ന്യൂയോര്‍ക്ക്: അമേരിക്കയില്‍ വീണ്ടും ജോര്‍ജ് ഫ്‌ലോയിഡ് മോഡല്‍ കൊലപാതകം. യു.എസ് പൊലീസിന്റെ ക്രൂര മര്‍ദനത്തിനിരയായി വീണ്ടുമൊരു കറുത്ത വര്‍ഗക്കാരന്‍ കൂടി കൊല്ലപ്പെട്ടു. 53 കാരനായ ഫ്രാങ്ക് ടൈസണ്‍ ആണ് കൊല്ലപ്പെട്ടത്. ഓഹിയോയിലെ കാന്റണില്‍ ഏപ്രില്‍ 18 ആണ് സംഭവം നടന്നത്.
മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തുവന്നത്. പിന്നാലെ വ്യാപകമായ പ്രതിഷേധമാണ് അമേരിക്കന്‍ പൊലീസിന് നേരെ ഉയര്‍ന്നിരിക്കുന്നത്.
ഒരു കാര്‍ അപകടവുമായി ബന്ധപ്പെട്ടാണ് ഫ്രാങ്ക് ടൈസണ്‍ പൊലീസിന് സമക്ഷമെത്തുന്നത്. അറസ്റ്റിനെ എതിര്‍ത്ത ടൈസനെ പൊലീസ് ഉദ്യോഗസ്ഥര്‍ തറയിലിട്ട് വലിച്ചിഴക്കുകയും മര്‍ദിക്കുകയായിരുന്നു. തനിക്ക് ശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് പലയാവര്‍ത്തി പറഞ്ഞട്ടും അദ്ദേഹത്തെ പൊലീസ് ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
‘അവരെന്നെ കൊല്ലാന്‍ നോക്കി എനിക്ക് ശ്വാസം വിടാന്‍ പോലും സാധിച്ചില്ല,’ മരിക്കുന്നതിന് മുമ്പ് ഫ്രാങ്ക് ടൈസണ്‍ പറഞ്ഞ വാക്കുകള്‍ ആണ്. അതേസമയം മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പൊലീസ് തന്നെയാണ് പുറത്തുവിട്ടത്.
ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ടൈസന്റെ കഴുത്തിന് പിടിച്ചമര്‍ത്തുന്നതും മറ്റൊരാള്‍ കൈ പിടിച്ച് വിലങ്ങണിയിക്കാന്‍ ശ്രമിക്കുന്നതുമായ ദൃശ്യങ്ങള്‍ വീഡിയോയില്‍ കാണാന്‍ സാധിക്കും. വിലങ്ങ് അണിയച്ചതിന് ശേഷം ടൈസനോട് പൊലീസ് എഴുന്നേല്‍ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അനക്കം ഇല്ലായിരുന്നു.
തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ സി.പി.ആര്‍ നല്‍കി പക്ഷെ കാര്യമുണ്ടായില്ല. ശേഷം പാരാമെഡിക്കല്‍ ജീവനക്കാരെത്തി അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ടൈസണ്‍ മരിക്കുകയായിരുന്നു.
സംഭവത്തില്‍ ഓഹിയോ ബ്യുറോ ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ സംഘം അന്വേഷണം ആരംഭിക്കുകയും ബ്യു ഷോനഗ, കാംഡെന്‍ എന്നീ പൊലീസ് ഉദ്യോഗസ്ഥരെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
അന്വേഷണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഇനിയും തയ്യാറായിട്ടില്ല.
ജോര്‍ജ് ഫ്‌ലോയിഡിന്റെ കൊലപാതകവുമായി വളരെയധികം സാമ്യതയുള്ള കൊലപാതകമാണിത്. 2020 മെയ്യില്‍ ആയിരുന്നു വെള്ളക്കാരനായ പൊലീസ് ഉദ്യോഗസ്ഥന്‍ കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ലോയ്ഡിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയത്. ഡെറക് ഷോവിന് എന്ന ഉദ്യോഗസ്ഥന്‍ ഫ്‌ലോയ്ഡിനെ റോഡില്‍ കിടത്തി എട്ട് മിനിറ്റും 46 സെക്കന്റും നേരത്തേക്ക് കഴുത്തില്‍ കാലമര്‍ത്തി മര്‍ദിക്കുകയായിരുന്നു. തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ മരണം.
Content Highlight: American police beat and killed a black man again