| Wednesday, 11th January 2017, 1:36 pm

നോട്ടുനിരോധനം വന്‍വിജയമെന്ന് ഇപ്പോഴും മോദി അവകാശപ്പെടുന്നത് എന്നെ അത്ഭുതപ്പെടുന്നു: അമര്‍ത്യാസെന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അഴിമതിക്കെതിരെ പോരാടുകയെന്ന ലക്ഷ്യത്തിനുവേണ്ടിയായാലും കറന്‍സി രഹിത സമ്പദ് വ്യവസ്ഥയ്ക്കുവേണ്ടിയായാലും നോട്ടുനിരോധനം മോദി സര്‍ക്കാറിന്റെ ഏറ്റവും വലിയ അബദ്ധമാണെന്ന് സാമ്പത്തിക വിദഗ്ധനും നോബേല്‍ പുരസ്‌കാര ജേതാവുമായ അമര്‍ത്യാസെന്‍. ഇന്ത്യാ ടുഡേയ്ക്കുവേണ്ടി മാധ്യമപ്രവര്‍ത്തകര്‍ കരണ്‍ താപര്‍ നടത്തിയ അഭിമുഖത്തിലാണ് അമര്‍ത്യാസെന്‍ നോട്ടുനിരോധനവുമായി ബന്ധപ്പെട്ട തന്റെ നിലപാടുകള്‍ വിശദീകരിച്ചത്.

കള്ളപ്പണത്തിന്റെ ആറോ ഏഴോ ശതമാനം മാത്രമേ കറന്‍സി രൂപത്തിലുണ്ടാവൂ. അത് തിരിച്ചുകൊണ്ടുവരാന്‍ വേണ്ടി രാജ്യത്തെ 86% കറന്‍സികളും നിരോധിച്ച നടപടി തന്നെ ഞെട്ടിച്ചെന്നും അദ്ദേഹം പറഞ്ഞു.


Must Read: നല്ല ഭക്ഷണം കിട്ടുന്നില്ലെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ട ജവാനെക്കുറിച്ച് തിങ്കളാഴ്ച വൈകുന്നേരം മുതല്‍ യാതൊരു വിവരവുമില്ലെന്ന് ഭാര്യ


” ഈ കണക്കുകളെല്ലാം പ്രധാനമന്ത്രിയും അറിഞ്ഞിരിക്കണം. കറന്‍സി രൂപത്തില്‍ ആറോ ഏഴോ ശതമാനം കള്ളപ്പണം മാത്രമുണ്ടാവുമ്പോള്‍ എങ്ങനെയാണ് നമുക്ക് നോട്ടുനിരോധനം വന്‍വിജയമെന്ന് അവകാശപ്പെടാനാവുക? ഇതെന്നെ അത്ഭുതപ്പെടുത്തുന്നു” കള്ളപ്പണത്തെ തുറന്നുകാട്ടാന്‍ രാജ്യത്തെ 86% നോട്ടുകളും പിന്‍വലിക്കുകയെന്നത് നല്ലതാണോ എന്ന ചോദ്യത്തോട് പ്രതികരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ വലിയൊരു വിഭാഗം ആളുകളെ നോട്ടുനിരോധനം ബാധിച്ചിട്ടുണ്ട്. ഇത് മോദിയുടെ നെപ്പോളിയന്‍ മുന്നേറ്റമാണ്. എന്നിട്ടും ഒരു വിഭാഗം മോദിയെ പിന്തുണയ്ക്കുന്നതിനു കാരണം ജനങ്ങളെ സ്വാധീനിക്കാനുള്ള മോദിയെന്ന രാഷ്ട്രീയക്കാരന്റെ കഴിവാണെന്നും അദ്ദേഹം വിശദീകരിക്കുന്നു.

നോട്ടുനിരോധനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നല്‍കിയ ഉത്തരവ് അക്ഷരംപ്രതി പാലിക്കുകയാണ് ആര്‍.ബി.ഐ ചെയ്തത്. കള്ളപ്പണം ഇല്ലാതാക്കുകയെന്ന ലക്ഷ്യം പരാജയപ്പെട്ടതോടെ അഴിമതിക്കെതിരാണെന്ന് സര്‍ക്കാര്‍ പറഞ്ഞു. എന്നാല്‍ കള്ളപ്പണവും അഴിമതിയുമെല്ലാം രാജ്യത്ത് മുമ്പത്തെ പോലെ തന്നെ തുടരുമെന്നും അമര്‍ത്യാസെന്‍ വ്യക്തമാക്കി.


Must Read:‘ഹിന്ദു മത സംസ്‌കാര പ്രകാരം ഒരാള്‍ തന്റെ അമ്മയ്ക്കും ഭാര്യയ്ക്കുമൊപ്പമാണ് ജീവിക്കേണ്ടത്’: മോദിയ്ക്ക് ഉപദേശവുമായി കെജ്രിവാള്‍


“മോദി മികച്ച രാഷ്ട്രീയ നേതാവാണ്. അക്കാര്യത്തില്‍ യാതൊരു സംശയവുമില്ല. അദ്ദേഹത്തിന് ജനങ്ങളെ പറഞ്ഞ് സ്വാധീനിക്കാന്‍ കഴിയും. അതുകൊണ്ട് മോദി മാജിക് നിലനില്‍ക്കുന്നു. അതേസമയം നോട്ടുനിരോധനം നെപ്പോളിയന്‍ മുന്നേറ്റമാണെന്ന കാര്യത്തില്‍ സംശയമില്ല.” അമര്‍ത്യാസെന്‍ വിശദീകരിക്കുന്നു.

“റഷ്യയെ റെയ്ഡ് ചെയ്യാനുള്ള ശ്രമത്തിനുശേഷം തിരിച്ചുവരും വഴി നെപ്പോളിയന്‍ പറഞ്ഞത് സത്യത്തില്‍ ഒന്നും ചെയ്യാന്‍ പോയതല്ല എന്നാണ്. റഷ്യന്‍ കൊടുമുടികളിലൂടെ ഒരു ഉല്ലാസയാത്രമാത്രമായിരുന്നു തന്റെ ലക്ഷ്യമെന്നുമാണ്.” അദ്ദേഹം വ്യക്തമാക്കി.

19ാം നൂറ്റാണ്ടിലെ ഫ്രഞ്ച് ചക്രവര്‍ത്തിയായിരുന്ന നെപ്പൊളിയന്‍ സ്വന്തം പ്രചരണങ്ങളിലൂടെ ഒരിക്കലും തെറ്റുപറ്റാത്ത ആളാണ് താനെന്ന ഇമേജ് സൃഷ്ടിക്കുന്ന കാര്യത്തില്‍ വിദഗ്ധനായാണ് അറിയപ്പെടുന്നത്. സ്വന്തം വിജയങ്ങളെ മൂലധനമാക്കി അദ്ദേഹം വന്‍ പൊതുജന പിന്തുണ നേടിയെടുത്തു. തന്റെ നേട്ടങ്ങളെ വലിയ തോതില്‍ പെരുപ്പിച്ചുകാട്ടുന്നതിലും വിദഗ്ധനായിരുന്നു നെപ്പോളിയന്‍.

We use cookies to give you the best possible experience. Learn more