ഇസ്രഈലിന്റെ സൈനിക നീക്കത്തില്‍ യു.എസിനുള്ള പങ്ക് വ്യക്തമാക്കണം; ബൈഡനെതിരെ അമേരിക്കന്‍ എം.പിമാര്‍
World News
ഇസ്രഈലിന്റെ സൈനിക നീക്കത്തില്‍ യു.എസിനുള്ള പങ്ക് വ്യക്തമാക്കണം; ബൈഡനെതിരെ അമേരിക്കന്‍ എം.പിമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 3rd November 2024, 5:12 pm

വാഷിങ്ടണ്‍: ഫലസ്തീനിലെ യുദ്ധത്തില്‍ യു.എസ് സായുധ സേനയ്ക്കുള്ള പങ്കിനെ ചോദ്യം ചെയ്തത് അമേരിക്കന്‍ എം.പിമാര്‍. യു.എസ് സേനയുടെ പങ്ക് ചോദ്യം ചെയ്ത് എം.പിമാര്‍ പ്രസിഡന്റ് ജോ ബൈഡന് കത്തെഴുതിയതായി അനഡോലു റിപ്പോര്‍ട്ട് ചെയ്തു.

American MPs against Biden

ജോ ബൈഡൻ

ഇസ്രഈലിന് നല്‍കുന്ന പിന്തുണയെ യുണൈറ്റഡ് സ്റ്റേറ്റ്‌സ് കോണ്‍ഗ്രസ് അംഗീകരിച്ചിട്ടില്ലെന്നും എം.പിമാര്‍ ചൂണ്ടിക്കാട്ടി. തങ്ങളുടെ നിലപാട് തന്നെയാണ് യു.എസ് ഭരണഘടനയും രാജ്യത്തെ നിയമങ്ങളും അനുശാസിക്കുന്നതെന്നും അമേരിക്കന്‍ എം.പിമാര്‍ പറഞ്ഞു.

കോണ്‍ഗ്രസ് അംഗങ്ങളായ റാഷിദ ത്‌ലൈബ്, കോറി ബുഷ്, ആന്ദ്രെ കാര്‍സണ്‍, സമ്മര്‍ ലീ, ഇല്‍ഹാന്‍ ഒമര്‍ എന്നിവരാണ് ഫലസ്തീനികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരിക്കുന്നത്. ഇസ്രഈല്‍-ഫലസ്തീന്‍ സംഘര്‍ഷം രൂക്ഷമായ ആദ്യഘട്ടം മുതല്‍ നെതന്യാഹു ഭരണകൂടത്തിനെതിരെ നിലപാട് സ്വീകരിച്ച കോണ്‍ഗ്രസ് അംഗമാണ് റാഷിദ ത്‌ലൈബ്.

American MPs against Biden

റാഷിദ ത്‌ലൈബ്

ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ പരസ്യമായി യുദ്ധക്കുറ്റവാളിയെന്ന് വിശേഷിപ്പിച്ച് പ്രതിഷേധിച്ച യു.എസ് പ്രതിനിധി കൂടിയാണ് റാഷിദ.

ഇസ്രഈലിന് യു.എസ് ഭരണകൂടം നല്‍കുന്ന പിന്‍തുണ അമേരിക്കന്‍ ജനതയ്ക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്നും എം.പിമാര്‍ ചൂണ്ടിക്കാട്ടി. അമേരിക്കന്‍ ജനത ഗസയില്‍ വെടിനിര്‍ത്തല്‍, ബന്ദി കൈമാറ്റം തുടങ്ങിയ വിഷയങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും യു.എസ് എം.പിമാര്‍ പറയുന്നു.

ഗസ, വെസ്റ്റ് ബാങ്ക് ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇസ്രഈല്‍ സൈന്യത്തിന് യു.എസ് സേന നല്‍കുന്ന പിന്തുണ എത്രയാണെന്ന് ബൈഡന്‍ വ്യക്തമാക്കണമെന്നും എം.പിമാര്‍ ആവശ്യപ്പെട്ടു. യുദ്ധാധികാര പ്രമേയത്തിലെ സെക്ഷന്‍ 5(സി) പ്രകാരം ഫലസ്തീനിലെ അനധികൃത സായുധ സേനകളെ നീക്കം ചെയ്യാന്‍ നിര്‍ദേശിക്കുന്ന ഭരണഘടനാപരമായ അധികാരം കോണ്‍ഗ്രസ് വിനിയോഗിക്കുമെന്നും എം.പിമാര്‍ കത്തില്‍ അറിയിച്ചു.

ഗസയ്ക്ക് പുറമെ ലെബനന്‍, ഇറാന്‍, യെമന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഇസ്രഈല്‍ നടത്തുന്ന നീക്കങ്ങള്‍ക്ക് യു.എസ് നല്‍കുന്ന പിന്തുണയ്‌ക്കെതിരെയും എം.പിമാര്‍ അതൃപ്തി പ്രകടിപ്പിച്ചു.

നിലവിലെ കണക്കുകള്‍ പ്രകാരം ഇസ്രഈല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ 43,259 ഫലസ്തീനികള്‍ ഇതുവരെ കൊല്ലപ്പെട്ടിട്ടുണ്ട്. 101,827 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

Content Highlight: American MPs against Biden