| Thursday, 22nd November 2018, 9:13 am

ആൻഡമാനിലെ 'സെന്റിനൽ' ഗോത്രവർഗ്ഗത്തെ സന്ദർശിച്ച അമേരിക്കക്കാരന് ദാരുണാന്ത്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആൻഡമാൻ: ആൻഡമാനിലെ “സെന്റിനൽ” ഗോത്രവർഗ്ഗത്തെ സന്ദർശിച്ച് ക്രിസ്ത്യൻ മതം പ്രചരിപ്പിക്കാൻ ശ്രമിച്ച അമേരിക്കൻ പൗരൻ ജോൺ അലൻ ചൗ കൊല്ലപ്പെട്ടു. അമ്പും വില്ലും ഉപയോഗിച്ച് സെന്റിനൽ ഗോത്രവർഗം ഇയാളെ കൊല ചെയ്തത്. 27 വയസ്സുകാരനായ ചൗ ടൂറിസ്റ്റ് വിസയിലാണ് ഇന്ത്യ സന്ദർശിക്കാനെത്തിയത്. പുറം ലോകവുമായി യാതൊരു സമ്പർക്കവും പുലർത്താത്തവരാണ് “സെന്റിനൽസ്”. പുറത്ത് ഇന്നും ഇവരെ തേടി എത്തുന്നവരെ അടുപ്പിക്കില്ലായെന്നു മാത്രമല്ല, അപായപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ ഇവരെക്കുറിച്ച് അധികം വിവരങ്ങളും ഇതുവരെ അറിയാൻ കഴിഞ്ഞിട്ടില്ല.

Also Read പമ്പയില്‍ തടഞ്ഞത് കേന്ദ്രമന്ത്രിയുടെ വാഹനമല്ലെന്ന് പൊലീസ്

നവംബർ 16നാണു ചൗ വടക്കൻ സെന്റിനൽ ദ്വീപിൽ എത്തിച്ചേരുന്നത്. ഏറെ നാളുകളായി സെന്റിനലുകളുമായി ആശയവിനിമയം നടത്താൻ ചൗ ശ്രമം നടത്തിയിരുന്നു. ഏതാണ്ട് 5 തവണയോളം ഇവരെ കാണുക എന്ന ഉദ്ദേശത്തോടെ ചൗ ആൻഡമാനിൽ സെന്റിനൽ ദ്വീപിലേക്ക് യാത്ര ചെയ്തിരുന്നു. ഇവരിലേക്ക് ക്രിസ്ത്യൻ മതത്തെ എത്തിക്കുക എന്നതായിരുന്നു ചൗവിന്റെ ലക്‌ഷ്യം. ചൗവിനെ നിയമവിരുദ്ധമായി ദ്വീപിലേക്ക് എത്തിച്ച അഞ്ച് മത്സ്യതൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ കനോവിലാണ് ചൗ ദ്വീപിലേക്ക് ചെന്നതെന്നും, വഴിക്കു വെച്ചു ഇയാളെ കണ്ട സെന്റിനൽസ് അമ്പെയ്ത് ചൗവിനെ കൊല്ലുകയായിരുന്നുവെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു.

Also Read മഹാസഖ്യം അവരെ പരിഭ്രാന്തരാക്കി; അസംബ്ലി പിരിച്ചുവിട്ട നടപടിക്കെതിരെ മെഹ്ബൂബ മുഫ്തി

ചൗവിനെ അമ്പെയ്ത് വീഴ്ത്തിയ ശേഷം സെന്റിനൽസ് ഇയാളെ കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ട്പോകുന്നത് കണ്ടതായും അറസ്റ്റിലായ മത്സ്യതൊഴിലാളികൾ പറഞ്ഞു. ചൗവിനായി ദ്വീപ് അധികാരികൾ ഹെലികോപ്റ്ററിൽ തിരച്ചിൽ നടത്തും. എന്നാൽ അങ്ങേയറ്റം അക്രമകാരികളായ ഗോത്രവർഗ്ഗക്കാരുടെ കൈയിൽ നിന്നും ചൗവിന്റെ മൃതശരീരം കണ്ടെടുക്കുക എന്നത് അങ്ങേയറ്റം ദുർഘടമായ ദൗത്യമാണെന്നാണ് ഇവർതന്നെ പറയുന്നത്. “ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേണി”ന്റെ മിഷണറിയാണ് കൊല്ലപ്പെട്ട ചൗ.

ഇതാദ്യമായല്ല ആൻഡമാനിൽ ഗോത്രവർഗങ്ങളുമായി പുറം ലോകത്ത് നിന്നും എത്തുന്നവർ ആശയവിനിമയത്തിന് ശ്രമിക്കുന്നത്. മുൻപും നിയമവിരുദ്ധമായി പ്രത്യേക സംരക്ഷിത മേഖലയായ ഈ ദ്വീപുകളിൽ കടന്നുകയറാൻ വിനോദസഞ്ചാരികളും മറ്റും ശ്രമിച്ചിട്ടുണ്ട്. കൈക്കൂലിയും മറ്റും കൊടുത്തതാണ് മിക്കവരും ഇത് സാധിച്ചെടുക്കുക.

We use cookies to give you the best possible experience. Learn more