content Highlight: Ami Martinez Talking About Messi

We use cookies to give you the best possible experience. Learn more