| Saturday, 18th September 2021, 9:26 am

കാബൂള്‍ ഡ്രോണ്‍ ആക്രമണം ഒരു അബദ്ധമായിരുന്നു; കൊല്ലപ്പെട്ടത് സാധാരണക്കാര്‍; കുറ്റം സമ്മതിച്ച് പെന്റഗണ്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ നടത്തിയ ഡ്രോണാക്രമണം തങ്ങള്‍ക്ക് പറ്റിയ ഒരു പിഴവായിരുന്നെന്ന് തുറന്ന് സമ്മതിച്ച് അമേരിക്ക. നിരീക്ഷണ ഡ്രോണുകള്‍ക്ക് പറ്റിയ പിഴവാണ് ആക്രമണത്തിലേക്ക് നയിച്ചത് എന്നാണ് അമേരിക്കന്‍ പ്രതിരോധ വിഭാഗം ആസ്ഥാനമായ പെന്റഗണിന്റെ കുറ്റസമ്മതം.

ഏഴ് കുട്ടികളടക്കം പത്ത് സാധാരണ പൗരന്മാരായിരുന്നു ആഗസ്റ്റ് 29ന് നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ”ഞങ്ങള്‍ നടത്തിയ അന്വേഷണത്തിന്റെ നിഗമനം ആ ഡ്രോണ്‍ ആക്രമണം ദുരന്തപരമായ ഒരു പിഴവായിരുന്നു എന്നാണ്,” യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് ജനറല്‍ ഫ്രാങ്ക് മാക്‌കെന്‍സി പറഞ്ഞു.

ഒരു വെള്ള ടൊയോട്ട കാര്‍ എട്ട് മണിക്കൂറോളം കാബൂളില്‍ കണ്ടതിനെ തുടര്‍ന്ന് തീവ്രവാദ ആക്രമണം സംശയിച്ചായിരുന്നു അമേരിക്ക ഡ്രോണ്‍ ആക്രമണത്തിന് മുതിര്‍ന്നത് എന്നാണ് മാക്‌കെന്‍സി പറഞ്ഞത്. എന്നാല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് സാധാരണക്കാരായിരുന്നു.

ആക്രമണം ശരിയായ തീരുമാനമായിരുന്നു എന്നായിരുന്നു തുടക്കത്തില്‍ പെന്റഗണിന്റെ നിലപാട്. ചാവേറുകള്‍ കാബൂളിലെ ഹാമിദ് കര്‍സായി വിമാനത്താവളം ആക്രമിക്കുന്നതില്‍ നിന്നും ഡ്രോണ്‍ ആക്രമണം തടഞ്ഞു എന്നായിരുന്നു അമേരിക്കന്‍ സൈന്യം അന്ന് പറഞ്ഞിരുന്നത്.

ഐ.എസ്.ഐ.എസ്‌നെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡിന്റെ പ്രസ്താവനയില്‍ പറഞ്ഞിരുന്നത്. താലിബാന്‍ അഫ്ഗാന്‍ കീഴടക്കിയതിന് പിന്നാലെ അമേരിക്ക തങ്ങളുടെ പൗരന്മാരെ അവിടെ നിന്ന ഒഴിപ്പിക്കുന്നതിന്റെ അവസാന ഘട്ടത്തിലായിരുന്നു കാബൂള്‍ വിമാനത്താവളത്തിനടുത്ത് ആക്രമണമുണ്ടായത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: American’s Pentagon admits that Kabul drone strike was a mistake

We use cookies to give you the best possible experience. Learn more