വാഷിംഗ്ടണ്‍: ജനാധിപത്യ മൂല്യങ്ങള്‍ മുറുകെ പിടിക്കണമെന്നും ഇന്ത്യയുടെ വൈവിധ്യം കാത്തുസൂക്ഷിക്കണമെന്നും നരേന്ദ്രമോദിക്ക് നിര്‍ദേശം നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ഇരു രാജ്യങ്ങളുടേയും തലവന്മാര്‍ നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു ബൈഡന്റെ പരാമര്‍ശം.
ഗാന്ധിജയന്തി ദിനത്തെ ഓര്‍മിച്ചെടുത്ത് അഹിംസ, സഹിഷ്ണുത, സഹനം എന്നിവയെല്ലാമാണ് എപ്പോഴും മുന്നിട്ട് നില്‍ക്കേണ്ടതെന്നായിരുന്നു ബൈഡന്‍ പറഞ്ഞത്.
അസമില്‍ ബി.ജെ.പി സര്‍ക്കാര്‍ നടത്തുന്ന കുടിയൊഴിപ്പിക്കല്‍ പ്രവര്‍ത്തികളും പൊലീസ് നടത്തുന്ന അക്രമങ്ങളും രാജ്യാന്തര ശ്രദ്ധ നേടുന്നതിനിടെയാണ് ബൈഡന്റെ പരാമര്‍ശമെന്നതും ശ്രദ്ധേയമാണ്.
നരേന്ദ്ര മോദിയും കമല ഹാരിസും തമ്മിലുള്ള കൂടിക്കാഴ്ചയും കഴിഞ്ഞ ദിവസം നടന്നിരുന്നു. രണ്ട് കൂടിക്കാഴ്ചകളിലും കാലാവസ്ഥ വ്യതിയാനം, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം, ഇന്ത്യ-അമേരിക്ക ബന്ധം ശക്തിപ്പെടുത്തല്‍, അഫ്ഗാനിസ്ഥാനിലെ പാകിസ്ഥാന്‍ ഇടപെടല്‍ എന്നിവ മുഖ്യവിഷയങ്ങളായി.
മുന്‍പ് കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ച ബി.ജെ.പി സര്‍ക്കാരിന്റെ നടപടിയെ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവായ കമല ഹാരിസ് വിമര്‍ശിച്ചിരുന്നു എന്നതും കമല ഹാരിസ്-നരേന്ദ്ര മോദി കൂടിക്കാഴ്ചക്ക് വാര്‍ത്താപ്രാധാന്യം നല്‍കി.
സെപ്റ്റംബര്‍ 22 മുതല്‍ 25 വരെയാണ് മോദിയുടെ ത്രിദിന അമേരിക്കന്‍ സന്ദര്‍ശനം. ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റായി അധികാരമേറ്റ ശേഷമുള്ള മോദിയുടെ ആദ്യ അമേരിക്കന്‍ സന്ദര്‍ശനമാണിത്.
ഇന്ന് ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയിലും മോദി സംസാരിക്കും.