വാഷിങ്ടണ്‍: അമേരിക്കന്‍ നിയമനിര്‍മാണ സഭയില്‍ വ്യാഴാഴ്ച ഇന്ത്യന്‍ പ്രധാനമന്ത്രി നടത്തുന്ന പ്രസംഗം ബഹിഷ്‌കരിക്കുമെന്ന് അമേരിക്കന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ രണ്ട് മുസ്‌ലിം വനിതാ നേതാക്കള്‍. അമേരിക്കന്‍ കോണ്‍ഗ്രസിലെ മിനസോട്ടയില്‍ നിന്നുള്ള പ്രതിനിധി ഇല്‍ഹാന്‍ ഒമര്‍, മിഷിഗണില്‍ നിന്നുള്ള പ്രതിനിധി റാഷിദ ത്‌ലൈബ് എന്നിവരാണ് മോദിയുടെ പ്രസംഗവേളയില്‍ നിന്ന് വിട്ടുനില്‍ക്കുക.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സര്‍ക്കാര്‍ രാജ്യത്ത് ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തുകയാണെന്ന് ഇല്‍ഹാന്‍ ഒമര്‍ ആരോപിച്ചു. മോദി സര്‍ക്കാര്‍ അക്രമാസക്തരായ ഹിന്ദു ദേശീയവാദ ഗ്രൂപ്പുകളെ ശക്തിപ്പെടുത്തുകയാണെന്നും, മാധ്യമ പ്രവര്‍ത്തകരെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും സര്‍ക്കാര്‍ കടന്നാക്രമിക്കുകയുമാണെന്നും അവര്‍ ട്വീറ്റ് ചെയ്തു.
പ്രസംഗത്തില്‍ പങ്കെടുക്കുന്നതിന് പകരം മോദിയുടെ അടിച്ചമര്‍ത്തലിന്റെയും അക്രമങ്ങളുടെയും കണക്കുകള്‍ മനുഷ്യാവകാശ ഗ്രൂപ്പുകള്‍ക്ക് മുന്നില്‍ വിവരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മിഷിഗണിലെ 12ാം ജില്ലയെ പ്രതിനിധീകരിക്കുന്ന മറ്റൊരു ഡെമോക്രാറ്റിക് കോണ്‍ഗ്രസ് പ്രതിനിധി റാഷിദ ത്‌ലൈബും യു.എസ് കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തില്‍ മോദിയുടെ പ്രസംഗത്തില്‍ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചു. അമേരിക്കന്‍ നിയമനിര്‍മാണ സഭയിലേക്കുള്ള മോദിയുടെ സന്ദര്‍ശനം ലജ്ജാകരമാണെന്ന് അവര്‍ വിമര്‍ശിച്ചു.
‘നമ്മുടെ രാജ്യ തലസ്ഥാനത്ത് മോദിക്ക് ഒരു വേദി നല്‍കിയത് ലജ്ജാകരമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മനുഷ്യാവകാശ ലംഘനങ്ങള്‍, ജനാധിപത്യ വിരുദ്ധ നടപടികള്‍, മുസ്‌ലിങ്ങളെയും മതന്യൂനപക്ഷങ്ങളെയും ലക്ഷ്യം വെച്ചുള്ള നീണ്ടകാലത്തെ ചരിത്രം, മാധ്യമ പ്രവര്‍ത്തകരെ സെന്‍സര്‍ ചെയ്യുന്നത്, എന്നിവയൊന്നും തനിക്ക് അംഗീകരിക്കാനാവില്ല’ ത്‌ലൈബ് ട്വീറ്റ് ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് തിങ്കളാഴ്ച തുടക്കമായിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം.
ഇന്ന് അന്താരാഷ്ട്ര യോഗ ദിനത്തില്‍ ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്ര സഭ ആസ്ഥാനത്തെ യോഗ സെഷന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നല്‍കി. നാളെ അമേരിക്കന്‍ കോണ്‍ഗ്രസിനെ നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. നാളെയാണ് സുപ്രധാനമായ നയതന്ത്ര ചര്‍ച്ചകളും നടക്കുക.