| Saturday, 5th November 2022, 11:59 pm

നുണകള്‍ പ്രചരിപ്പിക്കുന്ന ഒരുപകരണം ലോകത്തിലെ സമ്പന്നനായ മനുഷ്യന്‍ വാങ്ങി: ട്വിറ്ററിനെതിരെ ജോ ബൈഡന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ഇലോണ്‍ മസ്‌ക് ഏറ്റെടുത്തതിന് പിന്നാലെ ട്വിറ്ററിനെതിരെ വിമര്‍ശനവുമായി അമേരിക്കന്‍
പ്രസിഡന്റ് ജോ ബൈഡന്‍. ലോകമെമ്പാടും നുണകള്‍ പ്രചരിപ്പിക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം വാങ്ങിയെന്നാണ് ബൈഡന്‍ പറഞ്ഞത്. കഴിഞ്ഞ ദിവസം ചിക്കാഗോയില്‍ നടന്ന ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പരിപാടിയിലായിരുന്ന് ബൈഡന്റെ പരാമര്‍ശം.

‘നമ്മള്‍ ആശങ്കപ്പെടാതിരിക്കുന്നതെങ്ങനെ. നുണകള്‍ പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ഒരുപകരണമാണ് ലോകത്തിലെ സമ്പന്നനായ മനുഷ്യന്‍ വാങ്ങിയത്.

തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നത് തടയാന്‍ അമേരിക്കയില്‍ ഇനി എഡിറ്റര്‍മാരില്ല. അപകടത്തിലാകുന്ന കാര്യങ്ങളെ കുട്ടികള്‍ എങ്ങനെ മനസിലാക്കും,’ ജോ ബൈഡന്‍ പറഞ്ഞു.

വിദ്വേഷ പ്രചരണവും തെറ്റായ വാര്‍ത്തകളും തടയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് പ്രസിഡന്റ് പറഞ്ഞതെന്നാണ് പ്രസംഗത്തെക്കുറിച്ചുള്ള വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയുടെ വിശദീകരണം.

അതേസമയം, ട്വിറ്ററിന്റെ പുതിയ മേധാവിയായി സ്ഥാനമേറ്റെടുത്തതിന് പിന്നാലെ മസ്‌ക് നടത്തുന്ന ‘പരിഷ്‌കരണങ്ങള്‍’ തുടര്‍ച്ചയായി വാര്‍ത്തകളില്‍ നിറയുകയാണ്. ബ്ലൂ ടിക് അക്കൗണ്ടുകള്‍ക്ക് മാസം തോറും എട്ട് ഡോളര്‍ എന്ന പേയ്മെന്റ് സംവിധാനമുള്‍പ്പെടെ മസ്‌കിന്റെ നീക്കങ്ങളെല്ലാം വിവാദമാകുന്നുണ്ട്.

ഏറ്റവുമൊടുവിലായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകളില്‍ ചെലവുചുരുക്കല്‍ നയത്തിന്റെ ഭാഗമായി ട്വിറ്ററിലെ പകുതിയിലധികം തൊഴിലാളികളെയും ഒഴിവാക്കാന്‍ മസ്‌ക് നീക്കം നടത്തുന്നതായാണ് പറയുന്നത്.

Twitter Inc. എന്ന സോഷ്യല്‍ മീഡിയ കമ്പനിയിലെ 3700 പോസ്റ്റുകള്‍ ഇല്ലാതാക്കാന്‍ എലോണ്‍ മസ്‌ക് പദ്ധതിയിടുന്നതായാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് സംബന്ധിച്ച് തൊഴിലാളികള്‍ക്ക് വെള്ളിയാഴ്ചക്കുള്ളില്‍ വിവരം നല്‍കും.

കമ്പനിയുടെ നിലവിലുള്ള, ‘എവിടെയിരുന്നും ജോലി ചെയ്യാവുന്ന നയ’ത്തില്‍ (work from anywhere policy) മാറ്റം വരുത്താന്‍ മസ്‌ക് ഉദ്ദേശിക്കുന്നുണ്ടെന്നും ജീവനക്കാരോട് ഓഫീസില്‍ നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെടുമെന്നും ചില സ്രോതസുകളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

CONTENT HIGHLIGHT: American President Joe Biden criticized Twitter, After Elon Musk took over

We use cookies to give you the best possible experience. Learn more