ഇസ്രഈലിനോട് അമേരിക്കയുടെ അനുകൂല നിലപാട്: യു.എസ് സര്‍വകലാശാലകളില്‍ വിദ്യാര്‍ത്ഥികളുടെ വാക്കൗട്ട്
World News
ഇസ്രഈലിനോട് അമേരിക്കയുടെ അനുകൂല നിലപാട്: യു.എസ് സര്‍വകലാശാലകളില്‍ വിദ്യാര്‍ത്ഥികളുടെ വാക്കൗട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 26th October 2023, 1:37 pm

വാഷിങ്ടണ്‍: ഇസ്രഈലിനോടുള്ള അനുകൂല നിലപാടില്‍ പ്രതിഷേധിച്ച് അമേരിക്കയിലെ സര്‍വകലാശാലകളിലെയും സ്‌കൂളുകളിലെയും വിദ്യാര്‍ത്ഥികള്‍ ക്ലാസുകള്‍ ബഹിഷ്‌കരിച്ചു. ഇസ്രഈല്‍ സൈന്യത്തിന് ധനസഹായം ഏര്‍പ്പെടുത്തുന്നതിലും ആക്രമണത്തിന് പിന്തുണ നല്‍കുന്നതിലും വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം അറിയിച്ചു.

ഫലസ്തീന്‍ നാഷണല്‍ സ്റ്റുഡന്റസ് ഫോര്‍ ജസ്റ്റിസ് ഡിസ്സെന്‍ട്ടേഴ്സ് എന്ന സംഘടനയുടെ നേതൃത്വത്തില്‍ പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയിലെയും കൊളംബിയ സര്‍വകലാശാലയിലേയും ആയിരത്തിലധികം വിദ്യാര്‍ത്ഥികളാണ് വാക്കൗട്ട് റാലി നടത്തിയത്.

പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ കേര്‍ണല്‍ റൊണാള്‍ഡ് വെസ്റ്റ് യു.എസ്.എല്‍.എയിലെ പ്രതിഷേധ റാലിയില്‍ പങ്കെടുക്കുമെന്ന് എക്‌സില്‍ കുറിച്ചിരുന്നു.

ഗസക്കെതിരായ വംശഹത്യയും പ്രാകൃതവുമായ ആക്രമണത്തിനെതിരെയും ഫലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളെയും കാണാന്‍ വേണ്ടിയുള്ള യാത്രയിലാണ് താനെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.

ന്യൂയോര്‍ക്ക് സര്‍വകലാശാല (എന്‍.വൈ.യു)ലെ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ ‘ഫ്രീ പലസ്തീന്‍ എന്ന് മുദ്രവാക്യം വിളിക്കുകയും തങ്ങള്‍ക്ക് സ്വാതന്ത്ര്യവും തുല്യ അന്തസ്സും അവകാശങ്ങളും, ഇരു രാജ്യങ്ങള്‍ക്കും തുല്യപദവിയും നല്‍കണമെന്നെഴുതിയ പോസ്റ്ററുകള്‍ പിടിച്ച് തെരുവിലിറങ്ങി.

തങ്ങളുടെ സ്ഥാപനങ്ങള്‍ ഫലസ്തീനിലെ ആക്രമണത്തില്‍ നിക്ഷേപം നടത്തുകയാണെന്നും തങ്ങളുടെ പണവും മറ്റും ഇസ്രഈലിന്റെ ആക്രമണത്തെയും അധിനിവേശത്തെയും സഹായിക്കുന്നുവെന്നും എന്‍.വൈ.യുവിന്റെ പ്രസ്താവനയില്‍ പറഞ്ഞു. അവര്‍ ഞങ്ങളെ നിശ്ശബ്ദരാക്കാന്‍ ശ്രമിക്കുകയാണെന്നും, കാരണം അവര്‍ക്ക് തങ്ങളെ ഭയമാണെന്നും എന്‍.വൈ.യു പ്രവര്‍ത്തകര്‍ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

ഫലസ്തീന്‍ വിമോചനത്തിനായുള്ള സംഘടനയെന്ന നിലയില്‍ തങ്ങള്‍ വിയോജിപ്പ് പ്രകടിപ്പിക്കുന്നുവെന്നും ഇസ്രഈല്‍ ആക്രമണത്തിനുള്ള പിന്തുണ അവസാനിപ്പിക്കാന്‍ തങ്ങളുടെ സ്ഥാപനങ്ങളെ നിര്‍ബന്ധിക്കാനുള്ള അധികാരവും കടമയും തങ്ങള്‍ക്കുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടി.

2022ലെ ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ടില്‍ ഇസ്രഈലിനെ വര്‍ണവിവേചനം പ്രചരിപ്പിക്കുന്ന രാഷ്ട്രമായി മുദ്രക്കുത്തിയതിന് ശേഷം സര്‍വകലാശാലയുടെ ടെല്‍ അവീവ് പദ്ധതി താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്ന് എന്‍.വൈ.യുവിലെ വിദ്യാര്‍ത്ഥികളും പ്രവര്‍ത്തകരും ആവശ്യപ്പെട്ടു.

അമേരിക്കയുടെ അഭ്യര്‍ത്ഥന പ്രകാരം ഗസക്ക് മേലുള്ള കരയുദ്ധം ഇസ്രഈല്‍ വൈകിപ്പിക്കുമെന്ന് യു.എസ് മാധ്യമമായ വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തു. ഹമാസിന്റെ ആക്രമണത്തെ തുടര്‍ന്ന് സുരക്ഷ പുനസ്ഥാപിക്കുന്നതിനുള്ള ഇസ്രഈലിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയുന്നതിനായി യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ജെ ഓസ്റ്റിന്‍ ഇസ്രഈല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റുമായി സംസാരിച്ചതായി യു.എസ് പ്രതിരോധവകുപ്പ് അറിയിച്ചു.

Content Highlight: American students walkout classes to protest America’s support for Israel