| Sunday, 11th October 2020, 11:03 pm

ട്രംപിനെ ദൈവമായി കണ്ട തെലുങ്കാന സ്വദേശി മരിച്ചു, ട്രംപിന് കൊവിഡ് ബാധിച്ച ശേഷം സമ്മര്‍ദ്ദത്തിലായിരുന്നെന്ന് ബന്ധുക്കള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കടുത്ത ആരാധകനായിരുന്ന തെലുങ്കാന സ്വദേശി ബുസ്സ കൃഷ്ണ
മരിച്ചു. ഹൃദയാഘാതം മൂലമാണ് മരണം. ട്രംപിന് കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച ശേഷം ബുസ്സ കൃഷ്ണ കടുത്ത വിഷമത്തിലായിരുന്നെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

രാവിലെ എണീറ്റ് ചായ കുടിച്ച ശേഷം തളര്‍ന്നു വീണ ഇദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ട്രംപിന് കൊവിഡ് ബാധിച്ച ശേഷം ബുസ്സ കൃഷ്ണ ശരിയായി ഭക്ഷണം കഴിക്കാറില്ലായിരുന്നെന്നാണ് ഇദ്ദേഹത്തിന്റെ ബന്ധുവായ ബി. വിവേക് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറയുന്നത്.

ട്രംപിന്റെ കടുത്ത ആരാധകനായ ബുസ്സ കൃഷ്ണ നേരത്തെ തന്നെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. നാലു വര്‍ഷം മുമ്പ് തന്റെ സ്വപ്‌നത്തില്‍ ഒരിക്കല്‍ ട്രംപിനെ കണ്ടതിനു പിന്നാലെയാണ് ഇദ്ദേഹം ആരാധകനായത്.

തുടക്കത്തില്‍ വീട്ടില്‍ ട്രംപിന്റെ ഫോട്ടോകള്‍ ഒട്ടിച്ചു വെക്കുകയും ട്രംപിന്റെ മുഖമുള്ള ടീഷര്‍ട്ടുകള്‍ ധരിച്ചുമായിരുന്നു ബുസ്സ കൃഷ്ണ ആരാധന പ്രകടിപ്പിച്ചത്. പിന്നീട് പെട്ടെന്ന്  തന്നെ ആരാധന കൂടി വന്നു.

ട്രംപിനു വേണ്ടി നിരന്തരമായി പൂജകളും വഴിപാടുകളും ബുസ്സ കൃഷ്ണ നടത്താറുണ്ടായിരുന്നു. വീട്ടില്‍ ട്രംപിനായി ഒരു അമ്പലം തന്നെ ഇദ്ദേഹം പണിതിരുന്നു. അമ്പലത്തിലേക്കായി രണ്ട് ലക്ഷം രൂപ കൊടുത്ത് വാങ്ങിയ ട്രംപിന്റെ ഒരു പ്രതിമയും ഇദ്ദേഹത്തിന്റെ പക്കലുണ്ട്. ഒപ്പം ഒരു ഫോട്ടോ മാലയിട്ടു വിളക്കു കൊളുത്തി വീട്ടില്‍ ആരാധിക്കുന്നുണ്ട്. ഇതിനു പുറമെ ഇദ്ദേഹം എവിടെ പോയാലും കൈയ്യില്‍ ഒരു ട്രംപിന്റെ ഫോട്ടോയും കരുതും. ട്രംപിന് കൊവിഡ് ബാധിച്ച ശേഷം ഇദ്ദേഹം പലതവണ രോഗമുക്തി ആശംസിച്ചു കൊണ്ട് വീഡിയോകള്‍ പങ്കുവെച്ചിരുന്നു. പല വീഡിയോകളിലും ഇദ്ദേഹം സങ്കടത്താല്‍ കരയുന്നുണ്ടായിരുന്നു.

കഴിഞ്ഞ വര്‍ഷം ട്രംപ് ഇന്ത്യയില്‍ എത്തിയപ്പോള്‍ അദ്ദേഹത്തെ കാണാന്‍ ബുസ്സ കൃഷ്ണ വളരെ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ആ ആഗ്രഹം നടന്നില്ല. കൃഷ്ണയുടെ മാതാപിതാക്കള്‍ ഈ ഗ്രാമത്തില്‍ നിന്നും മാറിപ്പോയിട്ടും ഇദ്ദേഹം ഇവിടെ തന്നെ തുടരുകയായിരുന്നു. രാവിലെ ട്രംപിനായി പൂജകള്‍ ചെയ്തതിനു ശേഷമാണ് ഇദ്ദേഹം ജോലിക്കു പോവുക.

തന്റെ ആരാധനാ ബിംബമായ ഡൊണാള്‍ഡ് ട്രംപിനെ ഒരിക്കല്‍ പോലും കാണാന്‍ പറ്റാതെ ബുസ്സ കൃഷ്ണ വിടപറഞ്ഞതില്‍ വലിയ വിഷമത്തിലാണ് ഇദ്ദേഹത്തിന്റെ ബന്ധുക്കളും നാട്ടുകാരും. ഇദ്ദേംഹത്തിന്റെ മരണം ട്രംപ് അറിയുമെന്നും ഇവര്‍ പ്രതീക്ഷിക്കുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

American president donald trump’s die hard Indian fan dies of cardiac arrest

Latest Stories

We use cookies to give you the best possible experience. Learn more