പാലക്കാട്: മോദി നിര്‍മ്മിച്ചെടുത്ത ഇമേജ് മോദിക്ക് തന്നെ വിനയാകുമെന്ന് അമേരിക്കയിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയിലെ നരവംശ ശാസ്ത്ര ഗവേഷകന്‍. ദി സാഫ്രോണ്‍ വേവ്: ഡെമോക്രസി ആന്റ് ഹിന്ദു നാഷണലിസം ഇന്‍ ഇന്ത്യയുടെ ഗ്രന്ഥകര്‍ത്താവുമായ തോമസ് ബ്ലോം ഹാന്‍സന്‍. പാലക്കാട് വിക്ടോറിയ കോളേജില്‍ ഒരു സെമിനാറില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.
” മോദിയുടെ വാക്കും പ്രവൃത്തിയും വൈരുദ്ധ്യം നിറഞ്ഞതാണ്. പറച്ചിലുകള്‍ നിര്‍ത്തി മോദി ഇനി പ്രവര്‍ത്തിക്കേണ്ട സമയമാണ്. ഒരു ഭാഗത്ത് വര്‍ഗ്ഗീയതയും ജാതീയതയും പ്രോത്സാഹിപ്പിക്കുകയും മറുഭാഗത്ത് മേക്ക് ഇന്‍ ഇന്ത്യ പോലെയുള്ള സുന്ദരമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുകയും ചെയ്യുന്നത് വൈരുദ്ധ്യമാണ്. ഉദാരീകരണ നയങ്ങളെ തുടര്‍ന്ന് മധ്യവര്‍ഗമാവാന്‍ കൊതിക്കുന്ന ആളുകളാണ് മോദിക്ക് പിന്നില്‍ അണിനിരന്നത്. അവരുടെ ആ ആഗ്രഹം സാക്ഷാത്കരിക്കപ്പെട്ടില്ലെങ്കില്‍ മോദിയെന്ന പ്രതിഭാസം താനെ ഇല്ലാതാവും.” ഹാന്‍സന്‍ പറയുന്നു.
ലിബറല്‍ ജനാധിപത്യത്തെ ഹിന്ദുത്വ ആശയവുമായി കൂട്ടിയിണക്കാന്‍ ശ്രമിച്ചത് യഥാര്‍ത്ഥത്തില്‍ മോദിയല്ലെന്നും പ്രമോദ് മഹാജനായിരുന്നുവെന്നും ആ വഴി തുടര്‍ന്നില്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കാനാവില്ലെന്ന് മോദിക്കും അമിത്ഷായ്ക്കും അറിയാമായിരുന്നുവെന്നും ഉദാരീകരണത്തിന് ശേഷമാണ് ഇന്ത്യയില്‍ തീവ്ര വലതുപക്ഷ രാഷ്ട്രീയം ശക്തിപ്പെട്ടതെന്നും ഹാന്‍സന്‍ കൂട്ടിച്ചേര്‍ത്തു.
“കറുത്തവര്‍ഗ്ഗക്കാരനായ ഒബാമ വൈറ്റ് ഹൗസിലെത്തിയാല്‍ ആഫ്രോ അമേരിക്കന് അമേരിക്കയില്‍ നീതികിട്ടുമെന്ന് കരുതുന്നത് പോലെയാണ് ഒ.ബി.സിക്കാരനായ മോദി പ്രധാനമന്ത്രിയായാല്‍ ഇന്ത്യയിലെ ഒ.ബി.സിക്കാര്‍ രക്ഷപ്പെടുമെന്ന പ്രതീക്ഷ. അസഹിഷ്ണുതയുടെ രാഷ്ട്രീയമാണ് സംഘപരിവാര്‍ വളര്‍ത്താന്‍ ശ്രമിക്കുന്നത്. ഇത് ജനാധിപത്യത്തെ പിന്നോട്ടടുപ്പിക്കും.”
മതപരവും ജാതീയവുമായ വഴികളിലൂടെ രൂപപ്പെടുത്തിയ വിജയങ്ങള്‍ക്ക് അധികകാലം പിടിച്ച് നില്‍ക്കാനാവില്ലെന്നും ഹാന്‍സന്‍ പറഞ്ഞു. പ്രചാരണങ്ങളിലൂടെ മോദിയുണ്ടാക്കിയെടുത്ത പ്രഭാവം സംരക്ഷിക്കാന്‍ സംഘപരിവാര്‍ അധ്വാനിക്കുകയാണ്. മോദിവിരുദ്ധ പ്രചാരണങ്ങള്‍ കണ്ടെത്തി മറുപടി നല്‍കാന്‍ ഇന്റര്‍നെറ്റ് ട്രോളിങ്‌സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന്റെ ഭാഗമാണ് ഇപ്പോള്‍ നടക്കുന്ന ഇന്റര്‍നെറ്റ് സെന്‍സര്‍ഷിപ്പുകളെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ജനാധിപത്യത്തിന്റെ ശുദ്ധവായു രാജ്യത്തെ എല്ലാവരിലേക്കും എത്തുമ്പോള്‍ മാത്രമാണ് ജനാധിപത്യം അര്‍ത്ഥപൂര്‍ണമാവുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വര്‍ഷങ്ങളായി ഹിന്ദു ദേശീയതയെ കുറിച്ചും മതരാഷ്ട്രീയത്തെ കുറിച്ചുമെല്ലാം പഠനങ്ങള്‍ നടത്തിവരുന്ന ഹാന്‍സന്‍ ഈ വിഷയത്തില്‍ നിരവധി ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.