ജനാധിപത്യം എങ്ങിനെയാകരുത്; അമേരിക്കയാണ് മാതൃക
ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവര്‍ ട്രംപിനോട് ചില കാര്യങ്ങളില്‍ കടപ്പെടേണ്ടതുണ്ട് എന്ന് ഈ ഘട്ടത്തില്‍ ഞാന്‍ കരുതുന്നു. എന്തെന്നാല്‍ അദ്ദേഹം ഒറ്റയ്ക്ക് നമ്മുടെ കാലഘട്ടത്തിലെ വലിയൊരു സങ്കല്‍പത്തെ തകര്‍ത്തിരിക്കുകയാണ്.
ലോകത്താകമാനമുള്ള ജനാധിപത്യവാദികള്‍ ആകാംക്ഷയോടെ ഡൊണാള്‍ഡ് ട്രംപിന്റെ വിടവാങ്ങലിനായി കാത്തിരിക്കുകയാണ്. പക്ഷേ അതൊരു നീണ്ട കാത്തിരിപ്പായിരിക്കാം, ഒരുപക്ഷേ നാലുവര്‍ഷത്തോളം എടുത്തേക്കാവുന്ന കാത്തിരിപ്പ്.
ഈ ലേഖനം പ്രസിദ്ധീകരിക്കുന്ന സമയത്ത് ഡൊണാള്‍ഡ് ട്രംപിന് അനുകൂലമായ ഇടത്തേക്ക് വോട്ടുകള്‍ നീങ്ങുകയാണ്.
ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവര്‍ ട്രംപിനോട് ചില കാര്യങ്ങളില്‍ കടപ്പെടേണ്ടതുണ്ട് എന്ന് ഈ ഘട്ടത്തില്‍ ഞാന്‍ കരുതുന്നു. എന്തെന്നാല്‍ അദ്ദേഹം ഒറ്റയ്ക്ക് നമ്മുടെ കാലഘട്ടത്തിലെ വലിയൊരു സങ്കല്‍പത്തെ തകര്‍ത്തിരിക്കുകയാണ്.
അത് അമേരിക്കന്‍ ജനാധിപത്യത്തിന്റെ മഹത്വത്തെക്കുറിച്ചുള്ള സങ്കല്‍പമാണ്, പലര്‍ക്കും അനുകരിക്കാവുന്ന മഹത്തായ ജനാധിപത്യത്തിന്റെ ഉത്തമ ഉദാഹരണമാണ് അമേരിക്ക എന്ന സങ്കല്‍പമാണ്. ഈ തിരിച്ചറിവ് പലര്‍ക്കും വേദനാജനകമായിരിക്കാം. പക്ഷേ സത്യത്തില്‍ ഇത് ജനാധിപത്യവാദികൾക്കുള്ള ഒരു ശുഭ വാര്‍ത്തയാണ്.
അമേരിക്കന്‍ മാതൃകയെ തകര്‍ത്തതിന്റെ എല്ലാ ക്രെഡിറ്റും ട്രംപിന് അര്‍ഹിക്കുന്നതല്ല. അമേരിക്കന്‍ ജനാധിപത്യത്തിന്റെ ചില രഹസ്യങ്ങളിലേക്ക് ലോകമുണര്‍ന്നിരിക്കുന്നുവെന്ന് ഡൊണാള്‍ഡ് ട്രംപ് ഉറപ്പുവരുത്തുകയാണുണ്ടായത്.
ലോകത്തെ മറ്റെല്ലായിടത്തുമെന്നപോലെ അമേരിക്കന്‍ ജനാധിപത്യത്തിലും പലരും ധാര്‍മ്മികമായും, ബൗദ്ധികമായും വെല്ലുവിളിക്കപ്പെട്ടവരാണ് എന്ന് തെളിയിക്കുന്നതില്‍ അദ്ദേഹം ഒരു സംശയവും ബാക്കിവെച്ചില്ല.
ഡൊണാള്‍ഡ് ട്രംപിനെ പോലൊരാള്‍ക്ക് രണ്ടാംവട്ടവും വൈറ്റ് ഹൗസിലേക്കുള്ള വഴിയൊരുങ്ങുന്നു എന്നത് അമേരിക്കന്‍ ജനതെയക്കുറിച്ചുള്ള ഏറെ അസ്വസ്ഥതപ്പെടുത്തുന്ന ചില വസ്തുതകളാണ് തുറന്നുകാട്ടുന്നത്.
കൊവിഡ് മഹാമാരിയെ ട്രംപ് കൈകാര്യം ചെയ്ത രീതി ഒന്നാം ലോക രാഷ്ട്രങ്ങളും മൂന്നാംലോക രാഷ്ട്രങ്ങളും തമ്മിലുള്ള സാങ്കല്‍പിക വേര്‍തിരിവിനെ മായ്ച്ചുകളയുന്നതായിരുന്നു.
അമേരിക്കന്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് സുപ്രീം കോടതിയിലേക്കുള്ള അദ്ദേഹത്തിന്റെ നിയമനം അമേരിക്കന്‍ പരമോന്നത നീതിപീഠത്തിലെ നിയമനങ്ങളിലെ അഴിമതി വെളിച്ചത്തുകൊണ്ടുവരുന്നതായിരുന്നു.
ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ മൂവ്‌മെന്റില്‍ അമേരിക്കയിലെ വൈറ്റ് സുപ്രീമിസ്റ്റുകള്‍ക്കനുകൂലമായി അത്രയൊന്നും ഒളിമറയില്ലാതെ ട്രംപ് എടുത്ത നിലപാടുകള്‍ ആ രാജ്യത്തെ വംശീയ വേര്‍തിരിവുകളെ പ്രകടമാക്കുന്നതായിരുന്നു.
2020ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞടുപ്പില്‍ ട്രംപ് കൊണ്ടുവന്ന ആഗോള ശ്രദ്ധ യു.എസിലെ ദുര്‍ബലമായ തെരഞ്ഞെടുപ്പ് സംവിധാനത്തെ തുറന്നുകാട്ടാന്‍ സഹായിക്കുന്നതാണ്.
തെരഞ്ഞെടുപ്പ് എങ്ങിനെ വേഗത്തില്‍, വൃത്തിയായി നടത്താമെന്നതില്‍ ഒന്നു രണ്ടുകാര്യങ്ങള്‍ നിശ്ചയമായും അമേരിക്കയ്ക്ക് ഇന്ത്യയില്‍ നിന്നും പഠിക്കാം.
ചുരുക്കത്തില്‍ ഡൊണാള്‍ഡ് ട്രംപിന് നന്ദി! എന്തിനെന്നാല്‍ അമേരിക്ക ലോകത്തെ മറ്റെല്ലാ ജനാധിപത്യ രാഷ്ട്രങ്ങളെപ്പൊലൊന്നാണെന്ന് മനസിലാക്കി തന്നതിന്. അതിന് അതിന്റേതായ ശക്തിയും ബലഹീനതയും ഉണ്ടെന്ന് വ്യക്തമാക്കി തന്നതിന്. ലോകത്തിന് ധര്‍മ്മോപദേശം നല്‍കുന്നതിന് മുന്‍പ് സ്വയം ചില കാര്യങ്ങള്‍ മറ്റു ജനാധിപത്യ രാഷ്ട്രങ്ങളില്‍ നിന്നും അമേരിക്ക പഠിക്കേണ്ടതുണ്ട്.
അമേരിക്ക ഒരു മാതൃകയല്ല
ഞാനീ പാഠം നേരത്തെ തന്നെ പഠിച്ചതാണ്. അതിന് നന്ദി പറയേണ്ടത് അന്തരിച്ച എന്റെ സുഹൃത്തും എഴുത്തുകാരനും അധ്യാപകനുമായ ആല്‍ഫ്രഡ് സ്റ്റെഫാനോടാണ്.
കംപാരീറ്റീവ് പൊളിറ്റിക്‌സിലെ അഗ്രഗണ്യനായ പ്രൊഫസര്‍ സ്റ്റെഫാന്‍ തെക്കേ അമേരിക്കയിലെ സ്വേച്ഛാധിപത്യ ഭരണകൂടങ്ങളുടെ സങ്കീര്‍ണ്ണതകളെക്കുറിച്ചും, സ്‌പെയിനിലെ കറ്റാലന്‍ പ്രശ്‌നങ്ങളെക്കുറിച്ചും, ഉക്രയിനിലെ റഷ്യന്‍ ന്യൂനപക്ഷങ്ങളെക്കുറിച്ചുമെല്ലാം ശ്രീലങ്കയിലെ എല്‍.ടി.ടി.ഇ ലിബറേഷനെക്കുറിച്ചോ, ബര്‍മയുടെ ജനാധിപത്യത്തിലേക്കുള്ള പരിവര്‍ത്തനത്തേക്കുറിച്ചോ സംസാരിക്കുന്ന അതേ ലാഘവത്തോടെ പറയുമായിരുന്നു.
അദ്ദേഹത്തിന് ഇന്ത്യയിലും വലിയ താല്‍പര്യമുണ്ടായിരുന്നു. എം.എഫ്.ഹുസൈന്റെ ഒരു ചിത്രം അദ്ദേഹത്തിന്റെ ഡ്രോയിങ്ങ് റൂമില്‍ ഈ താത്പര്യം വിളിച്ചോതുന്ന തരത്തില്‍ വെച്ചിട്ടുമുണ്ടായിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഓരോ വിഷയങ്ങളും സൂക്ഷ്മതയോടെ മനസിലാക്കാന്‍ തല്‍പരനുമായിരുന്നു അദ്ദേഹം.
1987നു ശേഷം എങ്ങിനെയാണ് മിസോറാം സാധാരണനിലയിലേക്ക് മടങ്ങിയതെന്ന് മനസിലാക്കാന്‍ അദ്ദേഹം മിസോറാമില്‍ നേരിട്ടെത്തിയിരുന്നു. ഞാന്‍ ‘ക്രാഫ്റ്റിങ്ങ് സ്റ്റേറ്റ് നാഷന്‍സ്’ എന്ന പുസ്തകം അദ്ദേഹത്തോടും പ്രൊഫസര്‍ ലിന്‍സിനോടും ചേര്‍ന്നെഴുതുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചിരുന്നു.
ജീവിതത്തിന്റെ അവസാനകാലത്ത് പ്രൊഫസര്‍ സ്റ്റെഫാന്‍ തന്റെ രാജ്യമായ അമേരിക്കയെ വിശാലാര്‍ത്ഥത്തില്‍ പ്രതിഷ്ഠിച്ച് മറ്റൊരു വീക്ഷണകോണിലൂടെയുള്ള അവലോകനങ്ങള്‍ക്കും പ്രതിഫനങ്ങള്‍ക്കുമായിരുന്നു നേതൃത്വം നല്‍കിയത്. അമേരിക്കന്‍ ക്യാപിറ്റലിസത്തിന്റെ ഇടതുപക്ഷ വിമര്‍ശകനല്ല അദ്ദേഹം.
തികഞ്ഞ ഒരു അമേരിക്കക്കാരനും, അടിയുറച്ച ലിബറല്‍ ഡെമോക്രാറ്റുമാണ് സ്റ്റെഫാന്‍. ലോകം ജനാധിപത്യവത്കരിക്കണമെങ്കില്‍ അമേരിക്കയല്ല അനുകരിക്കേണ്ട മാതൃകയെന്ന അദ്ദേഹത്തിന്റെ നിഗമനം ട്രംപ് രംഗത്തെത്തുന്നതിന് വളരെ മുമ്പ് തന്നെ സ്പഷ്ടമായിരുന്നു.
ലോകത്തിന്റെ വടക്കു ഭാഗത്തു നിന്നുള്ള ധാര്‍മ്മിക അവകാശ വാദങ്ങളെ സംശയത്തോടെ നോക്കുന്ന ഒരാളെന്ന നിലയില്‍ എനിക്ക് ഈ കാഴ്ചപ്പാടിനോട് എളുപ്പത്തില്‍ യോജിക്കാനും അതിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടാനും സാധിച്ചു. പക്ഷേ ഈ വീക്ഷണം അമേരിക്കയെ അത്രയധികം അഭിനിവേശത്തോടുകൂടി കാണുന്ന ലോകത്തിലേക്ക് എത്തിക്കുക എന്നത് എളുപ്പമായിരുന്നില്ല.
പക്ഷേ ട്രംപ് എന്റെ ജോലി എളുപ്പമാക്കി. ജനാധിപത്യത്തിന് അമേരിക്കയല്ല മാതൃക എന്ന് വ്യക്തമാക്കുന്ന നാല് കാരണങ്ങള്‍ പറയാന്‍ ഇതാണ് ശരിയായ സമയമെന്ന് ഞാന്‍ കരുതുന്നു. ഇതില്‍ ആദ്യത്തെ രണ്ടെണ്ണം ഇന്‍സ്റ്റിറ്റിയൂഷണല്‍ ഡിസൈനുമായി ബന്ധപ്പെട്ടതും മറ്റ് രണ്ടെണ്ണം അവിടുത്തെ രാഷ്ട്രീയത്തിന്റെ സ്വഭാവവുമായി ബന്ധപ്പെട്ടുകിടക്കുന്നതുമാണ്.
തെറ്റായ സംവിധാനങ്ങള്‍
ആദ്യത്തേത് വിഖ്യാതമായതും എന്നാല്‍ ന്യൂനതകള്‍ നിറഞ്ഞതുമായ അമേരിക്കയിലെ പ്രസിഡന്‍ഷ്യല്‍ സംവിധാനമാണ്. അമേരിക്കന്‍ മാതൃകയിലുള്ള പ്രസിഡന്‍ഷ്യല്‍ സമ്പ്രദായം നിയമനിര്‍മ്മാണ സഭയും, എക്‌സിക്യൂട്ടിവും തമ്മില്‍ നിരന്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതാണെന്ന് എല്ലാവര്‍ക്കുമറിയാം.
ആല്‍ഫ്രെഡ് സ്റ്റെഫാന്‍ വ്യത്യസ്തമായ രീതിയില്‍ ഇതിനെ സൈദ്ധാന്തികവത്കരിച്ചിട്ടുണ്ട്. പ്രസിഡന്‍ഷ്യല്‍ സമ്പ്രദായത്തിലെ യാഥാര്‍ത്ഥ പ്രശ്‌നം അത് അധികാരത്തെ ഒരാളിലേക്ക് കേന്ദ്രീകരിക്കുന്നു എന്നതും സഖ്യസാധ്യതകള്‍ ദുര്‍ബലമാക്കുന്നു എന്നതുമാണ്.
അധികാരം പങ്കിടുന്നതിന് വൈവിധ്യങ്ങളെ ഉള്‍ച്ചേര്‍ക്കുക എന്നത് അനിവാര്യമാണെന്നിരിക്കെ അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ സമ്പ്രദായം ഒരു വ്യക്തിക്ക് നിരവധി വീറ്റോ അധികാരങ്ങള്‍ നല്‍കുന്നു.
വീറ്റോ അധികാരങ്ങള്‍ എത്രത്തോളം കൂടുന്നുവോ അത്രത്തോളം വലുതായിരിക്കും ഒരു സമൂഹത്തിലെ അസമത്വങ്ങള്‍ എന്നാണ് സ്റ്റെഫാന്‍ ഇതിനെ സൈദ്ധാന്തികവത്കരിച്ച് പറഞ്ഞത്. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ജനാധിപത്യസംവിധാനങ്ങളില്‍ അസമത്വം കൂടുതലുള്ളത് അമേരിക്കയിലാണെന്നും അദ്ദേഹം വ്യക്കമാക്കിയിരുന്നു.
അതുകൊണ്ട് തന്നെയാണ് തെക്കേ അമേരിക്കയിലും മുന്‍ യു.എസ്.എസ്.ആര്‍ രാജ്യങ്ങളിലും അമേരിക്കന്‍ മാതൃകയിലുള്ള പ്രസിഡന്‍ഷ്യല്‍ സമ്പ്രദായം ദുരന്തമായി മാറിയതും.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അമേരിക്കന്‍ ജനാധിപത്യ മാതൃകയുടെ രണ്ടാമത്തെ ഘടകം അതിന്റെ ഫെഡറലിസമാണ്. അമേരിക്കയില്‍ കേന്ദ്രത്തിന് പ്രത്യേകമായി അധികാരം നല്‍കിയിട്ടില്ലെങ്കില്‍ എല്ലാ അധികാരങ്ങളും സ്റ്റേറ്റില്‍ കേന്ദ്രീകൃതമാണ്. അവര്‍ ദേശീയ തെരഞ്ഞെടുപ്പ് നടത്തുന്നതിലും നിങ്ങള്‍ക്ക് ഇത് കാണാന്‍ കഴിയും.
ആര്‍ക്കൊക്കെ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ സാധിക്കും, ഏതെല്ലാം പ്രക്രിയകളിലൂടെയാണ് അത് നടക്കുക, എപ്പോള്‍, എങ്ങിനെ നടക്കും എന്നതിലെല്ലാം ഓരോ സംസ്ഥാനങ്ങള്‍ക്കും അതിന്റെതായ നിയമങ്ങളും മാനദണ്ഡങ്ങളുമുണ്ട. അത് അവര്‍ക്ക് തന്നെ നിര്‍ണയിക്കുകയും ചെയ്യാം.
അത് മാത്രമല്ല എപ്പോഴാണ് വോട്ടെണ്ണേണ്ടത്, ഇന്നത്തേതിന് ശേഷം ലഭിച്ച വോട്ടുകള്‍ സ്വീകരിക്കണോ, വോട്ടെണ്ണിതീര്‍ക്കുന്നതിന് ഡൈഡ് ലൈന്‍ ഉണ്ടോ, എന്നത് സംബന്ധിച്ചെല്ലാം സ്വന്തം ടൈംടേബിള്‍ ഉണ്ട് ഓരാ സംസ്ഥാനങ്ങള്‍ക്കും.
സംസ്ഥാനങ്ങളാകട്ടെ ഏകതാനമായി മാറിക്കൊണ്ടിരിക്കുന്ന ഒരു സമൂഹത്തില്‍ ഈ അവകാശങ്ങള്‍ സൂക്ഷ്മതയോടെ സംരക്ഷിക്കുന്നു. ഇത് ഫെഡറലിസത്തിന്റെ ഒരു സംശുദ്ധ മാതൃകയാണ്.
എന്നാല്‍ സ്റ്റെഫാന്‍ പറയുന്നത് ഇത് ഒരു തരത്തിലും ഉദാത്തമായ മാതൃകയല്ലെന്നാണ്. ഫെഡറലിസം സ്വീകരിക്കുന്നതിന് മുമ്പ് വിവിധ യൂണിറ്റുകള്‍ ഒന്നിച്ചു ചേര്‍ന്ന രാജ്യങ്ങള്‍ ഇത് സ്വീകരിക്കേണ്ടതില്ലെ എന്നാണ് സ്റ്റെഫാന്‍ പറയുന്നത്.
പൊളിറ്റിക്കല്‍ സൈദ്ധാന്തികര്‍ സിമ്മട്രിക്കല്‍ ഫെഡറലിസം എന്ന് വിളിക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണ് അമേരിക്ക. എല്ലാ ഫെഡറല്‍ യൂണിറ്റുകള്‍ക്കും ഒരേ അധികാരമുണ്ടവിടെ.
അമേരിക്കയില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും സെനറ്റില്‍ രണ്ട് സീറ്റുകള്‍ ഉണ്ട്. ഇതില്‍ സംസ്ഥാനങ്ങളുടെ വലിപ്പം ഒരു പ്രശ്‌നമല്ല. സെനറ്റാകട്ടെ ഒരു സംസ്ഥാനങ്ങളുടെ ജനസംഖ്യയെ അടയാളപ്പെടുത്തുന്ന ഹൗസ് ഓഫ് റപ്രസന്റേറ്റീവ്‌സിനേക്കാള്‍ അധികാരങ്ങളുള്ളതുമാണ്.
ആഴത്തിലുള്ള വൈവിധ്യങ്ങളെ തിരിച്ചറിയുന്നതിനും അവയ്ക്ക് അര്‍ഹമായ അംഗീകാരം നല്‍കുന്നതിനും പ്രത്യേക പരിഗണന തന്നെ നല്‍കണമെന്നാണ് സ്റ്റെഫാന്‍ ചൂണ്ടിക്കാട്ടിയത്.
അതുകൊണ്ടാണ് കാനഡയിലും ഇന്ത്യയിലുമുള്ള അസിമ്മട്രിക്കല്‍ ഫെഡറലിസമാണ് ജനാധിപത്യത്തിലെ വൈവിധ്യങ്ങളെ അടയാളപ്പെടുത്താന്‍ അനുയോജ്യമെന്ന് പറയുന്നത്. ഇവിടെയും അമേരിക്ക ഒരു നല്ല മാതൃകയല്ല.
ട്രംപിന്റെ സംഭാവനകള്‍
എന്തുകൊണ്ട് അമേരിക്ക ജനാധിപത്യത്തിന്റെ മികച്ച മാതൃകയല്ല എന്നത് ചൂണ്ടിക്കാണിക്കാന്‍ ഡൊണാള്‍ഡ് ട്രംപും രണ്ട് കാര്യങ്ങള്‍ പട്ടികയില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
അമേരിക്കയിലെ ദ്വി-പാര്‍ട്ടി സംവിധാനം എത്രത്തോളം പൊള്ളയാണെന്ന് ട്രംപിന്റെ പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥിത്വം തുറന്നുകാട്ടി. അമേരിക്കയിലെ രണ്ട് പാര്‍ട്ടികളും പ്രത്യയശാസ്ത്രപരമായ ആദര്‍ശങ്ങളോ സംഘടനാ ബലമോ ഇല്ലാത്തവയാണ്.
തെരഞ്ഞെടുപ്പുകള്‍ക്ക് അവസരമില്ലാത്തതിന്റെ ഒരു മാതൃകയാണ് അമേരിക്കയിലെ ദ്വി-പാര്‍ട്ടി സംവിധാനം. ബൈഡന്‍ ഈ തെരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍പോലും അദ്ദേഹം ട്രംപിന്റെ ഒരു ചെറുപതിപ്പായിരിക്കും.
രണ്ടാമത്തേത്, അമേരിക്കന്‍ പൊതുജനാഭിപ്രായം എത്രമാത്രം വഞ്ചനാപരവും, ചഞ്ചലവും, കൃത്രിമവുമാണെന്ന് കഴിഞ്ഞ നാലു വര്‍ഷങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഫ്രഞ്ച് നയതന്ത്രജ്ഞനായിരുന്ന അലക്‌സ് ഡേ ടോക്വേവില്ല ഇത് 200 വര്‍ഷങ്ങള്‍ക്ക് മുമ്പ് ചൂണ്ടിക്കാണിച്ചതുമാണ്. ഒരു വിഭാഗം മാധ്യമങ്ങളും, സോഷ്യല്‍ മീഡിയയും ഇതിനെ കൂടുതല്‍ വഷളാക്കിയെന്ന് ട്രംപ് തെളിയിച്ചു.
അദ്ദേഹം ജയിച്ചാലും ഇല്ലെങ്കിലും, നുണകള്‍കൊണ്ടും, വിദ്വേഷം കൊണ്ടും, വംശീയതകൊണ്ടും നിങ്ങള്‍ക്ക് രക്ഷപ്പെടാമെന്ന് തെളിയിച്ച ആളാണ് ഡൊണാള്‍ഡ് ട്രംപ്. അഭിപ്രായ സ്വാതന്ത്ര്യം, സത്യം നിലനിര്‍ത്തുന്നതില്‍ വലിയ ഉറപ്പൊന്നും നല്‍കുന്നില്ലെന്നും അദ്ദേഹം തെളിയിച്ചു.
അമേരിക്ക മാത്രമല്ല സമാന പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നത്. അത്തരം രാജ്യങ്ങളുടെ നീണ്ട പട്ടികയില്‍ ഇന്ത്യയുമുണ്ട്.
ലോകമിപ്പോള്‍ ജനാധിപത്യത്തിന്റെ പുതിയൊരു സിദ്ധാന്തത്തിനായി കാത്തിരിക്കുകയാണ്. അമേരിക്കയുടെ നേതൃത്വത്തിലുള്ള ജനാധിപത്യത്തിന്റെ മാതൃക തകര്‍ന്നത് ആഘോഷിച്ചു കൊണ്ട് നമുക്കാരംഭിക്കാം. ഏതെങ്കിലും തരത്തിലുള്ള ആധിപത്യങ്ങള്‍ തകര്‍ക്കപ്പെടുന്നത് ആനന്ദം നല്‍കുന്നു എന്നതുകൊണ്ടല്ല.
ഈ തിരിച്ചറിവ് നമ്മെ ശരിയായ മാതൃകയിലേക്ക് നയിക്കുന്നു എന്നതുകൊണ്ടാണത്. ജനാധിപത്യത്തിന് ഉദാത്തമായ മാതൃകകളില്ല. ഇപ്പോള്‍ പൂര്‍ത്തിയായി എന്നു പറയുന്നതൊന്നും ജനാധിപത്യത്തിന്റെ ഉദാത്തമായ മാതൃകയുമല്ല.
നിങ്ങള്‍ സഞ്ചരിക്കുംതോറും കഴുകി തുടച്ച് വൃത്തിയാക്കേണ്ട, ചിലത് മായ്ച്ചു കളയേണ്ട വഞ്ചനാപരമായ യാത്രയാണ് ജനാധിപത്യം. ഇത് ഡൊണാള്‍ഡ് ട്രംപിന്റെ അമേരിക്കയിലായാലും നരേന്ദ്ര മോദിയുടെ ഇന്ത്യയിലായാലും ശരിയാണ്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പരിഭാഷ: ശ്രിന്‍ഷരാമകൃഷ്ണന്‍
(ഐ.പി.എസ്.എം.എഫ് സഹകരണത്താല്‍ ദി പ്രിന്റിന്റെ അനുമതിയോടെ പ്രസിദ്ധീകരിക്കുന്നത്)