| Tuesday, 25th January 2022, 12:26 pm

മാധ്യമപ്രവര്‍ത്തകനെ മൈക്കിലൂടെ പരസ്യമായി തെറി വിളിക്കുന്ന ബൈഡന്‍; വീഡിയോ പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ മാധ്യമപ്രവര്‍ത്തകനെ പരസ്യമായി തെറി വിളിക്കുന്നതിന്റെ വീഡിയോ പുറത്ത്.

ഫോക്‌സ് ന്യൂസിലെ മാധ്യമപ്രവര്‍ത്തകനെ ‘സ്റ്റുപിഡ് സണ്‍ ഓഫ് എ ബിച്’ (Stupid son of a Bitch) എന്ന് മൈക്കിലൂടെ ബൈഡന്‍ വിളിക്കുന്നതായുള്ള വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്.

വൈറ്റ്ഹൗസില്‍ നടന്ന പത്രസമ്മേളനത്തിനിടെയായിരുന്നു സംഭവം. ഫോട്ടോ ഓപ്പര്‍ച്യൂണിറ്റി ഇവന്റ് കഴിഞ്ഞ് മാധ്യമപ്രവര്‍ത്തകരെല്ലാം മടങ്ങുന്നതിനിടെ, വിലക്കയറ്റം ഒരു രാഷ്ട്രീയ ബാധ്യതയാവുമോ എന്ന് ഫോക്‌സ് ന്യൂസിലെ മാധ്യമപ്രവര്‍ത്തകന്‍ ചോദിക്കുകയായിരുന്നു.

ഇതില്‍ ക്ഷുഭിതനായാണ് ബൈഡന്‍ മാധ്യമപ്രവര്‍ത്തകനെ മൈക്രോഫോണിലൂടെ തെറി വിളിച്ചത്. തന്റെ മൈക്ക് ഓണ്‍ ആയിരുന്നു എന്ന് തിരിച്ചറിയാതെയായിരിക്കാം ബൈഡന്‍ ഇത് പറഞ്ഞതെന്നാണ് വീഡിയോ കാണുമ്പോള്‍ തോന്നുന്നത്.

”ഇത് വലിയൊരു അസറ്റ് ആണ്. കൂടുതല്‍ വിലക്കയറ്റം, (It’s a great asset. More inflation)” എന്ന് പറഞ്ഞാണ് ബൈഡന്‍ മറുപടി ആരംഭിച്ചത്. എന്നാല്‍ പിന്നീട് മാധ്യമപ്രവര്‍ത്തനെ പ്രസിഡന്റ് തെറി വിളിക്കുകയായിരുന്നു.

അമേരിക്കന്‍ രാഷ്ട്രീയ പ്രവര്‍ത്തകയും റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗവുമായ ലൗറെന്‍ ബൊബേര്‍ട് ആണ് തന്റെ ട്വിറ്റര്‍ പേജിലൂടെ ഈ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

”ഡൊണാള്‍ഡ് ട്രംപ് മാധ്യമങ്ങളെ ആക്രമിക്കുന്നത് ഫസ്റ്റ് അമന്റ്‌മെന്റിനെ ആക്രമിക്കുന്നതിന് തുല്യമാണ് എന്നാണ് ഡെമോക്രാറ്റുകള്‍ പറയുന്നത്.

അതേസമയം, ജോ ബൈഡന്‍ പീറ്റര്‍ ഡൂസിയോട് പറയുന്നത് ‘What a stupid son of a b*tch’ എന്നാണ്,” വീഡിയോ പങ്കുവെച്ച് ലൗറെന്‍ ബൊബേര്‍ട് കുറിച്ചു.

താന്‍ നേരിട്ട അപമാനത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകന്‍ പീറ്റര്‍ ഡൂസി പിന്നീട് ഫോക്‌സ് ന്യൂസിലെ ഒരു അഭിമുഖത്തില്‍ പറയുന്നുണ്ട്.

മൈക്കിലൂടെ ഇത്തരത്തില്‍ പ്രസ്താവന നടത്തിയതിന് പിന്നാല തന്നെ ബൈഡന്‍ തന്നെ വിളിപ്പിച്ചിരുന്നു എന്നും ‘വ്യക്തിപരമായി ഒന്നും എടുക്കരുത് സ്‌നേഹിതാ,’ (It’s nothing personal, pal) എന്ന് പറഞ്ഞുവെന്നും ഡൂസി പറഞ്ഞു.

അതേസമയം, പരിപാടിയുടെ ട്രാന്‍സ്‌ക്രിപ്റ്റ് പുറത്തുവിട്ടതില്‍ ബൈഡന്റെ ഈ കമന്റും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ഔദ്യോഗികമായും ബൈഡന്റെ ഭാഗത്ത് നിന്നുമുണ്ടായ ഈ മോശം പ്രവര്‍ത്തി രേഖകളിലുണ്ടാകും.


Content Highlight: American President Joe Biden caught on live microphone calling Fox News journalist a stupid son of a b*tch

We use cookies to give you the best possible experience. Learn more