വാഷിംഗ്ടണ്‍: വടക്കു കിഴക്കന്‍ ദല്‍ഹിയില്‍ മുസ്‌ലിങ്ങള്‍ക്കെതിരെ നടന്ന കലാപത്തില്‍ പ്രതിഷേധമറിയിച്ച് അമേരിക്കയില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്ത റാലി. അമേരിക്കയിലെ പ്രധാന നഗരങ്ങളിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുകളിലേക്കാണ് ഇന്ത്യന്‍ അമേരിക്കക്കാര്‍ മാര്‍ച്ച് നടത്തിയത്.
വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു പ്രതിഷേധ പ്രകടനം. കോണ്‍സുലേറ്റിന് മുന്നില്‍ ഒത്തുകൂടിയ പ്രതിഷേധക്കാര്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിനകത്തേക്കും പുറത്തേക്കും ഉദ്യോഗസ്ഥര്‍ പോകുമ്പോള്‍ ‘ഷേയ്ം ഷേയ്ം’ എന്ന് മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
അമേരിക്കയിലെ പൗര സംഘടനകളായ അലയന്‍സ് ഫോര്‍ സൗത്ത് ഏഷ്യന്‍സ് ടേക്കിംഗ് ആക്ഷന്‍, ചിക്കാഗോ എഗൈന്‍സ്റ്റ് ഹിന്ദു ഫാസിസം, ബേ ഏരിയ എഗൈന്‍സ്റ്റ് ഹിന്ദു ഫാസിസവും ദല്‍ഹിയില്‍ 1984ലെ സിഖ് കൂട്ടക്കൊല മുതല്‍ തുടര്‍ന്നു വരുന്ന കലാപങ്ങളില്‍ പ്രതിഷേധിച്ചു കൊണ്ട് രംഗത്തെത്തി.
ഏകദേശം മുന്നൂറോളം പേരാണ് ന്യൂയോര്‍ക്കിലെ റാലിയില്‍ സി.എ.എ എടുത്തു കളയണമെന്ന മുദ്രാവാക്യവുമായി പങ്കെടുത്തതെന്ന് സംഘാടകര്‍ പറഞ്ഞു.
ദളിത്-മതന്യൂനപക്ഷങ്ങളെ ലക്ഷ്യംവെച്ചു കൊണ്ട് ബി.ജെ.പി നടപ്പാക്കി വരുന്ന ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെയും ആളുകള്‍ പ്രതിഷേധിച്ചു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ന്യൂയോര്‍ക്കില്‍ വെച്ചു നടന്ന റാലിയില്‍ പ്രതിഷേധക്കാര്‍ കോണ്‍സുലേറ്റിന് ചുറ്റും മാര്‍ച്ച് നടത്തി. ‘അവരുടെ നിശബ്ദത ഒരു പാര്‍ട്ടിയെ കൂട്ടക്കൊല നടത്താന്‍ പ്രേരിപ്പിച്ചുവെന്ന കാര്യം കോണ്‍സുലേറ്റിന് ചുറ്റുമുള്ളവര്‍ അറിയണം എന്നുള്ളതുകൊണ്ടാണ് കോണ്‍സുലേറ്റ് വലംവെച്ച് മാര്‍ച്ച് ചെയ്തത്,’ സംഘാടകരിലൊരാള്‍ അറിയിച്ചു.
ചിക്കാഗോയില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ ഐ.ടി പ്രൊഫഷണലുകളും മുതിര്‍ന്ന പൗരന്മാരും അധ്യാപകരുമടക്കം നൂറുകണക്കിന് പേരാണ് വെള്ളിയാഴ്ച പങ്കെടുത്തതെന്ന് ചിക്കാഗോയിലെ സംഘാടകര്‍ പറഞ്ഞു. അറ്റലാന്റയില്‍ വെച്ചു നടന്ന പ്രകടനത്തില്‍ എണ്‍പതോളം പേരാണ് പങ്കെടുത്തത്.
സര്‍ക്കാര്‍ തന്നെയാണ് കലാപത്തിന് ആഹ്വാനം നല്‍കിയിരിക്കുന്നതെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.
വടക്കു കിഴക്കന്‍ ദല്‍ഹിയില്‍ മുസ് ലിങ്ങള്‍ക്കെതിരെ നടന്ന കലാപത്തില്‍ 43 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇരുന്നൂറിലേറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മൂന്നു ദിവസം നീണ്ടു നിന്ന കലാപത്തില്‍ ഹിന്ദുത്വ തീവ്രവാദികള്‍ മുസ്‌ലിങ്ങളുടെ വീടുകള്‍ തെരഞ്ഞുപിടിച്ച് അക്രമിക്കുകയും പള്ളിക്ക് തീയിടുകയും ചെയ്തിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ദല്‍ഹിയുടെ തെരുവുകളില്‍ സമാധാനപരമായി ഇരുന്ന് പ്രതിഷേധിക്കുന്നവരെ തുടച്ചു നീക്കണമെന്ന് ബി.ജെ.പി നേതാവ് കപില്‍ മിശ്ര പറഞ്ഞതിന് പിന്നാലെയാണ് കലാപം പൊട്ടിപുറപ്പെട്ടത്.