| Tuesday, 14th December 2021, 9:11 pm

അതിര്‍ത്തി കടന്നുവരുന്നയാളെ വെടിവെച്ച് വീഴ്ത്തുന്ന ഡ്രോണ്‍; അമേരിക്കന്‍ സ്റ്റാര്‍ട്ട്അപ് കമ്പനിയുടെ 'വംശീയ-കുടിയേറ്റവിരുദ്ധ ഫാന്റസി വീഡിയോ' വിവാദമാകുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഒരു ടെക് സ്റ്റാര്‍ട്ട്അപ് കമ്പനിയുടെ വീഡിയോ കുടിയേറ്റവിരുദ്ധ ചിത്രീകരണത്തിന്റെ പേരില്‍ വിമര്‍ശിക്കപ്പെടുന്നു.

തോക്കേന്തിയ ഒരു ഡ്രോണ്‍ യു.എസ്-മെക്‌സിക്കോ അതിര്‍ത്തി കടന്ന് വരുന്ന കുടിയേറ്റക്കാരനെ ആക്രമിക്കുന്നതാണ് വീഡിയോ. സംശയാസ്പദമായ സാഹചര്യത്തില്‍ അതിര്‍ത്തി കടന്ന് അമേരിക്കയിലെത്തുന്നവരെ നേരിടാന്‍ എന്ന പരസ്യത്തോടെയാണ് വീഡിയോ തയാറാക്കിയത്.

ബ്രിന്‍ക് എന്ന സ്റ്റാര്‍ട്ട്അപ് കമ്പനിയുടെ ഉല്‍പന്നമായ ഡ്രോണ്‍ കുടിയേറ്റക്കാരെ പിന്തുടരാനും കണ്ടുപിടിക്കാനും ചോദ്യം ചെയ്യാനുമെല്ലാം എങ്ങനെയൊക്കെ ഉപയോഗപ്പെടുത്താം എന്ന് കാണിക്കുന്നതിനാണ് വീഡിയോ തയാറാക്കിയിരിക്കുന്നത്.

‘ജോസ്’ എന്ന പേരില്‍ വിളിക്കപ്പെടുന്ന വീഡിയോയിലെ കഥാപാത്രം മരുഭൂമിയിലൂടെ നടക്കുന്നതും ഡ്രോണ്‍ അടുത്തെത്തുന്നതും തിരിച്ചറിയല്‍ രേഖ കാണിക്കാന്‍ വിസമതിച്ചതിനെത്തുടര്‍ന്ന് ഡ്രോണിലെ ഇലക്‌ട്രോണിക് തോക്ക് ഉപയോഗിച്ച് ജോസിനെ വീഴ്ത്തുന്നതുമാണ് വീഡിയോയിലുള്ളത്.

വീഡിയോയ്‌ക്കെതിരെ കുടിയേറ്റക്കാരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകളും മറ്റും രംഗത്തെത്തിയിട്ടുണ്ട്.

”ഇതൊരു വംശീയ ഫാന്റസിയും മനുഷ്യത്വരഹിതമായ പൊലീസിങ്ങുമാണ്. ഇത് ഒരിക്കലും ഉപയോഗിക്കാന്‍ പാടില്ല.

ഞങ്ങള്‍ ജനങ്ങളുടെ നികുതിപ്പണം ഇത്തരത്തിലൊരു ആയുധം നിര്‍മാണത്തില്‍ നിക്ഷേപിക്കില്ലെന്ന് ആഭ്യന്തര സുരക്ഷാ വിഭാഗം ഉറപ്പ് തരണം,” കുടിയേറ്റക്കാരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന മിഷെന്തെ എന്ന സംഘടനയുടെ സീനിയര്‍ ക്യാംപെയിന്‍ ഡയറക്ടര്‍ ജെസീന്ത ഗോണ്‍സാലെസ് പ്രതികരിച്ചു.

ബ്ലേക്ക് റെസ്‌നിക് ആണ് ബ്രിന്‍ക് കമ്പനിയുടെ സ്ഥാപകനും സി.ഇ.ഒയും.

2018ലാണ് ഈ വീഡിയോ നിര്‍മിച്ചത്. അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കുടിയേറ്റവിരുദ്ധ നിലപാടുകളായിരുന്നു സ്വീകരിച്ചിരുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: American tech startup’s video shows a stun gun-armed drone attacking a migrant, invites criticism

We use cookies to give you the best possible experience. Learn more