| Wednesday, 9th August 2023, 4:17 pm

അമേയ; 'അതിരുകളില്ലാത്ത ഇലാഹി പ്രണയത്തിന്റെ മിസ്റ്റിക് കാവ്യം'

നാസര്‍ മാലിക്‌

മിയാന്‍ താന്‍സെനും ബൈജു ഭാവ്രയും തമ്മിലുള്ള ഒരു സര്‍ഗാത്മ അസൂയയുടെ കഥയില്‍ നിന്ന് തുടങ്ങാം അമേയയിലെ കവിതകളുടെ നിരൂപണം.

നാം ഇന്ന് കേള്‍ക്കുന്ന ദുനിയാക്കെ രഖ് വാലെ , അഴകെ നിന്‍ മിഴിനീര്‍ മണിയില്‍ മുത്ത് പൊഴിക്കരുതെ, മലരെ മൗനമാ തുടങ്ങിയ 1000 കണക്കിന് സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ പിറന്ന ദര്‍ബാരി കാനഡ രാഗം കണ്ടെത്തിയ സംഗീത സാമ്രാട്ട്.

ദര്‍ബാരി കാനഡയില്‍ നിന്നും തെല്ലൊന്ന് മാറി പ്രത്യക്ഷത്തില്‍ കേട്ടാല്‍ ഒരു പോലെ ഇരിക്കും എങ്കിലും വളരെ വിരളമായി നല്ല ഗാനങ്ങള്‍ പിറന്ന ( ഇന്നെനിക്ക് പൊട്ട് കുത്താന്‍ , ഇന്ദുപുഷ്പം)  ‘മിയാന്‍ കി മല്‍ഹാര്‍ ‘ എന്ന വക്ര രാഗം രചിച്ച സംഗീത ഇതിഹാസം.

ഇതൊക്കെയാണ് താന്‍സെന്‍ എങ്കിലും ആ താന്‍സെനും സംഗീതത്തില്‍ ഉന്മാദ ഗായകനായ ബൈജു ഭാവ്രയോട് തോറ്റു. രാജ്യത്തെ മികച്ച ഗായകനായി വാഴ്ത്തപ്പെട്ട, കൊട്ടാര ഗായകനായ താന്‍സെന്‍ ഒരിക്കല്‍ ബൈജു ഭാവര ഉന്മാദയായി പാടി നടക്കുന്നത് കേട്ടു. അതോടെ താന്‍ ഒന്നുമല്ല അയാള്‍ക്ക് മുന്നില്‍ എന്ന അപകര്‍ഷാ ബോധവും, അയാളെക്കാള്‍ നന്നായി തനിക്ക് പാടണം എന്ന മത്സര ബുദ്ധിയോട് കൂടിയ അസൂയയും താന്‍സെനില്‍ ജനിച്ചു.

താന്‍സെന്‍ രാപ്പകല്‍ ഇല്ലാതെ പാടിയിരുന്നിട്ടും ബൈജു ഭാവരയുടെ തലത്തില്‍ താന്‍ എത്തിയെന്ന് സ്വന്തം മനസാക്ഷിയെ പോലും ബോധിപ്പിക്കാന്‍ താന്‍സെന് കഴിഞ്ഞില്ല. ദിവസങ്ങളോളം താന്‍സെന്‍ തന്റെ പരിശ്രമം തുടര്‍ന്നു. നിരാശയായിരുന്നു ഫലം. ഒടുവില്‍ താന്‍സെന്‍ കണ്ടു മുട്ടിയ സൂഫിയോട് തന്റെ പരിഭവം പറഞ്ഞപ്പോള്‍ സൂഫി ശൈഖ് ഇങ്ങനെ മൊഴിഞ്ഞു

‘താങ്കള്‍ക്ക് ഒരിക്കലും ഭാവരെയെ പോലെ പാടാന്‍ കഴിയില്ല, അകം പൊള്ളയായ ഒരു പുല്ലാം കുഴലാണ് ബൈജു ഭാവര. അതില്‍ സംഗീതമല്ലാത്ത ഒന്നുമില്ല എന്നാല്‍ താങ്കളുടെ മനസ്സില്‍ അയാളെ തോല്‍പ്പിക്കാനുള്ള മത്സര ബുദ്ധിയാണ്. അസൂയയാണ്, അപകര്‍ഷതാ ബോധമാണ്. അത്തരം മനസ്സില്‍ ഉന്മാദത്തിന്റെ, നിഷ്‌ക്കളങ്കതയുടെ സംഗീതം നിറയില്ല. അതിനുള്ള ഇടം അവിടെയില്ല.’

രാഗങ്ങള്‍ എന്തെന്ന് അറിയാതെ, രാഗം സൃഷ്ടിച്ചവര്‍ക്ക് പോലും അറിയാത്ത ഭാവങ്ങള്‍ ആ രാഗങ്ങളിലൂടെ ബൈജു ഭാവര ഉന്മാദിയായി പാടുന്നു. സര്‍ഗാത്മകതയുടെ നീതി ബോധവും സമത്വ ഭാവനയും എത്ര സുന്ദരമാണ് അല്ലെ ?

അമേയ അതിരുകളില്ലാത്ത ഹുബ്ബിന്റെ ചിറകിലേറി പറക്കുന്ന കവിതകളുടെ ഒരു യാത്രയാണ്. അകമെ ശൂന്യമായ പുല്ലാം കുഴല്‍ പോലെ അകമെ ശൂന്യമായ ഹൃദയത്തില്‍ നിന്ന് വരുന്ന നിശ്വാസങ്ങളാണ് ഓരോ കവിതകളും. അവിടെ കവിതകള്‍ പിറക്കുന്ന നേരം അതിന് ഭാഷയില്ല പിന്നീട് ഭാഷ കണ്ട് പിടിച്ചവര്‍ക്ക് ഉള്ളില്‍ പോലും ഇല്ലാത്ത വിധമുള്ള ഹൃദയ നിശ്വാസം ഭാഷയിലേക്ക് മാറുകയാണ്.

ഹൃദയ നിശ്വാസങ്ങള്‍ക്ക് ഭാഷയുടെ തടവറയില്‍ ഒതുങ്ങി നില്‍ക്കാന്‍ കഴിയില്ല അതുകൊണ്ട് തന്നെ ഭാഷയ്ക്ക് അപ്പുറം അലിഖിതമായ പ്രണയമെന്ന ഭാഷയിലൂടെ വായിക്കുന്നവരില്‍ അത് അതിരുകളില്ലാത്ത അനുഭൂതി പകരും. സ്വാന്തനമായി – കരുതലായി – കാരുണ്യമായി, ചേര്‍ത്ത് പിടിക്കലായി അങ്ങിനെ അത് ഒഴുകി കൊണ്ട് ഇരിക്കും. അതാവട്ടെ ആരും രചിക്കുന്ന കവിതകള്‍ അല്ല ഇലാഹി പ്രണയം ശൂന്യമായ തെളിമയുള്ള ഹൃദയത്തില്‍ ഇറങ്ങുന്നത് ആണ്. അങ്ങിനെ ഇറങ്ങിയതിനെ കോറിയിടുന്ന കവികള്‍ സാധാരണ കവികളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായിരിക്കും. കവി അല്ലാമാ ഇഖ്ബാല്‍ പറഞ്ഞ വാക്കുകള്‍ ഉണ്ട്.

‘ സാധാരണ കവികള്‍ കടല്‍ കരയില്‍ ഇരുന്ന് ചൂണ്ടയിട്ട് ചെറു മീനുകളെ പിടിക്കുമ്പോള്‍ മിസ്റ്റിക് കവികള്‍ കടലിന്റെ ആഴങ്ങളില്‍ ഇറങ്ങി മുത്തും പവിഴവും എടുത്ത് വരുന്നു.’ ‘നിഖില സമീറിന്റെ അമേയയിലെ ഓരോ കവിതയിലും മുകളില്‍ ഇവയെല്ലാം അനുഭവപ്പെടും.

അറിവാണ് ഏറ്റവും വലിയ ശക്തിയെന്ന് മൊഴിഞ്ഞ ഇമാം അലിയുടെ വാക്കുകള്‍ കൂടി ഇവിടെ ഓര്‍ക്കാം. ‘ നിങ്ങളുടെ ഹൃദയത്തില്‍ നിന്ന് വരുന്ന വാക്കുകളെ മറ്റുള്ളരുടെ ഹൃദയത്തില്‍ സ്പര്‍ശിക്കൂ.’

‘മുളം തണ്ട് പോലെ ശൂന്യമായ ഹൃദയത്തില്‍ നിന്നും ഒഴുകുന്ന നിശ്വാസങ്ങള്‍ കവിതകളാവുമ്പോള്‍ അത് എങ്ങിനെ മറ്റുള്ളവരുടെ ഹൃദയങ്ങളില്‍ തൊടാതെ പോവും. മാനവികതയിലൂന്നിയ ആത്മീയ മൊഴികളാണ് അമേയയിലെ ഓരോ കവിതകളും.’ തൂലികയിലൊന്നിനും വഴങ്ങാത്തതാണ് ആത്മഭാഷ. നിര്‍വ്വചന ങ്ങളൊന്നിലും ഒതുങ്ങാത്തതാണ് ആത്മബന്ധം.’ ആത്മം എന്ന ഈ കവിതയില്‍ തന്നെ സ്വയം കോറിയിടുന്നുണ്ട് തന്റെ ഉള്ളിലെ കവിതകള്‍ ജനിക്കുന്ന നേരം ഭാഷയില്ലെന്ന്. ഉള്ളത് ആവട്ടെ ആത്മഭാഷയാണ്

‘ സുജൂദെന്നൊരറ്റ മൃദു ചുംബനത്തില്‍ ഒരേ സമയമലിയും പ്രാണന്റെ പാതികള്‍ ‘ ഒരേ പ്രാണന്‍ എന്ന ഈ കവിതയില്‍ സ്വയം അലിഞ്ഞു ഇല്ലാതാവുന്ന ( ഫനാ ) ഇലാഹി പ്രണയത്തിന്റെ കടലോളം ആഴമുള്ള അര്‍ത്ഥ തലങ്ങളുണ്ട്.

‘ മറഞ്ഞു പോയിട്ടും കാവല്‍ നില്‍ക്കുന്ന തണല്‍ മരവും തണുപ്പുമാണുപ്പാണുപ്പാ നിത്യ പ്രാണന്‍ പുതച്ചു തന്ന് ദിനവും പുതക്കും ജീവശ്വാസമാണുപ്പാ ‘ – പ്രിയപ്പെട്ടവരെ നമ്മള്‍ അനശ്വരമാക്കി നില നിര്‍ത്തേണ്ടത് അവര്‍ നമ്മളിലേക്ക് പകര്‍ന്ന് തന്ന നന്മ സഹ ജീവികളിലേക്ക് പകര്‍ന്ന് നാം നല്‍കി അവരുടെ മുഖത്തെ പുഞ്ചിരി നിറയുന്ന മുഖം കാണുമ്പോള്‍ ആണെന്ന സഹാനുഭൂതിയുടെ സന്ദേശം നല്‍കുന്ന ഉപ്പ എന്ന കവിത എത്ര ലളിതമായാണ് നമ്മോട് സംവദിക്കുന്നത്.

നിലാവ് നാണിക്കും അനുരാഗ രാത്രിയില്‍ ഒന്നായ് ഒരൊറ്റയായ് പ്രണയ നോവിനഗ്‌നിയാളും
അതിഗൂഡ യാമത്തില്‍ വെളുത്ത കുപ്പായത്തില്‍ മുട്ടുകുത്തുന്ന മുകിലായ് പെയ്‌തൊഴിയുന്നു ഞാന്‍ – എനിക്ക് കാണേണ്ടത് കഅബയെ അല്ല കഅബയുടെ നാഥനെയാണ് എന്ന ബസറിലെ ആകാശത്തിലെ നൂറായ സൂഫി രത്‌നം റാബിയയുടെ പ്രാര്‍ത്ഥനയെ ഓര്‍മ്മിപ്പിക്കുന്നതാണ് ‘തഹജ്ജുദ് ‘ എന്ന മനോഹര സൂഫി കവിത.

അര്‍ദ്ധ രാത്രിയുടെ യാമത്തില്‍ ഏകയായ് തന്റെ നാഥനോട് സുജൂദില്‍ എല്ലാം മറന്ന് പ്രണയിക്കുന്ന നേരം നിലാവ് നാണിക്കണം നിലാവിന്റെ നാഥനെയാണല്ലോ സുജൂദില്‍ പുല്‍കുന്നത് എന്ന മൊഴികള്‍ ഹുബ്ബിന്റെ ആഴങ്ങളില്‍ നിന്ന് ഒഴുകി വരുന്നതാണ്. പ്രണയ നോവിന്റെ അഗ്‌നിയാളുന്ന നേരം ഒന്നായിരിക്കുക ‘ റൂഹിനെ ‘ തങ്കമാക്കാക്കുന്ന ആല്‍ക്കമിസ്റ്റായി മാറുന്ന സ്വര്‍ഗ്ഗീയ അവസ്ഥ. സുജൂദില്‍ കണ്ണീരായ് പെയ്‌തൊഴിയുന്നത് ആവട്ടെ നാഥനും തനിക്ക് ഇടയിലുമുള്ള ദൂരമായ കാര്‍മേഘങ്ങള്‍. കുറഞ്ഞ വാക്കുകളില്‍ എത്ര വലിയ അര്‍ത്ഥങ്ങളാണ് ഒളിച്ചു വെച്ചിരിക്കുന്നത്

‘ എവിടെയെല്ലാമലഞ്ഞു ആരിലെല്ലാം തിരഞ്ഞു ഒടുവില്‍ നീ അനുഭവമാക്കി ഉള്ളില്‍ തന്നെയുണ്ടെന്ന് എല്ലാമെല്ലാം ഉള്ളിലെന്ന് ഒന്നെന്ന അന്‍പെന്ന് ‘- തിരച്ചില്‍ എന്ന ഈ കവിത സൂഫി ശൈഖ് ഇബ്‌നു അറബിയുടെ മൊഴികള്‍ അനുസ്മരിപ്പിക്കുന്നത് ആണ്.

ഞാന്‍ എന്റെ ജീവിതം തന്നെ ഒരു പരീക്ഷണമാക്കി എന്നിലേക്ക് തന്നെ എന്നിലൂടെ നടന്നു അവിടെ ഞാന്‍ ‘ അല്ലാഹുവിനെ കണ്ടെത്തി ഇനി നിങ്ങള്‍ പുറത്ത് ഇത് പോലെ ജീവിതമെന്ന പരീക്ഷണം കൊണ്ട് അന്വേഷിച്ചു നടന്നാല്‍ നിങ്ങള്‍ക്കും അ അറിവുകള്‍ ലഭിക്കും. അത് അല്ലാഹുവിനെ പറ്റിയുള്ള അറിവ് ആയിരിക്കില്ല അവന്റെ സൃഷ്ടിപ്പായ പ്രപഞ്ചത്തിനെ പറ്റിയുള്ള അറിവ് ആയിരിക്കും എന്ന ഇബ്‌നു അറബിയുടെ മഹത്തായ ആത്യാത്മീക ഫിലോസഫി ഈ കവിതയില്‍ സര്‍ഗാത്മകമായി വായിക്കാം.

അറുപത്തി ആറ് കവിതകളുള്ള അമേയയിലെ ഓരോ കവിതയും അതിരുകളില്ലാത്ത ആകാശത്തേക്ക് നമ്മുടെ ഹൃദയത്തെയും ചിന്താ മണ്ഡലത്തെയും ഒരു പോലെ കൂട്ടി കൊണ്ട് പോവുന്നതാണ്. ഹൃദയാന്തരങ്ങള്‍ ഒഴിഞ്ഞ പാത്രമായി നാഥനെ ഓര്‍ക്കുന്ന പെയ്തിടുന്ന പനിനീര്‍ മഴ മാഷിയാക്കി കോറിയിട്ട നാഥന്റെ അപദാനങ്ങള്‍ എന്ന് തന്നെ പറയാം.

ഓരോ കവിതക്ക് ഒപ്പം നിഖില സമീറിന്റെ മകള്‍ ഫാത്തിമ സെഹ്റ വരച്ച ചിത്രങ്ങളെ പറ്റിയും പറയേണ്ടതുണ്ട്. കവിതകളുടെ ആത്മാവ് അറിഞ്ഞ ചിത്രങ്ങളാണ് ഓരോന്നും. ഇത് കവിതകള്‍ക്ക് ഇരട്ടി മധുരം നല്‍കുന്നു.

ബൈജു ബാവരയുടെ ഒഴിഞ്ഞ ഒഴിഞ്ഞ ഹൃദയ പുല്ലാം കുഴലില്‍ നിന്ന് ഒഴുകിയ സ്വരങ്ങള്‍ എത്ര മനോഹരം ആണോ അത്രക്ക് മനോഹരമാണ് നിഖില സമീറിന്റെ ഒഴിഞ്ഞ ഹൃദയത്തില്‍ നിന്ന് ഒഴുകിയ ആത്മഭാഷണങ്ങള്‍. നമ്മള്‍ അതിന് കവിതകള്‍ എന്ന ഓമന പേരിട്ടു എന്നേ ഉള്ളു.

നാസര്‍ മാലിക്‌

We use cookies to give you the best possible experience. Learn more