സ്മൃതി ഇറാനിക്കുവേണ്ടി സജീവ പ്രചാരണം നടത്തിയ പ്രാദേശിക ബി.ജെ.പി നേതാവ് വെടിയേറ്റുമരിച്ചു
D' Election 2019
സ്മൃതി ഇറാനിക്കുവേണ്ടി സജീവ പ്രചാരണം നടത്തിയ പ്രാദേശിക ബി.ജെ.പി നേതാവ് വെടിയേറ്റുമരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 26th May 2019, 10:13 am

അമേഠി: ഉത്തര്‍പ്രദേശിലെ അമേഠിയില്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി സ്ഥാനാര്‍ഥിയുമായ സ്മൃതി ഇറാനിക്കുവേണ്ടി പ്രചാരണം നടത്തിയ പ്രാദേശിക ബി.ജെ.പി നേതാവ് വെടിയേറ്റുമരിച്ചു. അമേഠിയിലെ ബറൗലിയയിലെ മുന്‍ ഗ്രാമമുഖ്യനായ സുരേന്ദ്ര സിങ്ങാണു കൊല്ലപ്പെട്ടത്.

ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ വീട്ടില്‍വെച്ചായിരുന്നു സംഭവം. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൃത്യത്തിനു പിന്നിലുള്ള ഉദ്ദേശ്യം വ്യക്തമായിട്ടില്ലെന്നും സംശയം തോന്നിയ ചിലരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. രാഷ്ട്രീയമായ കാരണങ്ങളാല്‍ മുന്‍പുണ്ടായ ഏതോ തര്‍ക്കമായിരിക്കാം കാരണമെന്ന് അമേഠി എസ്.പി രാജേഷ് കുമാര്‍ സംശയം പ്രകടിപ്പിച്ചു.

മുന്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ 2015-ല്‍ സന്‍സദ് ആദര്‍ശ് ഗ്രാം യോജന പ്രകാരം ദത്തെടുത്ത ഗ്രാമമായിരുന്നു ബറൗലിയ. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാന്‍ വേണ്ടി മാത്രമാണ് സുരേന്ദ്ര സിങ് ഗ്രാമമുഖ്യന്റെ സ്ഥാനം രാജിവെച്ചത്. പൊതുയോഗങ്ങളില്‍ സ്മൃതി ഇറാനി സുരേന്ദ്ര സിങ്ങിനെ അഭിനന്ദിച്ച സംഭവം പോലുമുണ്ടായിട്ടുണ്ട്. മണ്ഡലത്തില്‍ സ്മൃതിയുടെ വിവാദമായ ചെരിപ്പ് വിതരണത്തിന്റെ ചുക്കാന്‍ പിടിച്ചതും സുരേന്ദ്രസിങ്ങാനായിരുന്നു.

അമേഠിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അമ്പതിനായിരത്തിലധികം വോട്ടുകള്‍ക്കാണ് സ്മൃതി പരാജയപ്പെടുത്തിയത്. കോണ്‍ഗ്രസിന്റെ കുത്തക മണ്ഡലമെന്ന് അവകാശപ്പെട്ടിരുന്ന ഒന്നായിരുന്ന അമേഠി.

അമേഠിയില്‍ പരാജയപ്പെട്ടതും രാജ്യത്തുടനീളം കോണ്‍ഗ്രസ് ദയനീയമായ തോല്‍വി ഏറ്റുവാങ്ങിയതും രാഹുലിന്റെ രാജിപ്രഖ്യാപനത്തിലേക്കു വരെ കാര്യങ്ങള്‍ എത്തിക്കുമെന്ന പ്രതീതി ഇന്നലെവരെയുണ്ടായിരുന്നു. എന്നാല്‍ രാജിസന്നദ്ധത അറിയിച്ച രാഹുലിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി ഇടപെട്ട് തിരുത്തിക്കുകയായിരുന്നു. രാഹുല്‍ രാജിവെയ്‌ക്കേണ്ട സാഹചര്യമില്ലെന്ന നിലപാടിലാണു മുതിര്‍ന്ന നേതാക്കള്‍ എത്തിയത്.