ചിക്കാഗോ: പ്രളയബധിതര്‍ക്ക് വേണ്ടി അമേരിക്കയിലെ മലയാളികള്‍ സമാഹരിച്ചത് 10.5 കോടി രൂപ. ഫേസ്ബുക്കില്‍ നടത്തിയ ഫണ്ട് റൈസിങ്ങ് ക്യാംപയിനിങ്ങിലൂടെയാണ് അരുണ്‍ നെല്ലാ, അജോമോന്‍ എന്നിവര്‍ ചേര്‍ന്ന് ചിക്കാഗോയില്‍ നിന്ന് ദുരിതാശ്വാസ നിധിയിലേക്ക് തുക സമാഹരിച്ചത്.
കോട്ടയം സ്വദേശികളായ ഇരുവരും ബിസിനസുകാരാണ്. സുഹൃത്തുക്കളോടാണ് അരുണ്‍ ആദ്യം ഫണ്ട് റൈസിങ്ങ് ക്യാംപയിനിങ്ങിനെ കുറിച്ച് പറയുന്നത്. അവര്‍ക്ക് സമ്മതമായതോടെ കാംപയിന്‍ തുടങ്ങി.
മലയാളികളില്‍ നിന്നും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരില്‍ നിന്നുമാണ് ഏറെയും സംഭാവന ലഭിച്ചിരിക്കുന്നത്. കേരള ഫ്‌ളഡ് റിലീഫ് ഫണ്ട് ഫ്രം യു.എസ്.എ എന്ന പേരിലാണ് തുക ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് നല്‍കുക.
ഫണ്ട് റൈസിങ്ങിനെ കുറിച്ച് അറിഞ്ഞ് മുഖ്യമന്ത്രി ഇരുവരേയും കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയെ നേരില്‍ കണ്ട് കേരളത്തിന്റെ നന്ദി സ്വീകരിക്കണമെന്നും അത് കേരളത്തിന് സന്തോഷമാകുമെന്നും മുഖ്യമന്ത്രിയുടെ സെക്രട്ടറി എം. ശിവശങ്കര്‍ ഐ.എ.എസ് അയച്ച കത്തില്‍ പറയുന്നുണ്ട്.
കൂടാതെ കേരളത്തിലുള്ള സ്റ്റാര്‍ട്ട് അപ്പുകളുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കാമെന്നും മുഖ്യമന്ത്രിയുടെ കത്തില്‍ പറയുന്നുണ്ട്.
അതേസമയം, സംഭവത്തിന്റെ പ്രാധാന്യം മനസിലാക്കി അടുത്ത ആഴ്ച തന്നെ നാട്ടിലെത്തി ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഏല്‍പ്പിക്കുമെന്ന് അരുണും അജോമോനും പറയുന്നു.