ജസ്പ്രീത് ബുംറക്കൊപ്പം കളിച്ച നിമിഷങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും 2012ലെ U19 ലോകകപ്പ് വിന്നിങ് ടീമിലെ അംഗവുമായ സ്മിത് പട്ടേല്‍. ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരെ വിജയ റണ്‍സ് കുറിച്ചതും സ്മിത് പട്ടേലായിരുന്നു.
ഇന്ത്യയില്‍ ആഭ്യന്തര ക്രിക്കറ്റ് കളിച്ച പട്ടേല്‍ 2020ല്‍ അമേരിക്കയിലേക്ക് ചേക്കേറുകയായിരുന്നു. ഇന്ത്യയില്‍ ഗുജറാത്തിനും ത്രിപുരക്കും ബറോഡക്കും വേണ്ടി പട്ടേല്‍ ഡൊമസ്റ്റിക് ക്രിക്കറ്റ് കളിച്ചിരുന്നു. ഇക്കാലയളവില്‍ ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറക്കൊപ്പം പിച്ച് പങ്കിടാനും താരത്തിന് സാധിച്ചിരുന്നു.
‘വര്‍ഷങ്ങളായി ജാസിക്കൊപ്പം (ജസ്പ്രീത് ബുംറ) ഏറെ സമയം പങ്കിടുവാന്‍ എനിക്ക് സാധിച്ചിരുന്നു. അവന്‍ ആദ്യ ദിനം പരിശീലനത്തിനെത്തിയും പരുങ്ങിയതുമെല്ലാം എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്.
ആ കാഴ്ച കണ്ട് ഞങ്ങളെല്ലാവരും അത്ഭുതപ്പെട്ട് പോയിരുന്നു (ചിരിക്കുന്നു). അന്ന് ടീം അവനൊരു പേര് നല്‍കിയിരുന്നു. ഞങ്ങളവനെ ജസ്പ്രീത് ഗുംറ (ആശയക്കുഴപ്പം) എന്നാണ് വിളിച്ചിരുന്നത്,’ ക്രിക് ബസ്സിന് നല്‍കിയ അഭിമുഖത്തില്‍ പട്ടേല്‍ പറഞ്ഞു.
ഫസ്റ്റ് ക്ലാസില്‍ 55 മത്സരം കളിച്ച പട്ടേല്‍ 39.49 ശരാശരിയില്‍ 3,278 റണ്‍സും ലിസ്റ്റ് എയില്‍ 41 ഇന്നിങ്‌സില്‍ നിന്നും 1,234 റണ്‍സും നേടിയിട്ടുണ്ട്.
ഇപ്പോള്‍ അമേരിക്കക്ക് വേണ്ടി ലോകകപ്പ് കളിക്കാനുള്ള തയ്യാറെടുപ്പിലാണ് പട്ടേല്‍. 2024 ടി-20 ലോകകപ്പിന് ആതിഥേയരാകുന്നതിനാല്‍ യു.എ.എയും ലോകകപ്പ് കളിക്കാന്‍ ഒരുങ്ങുകയാണ്.
സ്മിത് പട്ടേല്‍ മാത്രമല്ല ഇന്ത്യക്കെതിരെ കളിക്കാന്‍ ഒരുങ്ങുന്ന ഇന്ത്യക്കാരന്‍. 2012 U19 ലോകകപ്പില്‍ ഇന്ത്യയെ ചാമ്പ്യന്‍മാരാക്കിയ ഉന്‍മുക്ത് ചന്ദും ലോകകപ്പിനുള്ള ഒരുക്കത്തിലാണ്. ഇന്ത്യക്കെതിരെ കളിക്കാന്‍ പോകുന്നതിനെ കുറിച്ച് ഉന്‍മുക്ത് ചന്ദും പറഞ്ഞിരുന്നു.
‘ഇത് ഏറെ വിചിത്രമായ ഒരു കാര്യമാണ് (ചിരിക്കുന്നു). ഇന്ത്യയില്‍ നിന്നും വിരമിച്ചതിന് ശേഷം ഇന്ത്യക്കെതിരെ കളിക്കുക എന്നതായിരുന്നു എന്റെ പ്രധാന ലക്ഷ്യം. ഇതൊരിക്കലും ഒരു മോശം അര്‍ത്ഥത്തിലല്ല ഞാന്‍ സംസാരിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച ടീമിനെതിരെ എന്നെ തന്നെ പരീക്ഷിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,’ താരം പറഞ്ഞു.
ഇന്ത്യക്കൊപ്പം ഗ്രൂപ്പ് എ-യിലാണ് യു.എസ്.എയുടെ സ്ഥാനം. ജൂണ്‍ 12നാണ് ഇന്ത്യ – യു.എസ്.എ പോരാട്ടം. ന്യൂയോര്‍ക്കാണ് വേദി.
ജൂണ്‍ ഒന്നിനാണ് ടി-20 ലോകകപ്പ് ആരംഭിക്കുന്നത്. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ അമേരിക്ക അമേരിക്കാസ് ക്വാളിഫയര്‍ ജയിച്ചെത്തിയ കാനഡയെ നേരിടും. ജൂണ്‍ അഞ്ചിനാണ് ഇന്ത്യ ആദ്യ മത്സരത്തിനിറങ്ങുന്നത്. അയര്‍ലന്‍ഡാണ് എതിരാളികള്‍
Content Highlight: American cricketer Smit Patel about Jasprit Bumrah