എഡ്ഡി മാത്രമല്ല ബിജോയുമുണ്ട് ഭീഷ്മയില്‍
Entertainment news
എഡ്ഡി മാത്രമല്ല ബിജോയുമുണ്ട് ഭീഷ്മയില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 14th March 2022, 6:26 pm

അമല്‍ നീരദ്- മമ്മൂട്ടി കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രമാണ് ഭീഷ്മ പര്‍വ്വം. റിലീസ് ചെയ്ത ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ആരാധകര്‍ ചിത്രത്തെ ഏറ്റെടുത്ത് കഴിഞ്ഞു. കേരളത്തിന് പുറമേ തമിഴ്‌നാട്ടിലും കര്‍ണാടകയിലും യു.എ.ഇയിലുമടക്കം വന്‍ പ്രേക്ഷക പിന്തുണയോടെയാണ് ഭീഷ്മ തേരോട്ടം നടത്തുന്നത്.

മഹാഭാരതം റെഫറന്‍സാണ് ഭീഷ്മ പര്‍വ്വം എന്ന് ഇതിനോടകം തന്നെ പല റിപ്പോര്‍ട്ടുകളും വന്ന് കഴിഞ്ഞു. ഭീഷ്മരായി മമ്മൂട്ടി എത്തുമ്പോള്‍ ഗാന്ധാരിയായും, ദുര്യോധനനായുമെല്ലാം മറ്റ് കഥാപാത്രങ്ങളും ചിത്രത്തില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ച്ചവെക്കുന്നുണ്ട്.

പതിനാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് മമ്മൂട്ടി- അമല്‍ നീരദ് കൂട്ടുകെട്ടിലൊരുങ്ങിയ ബിഗ് ബി എന്ന ചിത്രത്തിന്റെ ചില റെഫറന്‍സുകളും ഭീഷ്മയില്‍ നമുക്ക് കാണാം. അജാസായെത്തുന്ന സൗബിന് ബിഗ് ബിയില്‍ മനോജ് കെ. ജയന്‍ ചെയ്ത എഡ്ഡിയുമായുള്ള സാമ്യത വളരെ ശ്രദ്ധേയമാണ്.

ഇത്തരത്തില്‍ സാമ്യതയുള്ളൊരു കഥാപാത്രമാണ് ശ്രീനാഥ് ഭാസി ചെയ്ത അമി. ബിഗ് ബിയില്‍ സുമിത് നാവല്‍ ചെയ്ത ബിജോ ജോണ്‍ കുരിശിങ്കല്‍ എന്ന കഥാപാത്രത്തോടാണ് അമി സാമ്യത കാണിക്കുന്നത്.

അമിയെ പോലെ തന്നെ മമ്മൂട്ടിയുടെ പ്രിയപ്പെട്ടവനാണ് ബിജോയും. ഒരു കുട്ടിക്ക് കൊടുക്കുന്ന പരിഗണന മമ്മൂട്ടിയുടെ മൈക്കിളപ്പന്‍ ഭീഷ്മയിലും ബിലാല്‍ ബിഗ് ബിയിലും രണ്ട് കഥാപാത്രങ്ങള്‍ക്കും കൊടുക്കുന്നുണ്ട്.

മൈക്കിളപ്പന്‍ അമിയെ ഇഷ്ടപ്പെടുന്നതിന്റെ ആഴം പല സീനുകളിലും സിനിമയില്‍ വ്യക്തമാണ്. അതേ കാര്യം തന്നെയാണ് ബിഗ് ബിയിലുമുള്ളത്. ഇരുവരുടേയും മരണവും സമാനമാണ്. അമിയും ബിജോയും മരിക്കുമ്പോള്‍ ഇവരെ രക്ഷിക്കാന്‍ ആരുമില്ല എന്നതും ശ്രദ്ധേയമാണ്.

ഇരുവരുടേയും പ്രണയവും ഏകദേശം ഒരേ ഇമോഷനിലൂടെയാണ് സംവിധായകന്‍ പ്രേക്ഷകരിലേക്കെത്തിക്കുന്നത്. ബിജോ മരിക്കുമ്പോഴാണ് അവന്റെ പ്രണയം എല്ലാവരുമറിയുന്നതെങ്കില്‍ അമിയിലേക്കെത്തുമ്പോള്‍ മരണത്തിന് മുന്നേയുള്ള പ്രണയവും മരണം കാമുകിയിലുണ്ടാക്കുന്ന ആഘാതവുമെല്ലാം വ്യക്തമായി സിനിമയില്‍ കാണാം.

രണ്ട് കഥാപാത്രങ്ങളും തമ്മിലുള്ള ഒരേയൊരു വ്യത്യാസമെന്നത് ധൈര്യത്തിന്റെ കാര്യത്തിലാണ്. അമി വളരെ ധൈര്യ ശാലിയായിട്ടാണ് സിനിമയിലെത്തുന്നത്. എന്നാല്‍ ബിജോ അവന്റെ പ്രണയം പോലെ തന്നെ കുറച്ച് സൈലന്റാണ്.

കുടുംബത്തിനോടുള്ള ശത്രുതയുടെ പേരിലാണ് ഇരുവരും കൊല്ലപ്പെടുന്നത്. രണ്ടുപേരുടേയും മരണത്തിലൂടെയാണ് കഥ മറ്റൊരു തലത്തിലേക്കെത്തുന്നതും.

ബിഗ് ബിയുടെ ആവര്‍ത്തനമല്ല ഭീഷ്മയെങ്കിലും പല സീനുകളിലും സമാനതകള്‍ കണ്ടുപിടിക്കാന്‍ നമുക്ക് സാധിക്കും. അജാസും അമിയുമെല്ലാം പുനരാവിഷ്‌ക്കരിക്കപ്പെട്ട ബിഗ് ബി കഥാപാത്രങ്ങളായി തോന്നാം.


Content Highlights: Ami in Bhishma is a remake of Bijo in Big B