ഐ.പി.എല്ലിന് നേരെ ഗൂഗിളും
IPL
ഐ.പി.എല്ലിന് നേരെ ഗൂഗിളും
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 11th May 2022, 9:50 pm

ഐ.പി.എല്ലിന്റെ സംപ്രേക്ഷണാവകാശത്തിനുള്ള മീഡിയ ലേലത്തില്‍ അമേരിക്കന്‍ ഭീമനായ ഗൂഗിളും എത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ആമസോണും ഐ.പി.എല്ലിന്റെ സംപ്രേക്ഷണാവകാശത്തിനായി രംഗത്തുണ്ടെന്നിരിക്കെയാണ് ലേലം കൊഴുപ്പിക്കാന്‍ ഗൂഗിളുമെത്തുന്നത്. കടുത്ത മത്സരമാണ് പണമൊഴുക്കിന്റെ ലീഗായ ഐ.പി.എല്ലിന്റെ സംപ്രേക്ഷണാവകാശത്തിനായി നടക്കുന്നത്.

ലോകത്തിലെ ഏറ്റവും പോപ്പുലറായ ക്രിക്കറ്റ് ഫ്രാഞ്ചൈസി ലീഗില്‍ തങ്ങളുമുണ്ടാവണമെന്ന ലക്ഷ്യത്തിന്റെ പുറത്താണ് ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആല്‍ഫബെറ്റ് ലേലത്തിനെത്തുന്നത്. മീഡിയ ലേലവുമായി ബന്ധപ്പെട്ട രേഖകള്‍ ബി.സി.സി.ഐയില്‍ നിന്നും ആല്‍ഫബെറ്റ് വാങ്ങിയതായാണ് സൂചനകള്‍.

കണക്കുകള്‍ പ്രകാരം പ്രീമിയര്‍ ലീഗിനും അമേരിക്കന്‍ ഫുട്‌ബോള്‍ ലീഗായ നാഷണല്‍ ഫുട്‌ബോള്‍ ലീഗിനും (എന്‍.എഫ്.എല്‍) ശേഷം ലോകത്ത് ഏറ്റവുമധികം ആളുകള്‍ കാണുന്ന ഫ്രാഞ്ചൈസി ലീഗാണ് ഐ.പി.എല്‍. ഇതുതന്നെയാണ് ആല്‍ഫബെറ്റിന് ഐ.പി.എല്ലിലേക്ക് കണ്ണെത്താനുള്ള കാരണവും.

ജൂണ്‍ 12 മുതലാണ് മീഡിയ ലേലം നടക്കുന്നത്. 2023 മുതല്‍ 2027 വരെ അഞ്ച് വര്‍ഷത്തേക്കുള്ള സംപ്രേക്ഷണാവകാശമാണ് ലേലത്തില്‍ വിജയിക്കുന്നവര്‍ക്ക് ലഭിക്കാന്‍ പോവുന്നത്.

ഗൂഗിളിന് പുറമെ അമേരിക്കന്‍ ഭീമനായ ആമസോണ്‍, മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, സീ എന്റര്‍ടെയ്ന്‍മെന്റ് എന്റര്‍പ്രൈസസ് ലിമിറ്റഡ്, ഡ്രീം ഇലവന്‍, ദി വാള്‍ട്ട് ഡിസ്‌നി കമ്പനി എന്നവരും ലേലത്തില്‍ പങ്കെടുക്കാന്‍ താത്പര്യം അറിയിച്ചിട്ടുണ്ട്.

ദക്ഷിണാഫ്രിക്ക ആസ്ഥാനാനമായി പ്രവര്‍ത്തിക്കുന്ന സൂപ്പര്‍സ്‌പോര്‍ട്ട് പോലും ബി.സി.സി.ഐയില്‍ നിന്നും ലേലത്തെ സംബന്ധിക്കുന്ന രേഖകള്‍ വാങ്ങിയിട്ടുണ്ട്.

ആമസോണും റിലയന്‍സുമാണ് സംപ്രേക്ഷണാവകാശത്തിനായി അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുന്നത്. 6.7 ബില്യണ്‍ യു.എസ് ഡോളറാണ് (ഏകദേശം അമ്പതിനായിരം കോടി രൂപ) വാരിയെറിയുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ തവണത്തെക്കാള്‍ മൂന്നിരട്ടിയാണ് ഇത്തവണ ലേലത്തില്‍ ഒഴുകുന്നത്. 45,000 കോടിയെങ്കിലും ലഭിച്ചാല്‍ മാത്രമേ സംപ്രേഷണാവകാശം നല്‍കൂ എന്ന് ബി.സി.സി.ഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ എത്ര മുടക്കിയാലും ഐ.പി.എല്‍ സംപ്രേഷണാവകാശം വേണമെന്ന വാശിയിലാണ് ആമസോണും റിലയന്‍സും. ഇക്കൂട്ടത്തിലേക്കാണ് ഇപ്പോള്‍ ഗൂഗിളും എത്തിയിരിക്കുന്നത്.

നിലവില്‍ സ്റ്റാര്‍ ഇന്ത്യയാണ് ഐ.പി.എല്‍ മത്സരങ്ങള്‍ സംപ്രേഷണം ചെയ്യുന്നത്. 16,348 കോടി മുടക്കിയായിരുന്നു സ്റ്റാര്‍ ഇന്ത്യ ‘ഐ.പി.എല്‍’ ലേലത്തില്‍ പിടിച്ചത്. സീ എന്റര്‍ടെയ്ന്‍മെന്റില്‍ നിന്നാണ് സ്റ്റാര്‍ ഇന്ത്യ ഐ.പി.എല്‍ സംപ്രേഷണാവകാശം ഏറ്റെടുത്തിരുന്നത്.

ഇതിന് മുമ്പ് സ്റ്റാര്‍ ഇന്ത്യയും സോണി പിക്ചേഴ്സും 8,200 കോടി രൂപയ്ക്ക് പത്തു വര്‍ഷത്തേക്ക് ഏറ്റെടുത്തിരുന്ന കരാറാണ് ഇപ്പോള്‍ 50,000 കോടിയിലെത്തി നില്‍ക്കുന്നത്.

കാഴ്ചക്കാരുടെ ബാഹുല്യമാണ് കമ്പനികളെ ഐ.പി.എല്ലിലേക്ക് ആകര്‍ഷിക്കുന്നത്. 2021 സീസണിലെ ആദ്യ പാദത്തില്‍ മാത്രം 350 ദശലക്ഷം പേരാണ് ഐ.പി.എല്‍ കണ്ടത്.

അതേസമയം, തങ്ങളുടെ സംപ്രേഷണ സംരംഭമായ വയാകോം 18ല്‍ 1.6 ബില്യണ്‍ യു.എസ് ഡോളറിന്റെ നിക്ഷേപമിറക്കാന്‍ റിലയന്‍സ് ഈയിടെ തീരുമാനിച്ചിരുന്നു. നേരത്തെ, ലാലീഗയുടെ സംപ്രേഷണാവകാശവും വയാകോം സ്വന്തമാക്കിയിരുന്നു.

 

Content Highlight:  American Giants Google Join Race For IPL Media Rights – Reports