കോഴിക്കോട്: രോഗീ സുരക്ഷാ ദിനത്തില്‍ അന്തര്‍ദേശീയ രോഗീ സുരക്ഷാ ലക്ഷ്യങ്ങള്‍ (ഐപിഎസ്ജി) ഉറപ്പാക്കി അമേരിക്കന്‍ ഓങ്കോളജി ഇന്‍സ്റ്റിറ്റ്യൂട്ട്. ബേബി മെമ്മോറിയല്‍ ആശുപത്രിയുമായി ചേര്‍ന്നാണ് സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയത്. ഇന്നലെയായിരുന്നു (സെപ്റ്റംബര്‍ 17) ലോക രോഗീ സുരക്ഷാദിനം.
രോഗീ പരിചരണത്തിനിടെയുണ്ടാകുന്ന അപകട സാധ്യതകളെ ഒഴിവാക്കുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളുന്ന ഐപിഎസ്ജി ബൂത്ത് കൂട്ടായ്മ പ്രവര്‍ത്തനങ്ങള്‍ (ടീം ആക്റ്റിവിറ്റി) അമേരിക്കന്‍ ഓങ്കോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ എല്ലാ മേഖലകളിലും നടന്നു.
അന്തര്‍ദേശീയ രോഗീസുരക്ഷാ ലക്ഷ്യങ്ങളോരോന്നും നൂതനവും കുറ്റമറ്റതുമായ രീതിയില്‍ നടപ്പാക്കാന്‍ ടീമുകള്‍ മുന്നോട്ടുവന്നു. രോഗികളെ ആശുപത്രിയില്‍ എത്തിക്കുന്നത് ഉള്‍പ്പെടെ സുരക്ഷാ വശങ്ങള്‍ ചിത്രീകരിച്ചു. അമേരിക്കന്‍ ഓങ്കോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃനിരയുടെ പ്രതിജ്ഞാബദ്ധത വീഡിയോ വഴി ടീം അംഗങ്ങളുമായി പങ്കുവച്ചു.
രോഗീ സുരക്ഷയ്ക്ക് ഏറെ പ്രാധാന്യം നല്‍കുന്നതായും ആറ് അന്തര്‍ദേശീയ രോഗീസുരക്ഷാ ലക്ഷ്യങ്ങള്‍ വിജയകരമായി നടപ്പില്‍വരുത്തിയതായും അമേരിക്കന്‍ ഓങ്കോളജി സിഒഒ ഡോ. വിജയ് വെമുരി പറഞ്ഞു. ഇതിന്റെ പൂര്‍ണത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി തങ്ങളുടെ 16 കാന്‍സര്‍ ആശുപത്രികളിലും പദ്ധതി നിരീക്ഷിക്കാനുള്ള സംവിധാനം ഒരുക്കിയതായും അദ്ദേഹം.
സുരക്ഷാ പരിചരണ സൗകര്യങ്ങളെ നിരീക്ഷിച്ചു വിലയിരുത്താറുണ്ടെന്നും ഇതിനുള്ള സാങ്കേതിക സൗകര്യങ്ങള്‍ തങ്ങള്‍ക്കുണ്ടെന്നും സ്ട്രാറ്റജി ആന്‍ഡ് ഓപ്പറേഷന്‍സ് എവിപി ഫൈസല്‍ സിദ്ദിഖ്വി പറഞ്ഞു. സംഭവങ്ങളെ അടിസ്ഥാനതലത്തില്‍ വിശലനം ചെയ്തു തത്സമയം റിപ്പോര്‍ട്ട് ചെയ്യാനുള്ള കാര്യക്ഷമമായ സംവിധാനം ഇതിനായി സഹായിക്കുന്നുണ്ടെന്നും അതുകൊണ്ടു പ്രശ്‌നങ്ങളെ കൃത്യമായി പരിഹരിച്ചു മുന്നോട്ടു പോകാനാകുമെന്നും അദ്ദേഹം.
പരിചരണത്തിലും ഗുണനിലവാരത്തിലും സുരക്ഷയിലും പുലര്‍ത്തുന്ന ഉന്നത നിലവാരമാണ് ഈ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതെന്ന് ഗ്രൂപ്പ് ചീഫ് നഴ്‌സിങ് ഓഫിസര്‍ സൈനു തോമസ് വ്യക്തമാക്കി.
കഴിഞ്ഞ ഒന്നര വര്‍ഷമായി കോവിഡ് മഹാമാരി ലോകത്തിനു മുന്നില്‍ വെല്ലുവിളിയുയര്‍ത്തുന്ന പശ്ചാത്തലത്തില്‍ ആരോഗ്യരംഗത്തെ സുരക്ഷയ്ക്കും പ്രാധാന്യമേറി. പിപിഇ യുടെ ലഭ്യത ഉറപ്പുവരുത്തുക മുതല്‍ ശുചീകരണം വരെയും മുന്‍നിര ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ പിന്തുണ നല്‍കുകയും പോലുള്ള വലിയ വെല്ലുവിളികളാണ് ലോകം നേരിടുന്നത്. ഈ സാഹചര്യത്തില്‍ രോഗീ സുരക്ഷാ ലക്ഷ്യങ്ങള്‍ കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു.
ലോകാരോഗ്യസംഘടനയുടെ കണക്കുപ്രകാരം ആശുപത്രികളിലെ പരിചരണ നിലവാരക്കുറവുകൊണ്ടു മാത്രം ആരോഗ്യ മേഖലയില്‍ പ്രതിവര്‍ഷം 13.4 കോടി അനിഷ്ട സംഭവങ്ങളുണ്ടാകുന്നുണ്ട്. ഇതിന്റെ ഭാഗമായി 26 ലക്ഷം പേര്‍ മരിക്കുന്നു. ദൗര്‍ഭാഗ്യവശാല്‍ ഇതില്‍ 40 ശതമാനം രോഗികള്‍ക്കും പരിക്കുകള്‍ സംഭവിക്കുന്നത് പ്രാഥമിക പരിചരണത്തിനിടെയാണ്. കണക്കുകള്‍ പ്രകാരം ഇത്തരം അപകടങ്ങളില്‍ 80 ശതമാനവും ഒഴിവാക്കാവുന്നതാണ്.