ജനാധിപത്യത്തിൽ അമേരിക്കൻ ജനതയുടെ സംതൃപ്തി ഏറ്റവും താഴ്ന്ന നിലയിൽ; ഗാലപ്പ് സർവേ
World News
ജനാധിപത്യത്തിൽ അമേരിക്കൻ ജനതയുടെ സംതൃപ്തി ഏറ്റവും താഴ്ന്ന നിലയിൽ; ഗാലപ്പ് സർവേ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 6th January 2024, 5:38 pm

വാഷിങ്ടൺ: യു.എസിലെ ജനങ്ങൾ ജനാധിപത്യ രീതിയിൽ സംതൃപ്തരല്ലെന്ന് ഗാലപ്പ് സർവേ ഫലം.

അമേരിക്കയിലെ ജനങ്ങളിൽ 28 ശതമാനം ആളുകൾ മാത്രമാണ് ജനാധിപത്യ വ്യവസ്ഥയിൽ സംതൃപ്തരെന്ന് സർവേ പറയുന്നു. 2021 ജനുവരിയിൽ ക്യാപിറ്റോൾ ആക്രമണത്തിന് പിന്നാലെ നടത്തിയ സർവേയിൽ ഇത് 35 ശതമാനമായിരുന്നു.

1984ന് ശേഷം ഗാലപ്പ് ഒമ്പത് തവണ സർവേ നടത്തിയിരുന്നു.

1992ൽ 48 ശതമാനം യു.എസ് ജനതയായിരുന്നു ജനാധിപത്യത്തിൽ സംതൃപ്തി അറിയിച്ചത്.

വില കയറ്റത്തെ തുടർന്നുള്ള സാമ്പത്തിക അസ്ഥിരതയാണ് കഴിഞ്ഞ രണ്ടു വർഷങ്ങളായി കാണുന്ന ഇടിവിൽ പ്രതിഫലിക്കുന്നതെന്ന് ഗാലപ്പ് പറയുന്നു.

കഴിഞ്ഞ 40 വർഷത്തിനിടയിൽ അമേരിക്കൻ ജനത യു.എസിന്റെ ജനാധിപത്യ വ്യവസ്ഥയിൽ ഏറ്റവുമധികം നിരാശ പ്രകടിപ്പിക്കുന്നത് ഇപ്പോഴാണെന്നും സർവേ ചൂണ്ടിക്കാണിച്ചു.

ഈ വർഷം നവംബറിൽ യു.എസ് പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്നതിനിടയിലാണ് സർവ്വേ ഫലം പുറത്തുവന്നത്.

2023 ഡിസംബറിൽ അമേരിക്കയിലെ 50 സംസ്ഥാനങ്ങളിൽ നിന്നും വാഷിങ്ടൺ ഡി.സിയിൽ നിന്നും 1013 സാമ്പിളുകളിലാണ് സർവേ നടത്തിയത്.

2022ൽ ക്വിന്നിപ്പിയാക് സർവ്വകലാശാല നടത്തിയ മറ്റൊരു സർവ്വേയിൽ 69 ശതമാനം ഡെമോക്രാറ്റുകളും 69 ശതമാനം റിപ്പബ്ലിക്കന്മാരും രാജ്യത്തെ ജനാധിപത്യം തകർച്ചയുടെ വക്കിലാണെന്ന് വിശ്വസിക്കുന്നതായി കണ്ടെത്തിയിരുന്നു.

Content Highlight: Americans’ satisfaction with democracy hits record low: Poll