കണ്ണൂര്‍: സി.പി.ഐ.എമ്മിനെ തകര്‍ക്കാന്‍ പോസ്റ്റ് മോഡേണ്‍ എന്ന പേരില് അമേരിക്കന്‍ യൂണിവേഴ്‌സിറ്റികള്‍ പ്രത്യേക പരിശീലനം നടത്തുന്നതായി സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്‍.
ഇത്തരത്തില്‍ യു.എസ് സര്‍വകലാശാലകളില്‍ നിന്ന് പരിശീലനം ലഭിച്ചവര്‍ രാജ്യത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇ.പി. ജയരാജന്‍ ആരോപിച്ചു. പാര്‍ട്ടിയുടെ പാപ്പിനശ്ശേരി ഏരിയ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.പി.ഐ.എം എന്ന പാര്‍ട്ടിയെ തകര്‍ക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗമാണിതെന്നും ഇപ്പോള്‍ അതാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും ജയരാജന്‍ പറഞ്ഞു. ‘ഇതൊരു ചെറിയ പരിപാടിയല്ല. ഇത്തരത്തില്‍ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ തകര്‍ക്കാന്‍ പോസ്റ്റ് മോഡേണ്‍ എന്ന പേരില് അമേരിക്കന്‍ യൂണിവേഴ്‌സിറ്റികള്‍ പരിശീലനം കൊടുത്തിറക്കുന്ന ആളുകള്‍ ഇവിടെ അവരുടെ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുകയാണ്.
ഇവിടെ അവര്‍ക്ക് തകര്‍ക്കാനുള്ളത് സി.പി.ഐ.എമ്മിനെയാണ്. കാരണം സി.പി.ഐ.എം തകര്‍ന്നാല്‍ ഇവിടെ വലതുപക്ഷ ശക്തികള്‍ക്ക് എളുപ്പത്തില്‍ വളരാന്‍ സാധിക്കും. അതാണ് അവര്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്,’ ഇ.പി. പറഞ്ഞു. ലോകത്തിലെ പല കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളേയും തകര്‍ത്തത് ഈ വിധത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിലെ തത്വങ്ങളെ എല്ലാം അനുസരിച്ച് ജീവിക്കുന്ന പാര്‍ട്ടിയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെന്നും ഈ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ മാധ്യമങ്ങളെ ഉപയോഗിക്കുകയാണെന്നും എന്നാല്‍ പാര്‍ട്ടിയെ തകര്‍ക്കാന് ആരേയും അനുവദിക്കില്ലെന്നും ജയരാജന്‍ പറഞ്ഞു.
Content Highlight: American universities send people to destroy CPIM says E.P Jayarajan