national news
ക്ഷമ നശിച്ചു, സ്ഥാനാര്‍ത്ഥിയെ പെട്ടന്ന് പ്രഖ്യാപിക്കണം; അമേഠിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കുത്തിയിരിപ്പ് സമരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Apr 30, 02:14 pm
Tuesday, 30th April 2024, 7:44 pm

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ അമേഠിയില്‍ ലോക്‌സഭാ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കുത്തിയിരിപ്പ് സമരം. തങ്ങളുടെ ക്ഷമ നശിച്ചെന്നും സ്ഥാനാര്‍ത്ഥിയെ ഉടന്‍ പ്രഖ്യാപിക്കണമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

ചൊവ്വാഴ്ച അമേഠിയിലെ കോണ്‍ഗ്രസ് ഓഫീസിന് പുറത്താണ് പ്രതിഷേധ സമരം നടന്നത്. യു.പിയിലെ അമേഠി, റായ്ബറേലി മണ്ഡലങ്ങളിലേക്ക് കോണ്‍ഗ്രസ് ഇതുവരെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല.

രാഹുല്‍ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ അമേഠിയില്‍ മത്സരിക്കണമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആവശ്യം. വൈകാതെ തന്നെ ഇരു മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും തീരുമാനം നീണ്ട് പോകുന്നതാണ് പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്.

ബുധനാഴ്ച തന്നെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാകുമെന്ന് നേതാക്കള്‍ പ്രവര്‍ത്തകര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. ബുധനാഴ്ച തന്നെ രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്നാണ് പ്രവര്‍ത്തകരുടെ വിലയിരുത്തല്‍.

എന്നാല്‍ ഈ കാര്യത്തില്‍ ഇതുവരെ നേതൃത്വത്തില്‍ നിന്ന് ഒരു പ്രതികരണവും ലഭിച്ചിട്ടില്ല. കാത്തിരിക്കണമെന്ന് മാത്രമാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം സംബന്ധിച്ച ചോദ്യത്തിന് എ.ഐ.സി.സി നല്‍കുന്ന വിശദീകരണം.

മെയ് മൂന്നാണ് അമേഠിയിലും റായ്ബറേലിയിലും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയ്യതി. ഹിന്ദി ഹൃദയഭൂമിയില്‍ നിന്ന് ബി.ജെ.പിക്കെതിരെ ശക്തമായ മത്സരം കാഴ്ചവെക്കേണ്ടത് അനിവാര്യമായതിനാല്‍ രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശില്‍ നിന്ന് മത്സരിക്കുമെന്ന് തന്നെയാണ് വിശ്വസിക്കുന്നതെന്ന് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചു.

Content Highlight: Amethi Congress Wants Candidate Announced