| Saturday, 20th July 2024, 9:26 am

ചാരവൃത്തിക്കേസ്; അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകന് റഷ്യയില്‍ 16 വര്‍ഷം തടവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മോസ്‌കോ: ചാരവൃത്തി നടത്തിയെന്ന ആരോപണത്തില്‍ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന് റഷ്യയില്‍ 16 വര്‍ഷം തടവ്. മോസ്‌കോയിലെ വാള്‍സ്ട്രീറ്റ് ജേര്‍ണലിന്റെ റിപ്പോര്‍ട്ടര്‍ ഇവാന്‍ ഗെര്‍ഷ്‌കോവിച്ചാണ് തടവിലാക്കപ്പെട്ടത്. റിപ്പോര്‍ട്ടര്‍ക്കെതിരായ കേസ് റഷ്യ കെട്ടിച്ചമച്ചതാണെന്ന് വാള്‍സ്ട്രീറ്റ് ജേര്‍ണലും അമേരിക്കയും പ്രതികരിച്ചു.

മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ തന്റെ ജോലി സത്യസന്ധതയോടെ ചെയ്തതിനാണ് തങ്ങളുടെ സഹപ്രവര്‍ത്തകന്‍ ഇത്തരത്തില്‍ അപമാനപ്പെട്ടതെന്നാണ് ഡൗ ജോണ്‍സ് സി.ഇ.ഒയും വാള്‍സ്ട്രീറ്റ് ജേണല്‍ പബ്ലിഷറുമായ അല്‍മര്‍ ലത്തൂര്‍ പറഞ്ഞത്.

2023 മാര്‍ച്ചിലാണ് ഇവാന്‍ ചാരവൃത്തി കേസില്‍ അറസ്റ്റിലാകുന്നത്. യെകാറ്ററിന്‍ബര്‍ഗ് എന്ന പട്ടണത്തില്‍ നിന്നാണ് മോസ്‌കോ പൊലീസ് മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തത്. യു.എസിന് വേണ്ടി വിവരങ്ങള്‍ ചോര്‍ത്തുകയാണെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്.

Also Read: വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം; പൂജ ഖേദ്ക്കറിന്റെ ഐ.എ.എസ് റദ്ദാക്കാനൊരുങ്ങി യു.പി.എസ്.സി

18 വര്‍ഷത്തെ തടവാണ് ഇവാനെതിരെ പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടത്. ഉക്രൈൻ-റഷ്യ യുദ്ധത്തിനായി ടാങ്കറുകൾ നിർമിക്കുന്ന ഒരു കമ്പനിയെക്കുറിച്ച് യു.എസ് സെൻട്രൽ ഇൻ്റലിജൻസ് ഏജൻസിയുടെ ഉത്തരവനുസരിച്ച് ഗെർഷ്‌കോവിച്ച് രഹസ്യ വിവരങ്ങൾ ശേഖരിച്ചെന്നുവെന്നാണ് പ്രോസിക്യൂഷൻ ഉയർത്തിയ പ്രധാന വാദം.

ലെഫോര്‍ട്ടോവോ ജയിലില്‍ തടവിലാക്കപ്പെട്ട് 478 ദിവസങ്ങള്‍ക്ക് ശേഷമാണ് കോടതി ഇവാന് തടവുശിക്ഷ വിധിച്ചത്. ഇവാന്റെ പക്കലുണ്ടായിരുന്ന മൊബൈല്‍ ഫോണും നോട്ടുപുസ്തകങ്ങളും നശിപ്പിക്കാനും കോടതി ഉത്തരവിട്ടു. കോടതി വിധിയില്‍ പ്രതികരിക്കാന്‍ താത്പര്യമുണ്ടോ എന്ന ചോദ്യത്തിന്, ‘ഇല്ല…നിങ്ങളോട് ബഹുമാനം മാത്രമേയുള്ളു’വെന്ന് ജസ്റ്റിസ് ആന്ദ്രേ മിനേവിന് ഇവാന്‍ ഗെര്‍ഷ്‌കോവിച്ച് മറുപടി നല്‍കി.

Also Read: ‘നീറ്റ് ഫെഡറലിസത്തിലേക്കുള്ള കടന്നുകയറ്റം’; പ്രതിപക്ഷ വിദ്യാര്‍ത്ഥി നേതാക്കള്‍ സംസാരിക്കുന്നു

അതേസമയം മാധ്യമപ്രവര്‍ത്തകന്‍ ഇതുവരെ കുറ്റം ചെയ്തുവെന്ന് സമ്മതിച്ചിട്ടില്ലെന്ന് കോടതിയുടെ പ്രസ് സര്‍വീസ് അറിയിച്ചു. കൂടാതെ ഇവാന്‍ ഗെര്‍ഷ്‌കോവിച്ചിന്റെ കൈമാറ്റത്തിനായി യു.എസുമായി കൂടിയാലോചനകള്‍ നടത്തിയതായി റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് ഐക്യരാഷ്ട്ര സഭയെ അറിയിച്ചു.

ഗെര്‍ഷ്‌കോവിച്ചിനെയും മറ്റ് അമേരിക്കന്‍ തടവുകാരെയും യു.എസിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു.

Content Highlight: American journalist jailed for 16 years in Russia on charges of espionage

We use cookies to give you the best possible experience. Learn more