വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം കയ്യടക്കിയ സംഭവത്തെ അമേരിക്കയിലെ ക്യാപിറ്റോള്‍ ആക്രമണത്തോട് ഉപമിച്ച് പ്രശസ്ത ഡോക്യുമെന്ററി സംവിധായകന്‍ മൈക്കിള്‍ മൂര്‍. എല്ലാവര്‍ക്കും അവരവരുടേതായ താലിബാനുകളുണ്ടെന്നായിരുന്നു അമേരിക്കക്കാരനായ
മൈക്കിള്‍ ട്വീറ്റ് ചെയ്തത്.
താലിബാന്‍ ഭീകരര്‍ അഫ്ഗാന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക ഭവനത്തില്‍ കയറിയിരിക്കുന്നതിന്റെയും, തീവ്ര ട്രംപ് അനുകൂലികള്‍ അമേരിക്കന്‍ പാര്‍ലമെന്റായ ക്യാപിറ്റോള്‍ മന്ദിരത്തില്‍ കയറിയതിന്റെയും ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് മൈക്കിളിന്റെ ട്വീറ്റ്.
‘അവര്‍ക്കുണ്ടൊരു താലിബാന്‍, നമുക്കുണ്ടൊരു താലിബാന്‍, എല്ലാവര്‍ക്കുമുണ്ടൊരു താലിബാന്‍. അധികാരത്തിന്റെ ഇടനാഴികള്‍ കയ്യടക്കുന്നതിലാണ് ഇവരുടെ ‘മികവ്’ മുഴുവന്‍ പുറത്തുകാണാനാകുക,’ മൈക്കിള്‍ മൂര്‍ പറഞ്ഞു.
ജനുവരി ആറിനായിരുന്നു ക്യാപിറ്റോള്‍ ആക്രമണം നടന്നത്. പുതിയ പ്രസിഡന്റായി ജോ ബൈഡനെ പ്രഖ്യാപിക്കുന്നതിനുള്ള യു.എസ് കോണ്‍ഗ്രസ്-സെനറ്റ് സംയുക്ത യോഗം നടക്കുന്നതിനിടെ ട്രംപ് അനുകൂലികള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. അന്നു നടന്ന സംഘര്‍ഷത്തില്‍ അഞ്ച് പേരായിരുന്നു കൊല്ലപ്പെട്ടത്.
വാഷിംഗ്ടണിലേക്ക് മാര്‍ച്ച് നടത്താനും തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാതിരിക്കാനും മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആഹ്വാനം ചെയ്തിരുന്നു. അമേരിക്കന്‍ ചരിത്രത്തിലാദ്യമായിട്ടായിരുന്നു വാഷിംഗ്ടണ്‍ ഡി.സിയില്‍ അത്രയും ഗൗരവമായ സുരക്ഷാ ലംഘനങ്ങള്‍ നടന്നത്.
അമേരിക്കന്‍ ജനാധിപത്യത്തിനേറ്റ ഏറ്റവും വലിയ കളങ്കമായിട്ടാണ് ക്യാപിറ്റോള്‍ ആക്രമണം വിലയിരുത്തപ്പെടുന്നത്.
20 വര്‍ഷത്തിന് ശേഷം അമേരിക്കന്‍ സൈന്യത്തെ പൂര്‍ണമായും പിന്‍വലിക്കാനുള്ള തീരുമാനമുണ്ടായതിന് പിന്നാലെയാണ് താലിബാന്‍ അഫ്ഗാനില്‍ ആക്രമണം ശക്തമാക്കിയതും കുറഞ്ഞ ദിവസങ്ങള്‍ക്കൊണ്ട് രാജ്യം പിടിച്ചടക്കിയതും.
അഫ്ഗാനിസ്ഥാന്റെ ഭരണം പൂര്‍ണമായും പിടിച്ചെടുത്തതായി താലിബാന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. രാജ്യം കീഴടക്കിയതോടെ അഫ്ഗാനിസ്ഥാന്റെ പേരും താലിബാന്‍ മാറ്റിക്കഴിഞ്ഞു. ഇസ്‌ലാമിക് എമിറേറ്റ്സ് ഓഫ് അഫ്ഗാന്‍ എന്നാണ് പുതിയ പേര്.
രാജ്യം വിട്ട അഫ്ഗാന്‍ പ്രസിഡന്റ് അഷറഫ് ഘാനിയും മന്ത്രിസഭാംഗങ്ങളുമെല്ലാം നിലവില്‍ അയല്‍രാജ്യമായ തജിക്കിസ്ഥാനിലാണ് അഭയം തേടിയിരിക്കുന്നത്.
താലിബാന്‍ അഫ്ഗാന്‍ കയ്യടക്കിയതിന് പിന്നാലെ ഏതു വിധേനയും രാജ്യത്ത് നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ് സാധാരണക്കാരായ അഫ്ഗാന്‍ പൗരന്മാര്‍. പറന്നുയരാന്‍ പോകുന്ന വിമാനങ്ങള്‍ക്ക് ചുറ്റും ആളുകള്‍ തടിച്ചുകൂടുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസങ്ങളിലായി പുറത്തുവന്നിരുന്നു.
അഫ്ഗാനില്‍ താലിബാന്‍ ഇസ്‌ലാമിക് നിയമസംഹിതയായ ശരീഅത്ത് കര്‍ശനമായി നടപ്പിലാക്കുമെന്ന ഭയത്തിലാണ് ജനങ്ങള്‍. നേരത്തെ താലിബാന്‍ അധികാരത്തിലുണ്ടായിരുന്ന സമയത്തുണ്ടായിരുന്ന കര്‍ക്കശ നിയന്ത്രണങ്ങള്‍ മടങ്ങിവരുമെന്ന ഈ പേടിയിലാണ് ജനങ്ങള്‍ പലായനത്തിനൊരുങ്ങുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: American Director Michael Moore compares Taliban and Capitol attacked Trump supporters