കാബൂള്‍: അഫ്ഗാനിലുള്ള സിഖ്, ഹിന്ദു വിഭാഗത്തില്‍പ്പെട്ടവര്‍ ഇന്ത്യയിലേക്ക് വരുന്നതിന് വിസമ്മതിച്ചതായി റിപ്പോര്‍ട്ട്. അമേരിക്കയിലേക്കോ കാനഡയിലേക്കോ പോകണമെന്നാണ് ഇവര്‍ ആഗ്രഹിക്കുന്നതെന്ന് അഫ്ഗാന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇതിനാല്‍ ഇവരുടെ ഇന്ത്യയിലേക്കുള്ള എയര്‍ലിഫ്റ്റിംഗ് വൈകുകയാണെന്ന് ഇന്ത്യന്‍ വേള്‍ഡ് ഫോറം പ്രസിഡന്റ് പുനീത് സിംഗ് ചന്ദോഖ് പറഞ്ഞു.
ഗുരുദ്വാര കര്‍തെ പര്‍വനിലുള്ള 80 ഓളം വരുന്ന സിഖ്, ഹിന്ദു വിഭാഗത്തില്‍പ്പെട്ടവര്‍ ഇന്ത്യയിലേക്ക് പലായനം ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. കേന്ദ്രസര്‍ക്കാര്‍ രക്ഷാദൗത്യം അവസാനിപ്പിക്കുന്നതിന് മുന്‍പായി ഇവരോട് അന്തിമ തീരുമാനം എടുക്കണമെന്നാണ് പറഞ്ഞിരിക്കുന്നത്.
”ഇന്ത്യ ഈ ആളുകള്‍ക്ക് ഏറ്റവും ഉയര്‍ന്ന തലത്തില്‍ സൗകര്യമൊരുക്കുന്നുണ്ട്, എന്നിട്ടും അവര്‍ക്ക് രണ്ടുതവണ വിമാനങ്ങള്‍ നഷ്ടമായി,” പുനീത് പറഞ്ഞു.
താലിബാന്‍ അഫ്ഗാന്‍ പിടിച്ചടക്കിയതിന് പിന്നാലെ രാജ്യത്തെ സിഖുകാരും ഹിന്ദുക്കളും ഗുരുദ്വാര കാര്‍തെ പര്‍വാനിലാണ് അഭയം തേടിയിരുന്നത്. ഇവിടെ എത്തിയതിന് ശേഷം അഫ്ഗാന്‍ സിഖുകാരും ഹിന്ദുക്കളും പുറത്തിറക്കിയ ആദ്യ വീഡിയോയില്‍, അവരുടെ നേതാക്കളിലൊരാളായ തല്‍വീന്ദര്‍ സിംഗ് കാനഡയിലേക്കോ യു.എസിലേക്കോ കുടിയേറണമെന്ന് ആഗ്രഹിക്കുന്നതായി പ്രത്യേകം പറഞ്ഞിരുന്നു.
ഒരു സിഖ് സംഘടന ഇവര്‍ക്കായി ചാര്‍ട്ടേഡ് വിമാനങ്ങള്‍ തയ്യാറാക്കിയിരുന്നെന്നും എന്നാല്‍ കാബൂള്‍ വിമാനത്താവളത്തിലേക്ക് പ്രവേശനം ലഭിക്കാതിരുന്നതിനാല്‍ എയര്‍ലിഫ്റ്റിംഗ് സാധ്യമായില്ലെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
നേരത്തെ അഫ്ഗാനിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ച 72 പേരെ താലിബാന്‍ തടഞ്ഞിരുന്നു. ഹിന്ദുക്കളും സിഖുകാരുമായ അഫ്ഗാന്‍ പൗരന്മാരെയാണ് തടഞ്ഞത്.
കാബൂള്‍ വിമാനത്താവളം വഴി ഇന്ത്യന്‍ വ്യോമസേനയുടെ വിമാനത്തില്‍ രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് തടഞ്ഞത്. രക്ഷപ്പെടാന്‍ ശ്രമിച്ച സംഘത്തില്‍ രണ്ട് മുന്‍ പാര്‍ലമെന്റംഗങ്ങളും ഉള്‍പ്പെട്ടിരുന്നു. നരീന്ദര്‍ സിംഗ് ഖല്‍സ, അനാര്‍ക്കലി കൗര്‍ ഹൊനാര്‍യാര്‍ എന്നീ ന്യൂനപക്ഷ എം.പിമാരാണ് സംഘത്തിലുണ്ടായിരുന്നത്.
രക്ഷപ്പെടാന്‍ ശ്രമിച്ച 72 പേരും അഫ്ഗാനികള്‍ ആയതിനാല്‍ അഫ്ഗാനിലേക്ക് തിരിച്ചുപോകാന്‍ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു താലിബാന്‍ അവരെ തിരിച്ചയച്ചത്.
അതേസമയം ഇന്ത്യയിലെത്തിയാല്‍ ജോലിയുടെ കാര്യത്തില്‍ ഉറപ്പുണ്ടാകില്ലെന്നതാണ് ഇവരെ അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളിലേക്ക് കുടിയേറാന്‍ പ്രേരിപ്പിക്കുന്നത്.
“ഇന്ത്യയിലേക്ക് പലായനം ചെയ്തവരുടെ വിധിയെന്താണെന്ന് ഞങ്ങള്‍ക്കറിയാം. അവിടെ തൊഴിലവസരങ്ങളില്ല. പലരും ഇവിടേക്ക് തിരിച്ചുവരികയോ മറ്റ് രാജ്യങ്ങളിലേക്ക് പോകുകയോ ചെയ്തിട്ടുണ്ട്,” അഫ്ഗാന്‍ വൃത്തങ്ങള്‍ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: ‘American dreams’ of Afghan Hindus, Sikhs delay airlift