ഇതിപ്പോള്‍ അമേരിക്കയുടെ പേരില്‍ ഇന്ത്യ കളിച്ചതല്ലേ! വിജയത്തിന് പിന്നാലെ ആവേശത്തില്‍ ഇന്ത്യന്‍ ആരാധകര്‍
Sports News
ഇതിപ്പോള്‍ അമേരിക്കയുടെ പേരില്‍ ഇന്ത്യ കളിച്ചതല്ലേ! വിജയത്തിന് പിന്നാലെ ആവേശത്തില്‍ ഇന്ത്യന്‍ ആരാധകര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 16th August 2023, 4:27 pm

ഐ.സി.സി അണ്ടര്‍ 19 ലോകകപ്പിന്റെ അമേരിക്കാസ് ക്വാളിഫയറില്‍ അമേരിക്കന്‍ ടീം ചരിത്രം കുറിച്ചിരുന്നു. അര്‍ജന്റീനക്കെതിരായ മത്സരത്തില്‍ നിശ്ചിത ഓവറില്‍ 515 റണ്‍സ് നേടുകയും 450 റണ്‍സിന്റെ പടുകൂറ്റന്‍ വിജയം സ്വന്തമാക്കുകയും ചെയ്താണ് അമേരിക്കന്‍ യുവതാരങ്ങള്‍ കയ്യടി നേടിയത്.

ടൊറോന്റോയില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ അമേരിക്ക 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 515 റണ്‍സ് നേടുകയും മറുപടി ബാറ്റിങ്ങിനിറങ്ങിയ അര്‍ജന്റീനയെ 65 റണ്‍സിന് ഓള്‍ ഔട്ടാക്കുകയുമായിരുന്നു. ഇതോടെയാണ് 450 റണ്‍സിന്റെ വിജയം അമേരിക്ക തങ്ങളുടെ പേരില്‍ കുറിച്ചത്.

അമേരിക്കയുടെ പ്രകടനം കണ്ട ക്രിക്കറ്റ് ലോകം ഒന്നടങ്കം അമ്പരന്നിരുന്നപ്പോള്‍ താരങ്ങളുടെ പേര് കണ്ടാണ് ഇന്ത്യന്‍ ആരാധകും ചെറുതായി ഒന്ന് കണ്‍ഫ്യൂഷനിലായത്. അമേരിക്കന്‍ ടീമിലെ 11 താരങ്ങളുടെ പേരിനും ഒരു ഇന്ത്യന്‍ ടച്ച്!

സംഭവം ശരിയാണ്, ടീമിലെ എല്ലാവര്‍ക്കും ഇന്ത്യയുമായി കണക്ഷനുണ്ട്. ചിലര്‍ ജനിച്ചത് ഇന്ത്യയിലാണെങ്കില്‍ ചിലരുടെ വേരുകള്‍ ചെന്നെത്തിനില്‍ക്കുന്നത് ഇന്ത്യന്‍ മണ്ണിലാണ്.

കഴിഞ്ഞ മത്സരത്തില്‍ അമേരിക്കന്‍ നിരയില്‍ സെഞ്ച്വറി നേടുകയും മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കുകയും ചെയ്ത ഭവ്യ മേത്ത സൂറത്തുകാരനാണ്. ക്യാപ്റ്റന്‍ റിഷി രമേശും ഓപ്പണര്‍ പ്രണവ് ചെട്ടിപ്പാളയവും തുടങ്ങി ടീമിലെ എല്ലാവരും ഒരര്‍ത്ഥത്തില്‍ ഇന്ത്യക്കാര്‍ തന്നെ.

മത്സരത്തില്‍ പ്രണവ് ചെട്ടിപ്പാളയം അര്‍ധ സെഞ്ച്വറി നേടിയപ്പോള്‍ ക്യാപ്റ്റന്‍ റിഷി രമേശും ഭവ്യ മേത്തയും സെഞ്ച്വറിയും നേടി.

മിഡില്‍ ഓര്‍ഡറില്‍ അര്‍ജുന്‍ മഹേഷ് (44 പന്തില്‍ 67), അമോഘ് ആരേപ്പള്ളി (30 പന്തില്‍ 48), ഉത്കര്‍ഷ് ശ്രീവാസ്തവ (22 പന്തില്‍ 45) എന്നിവരും തകര്‍ത്തടിച്ചതോടെയാണ് അമേരിക്കന്‍ സ്‌കോര്‍ 515ലെത്തിയത്.

ബൗളിങ്ങില്‍ ആരിന്‍ നഡ്കാര്‍നിയാണ് തിളങ്ങിയത്. 21 റണ്‍സ് വഴങ്ങി ആറ് വിക്കറ്റുകള്‍ സ്വന്തമാക്കിയാണ് കരുത്ത് കാട്ടിയത്. ആര്യന്‍ സതീഷ് രണ്ട് വിക്കറ്റും ആര്യന്‍ ബാത്ര, പാര്‍ത്ഥ് പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി അര്‍ജന്റൈന്‍ പതനം പൂര്‍ത്തിയാക്കി.

കഴിഞ്ഞ ദിവസം, ടൂര്‍ണമൈന്റിലെ നാലാം മത്സരത്തിലും അമേരിക്ക വിജയം സ്വന്തമാക്കിയിരുന്നു. ബെര്‍മുഡക്കെതിരായ മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ വിജയമാണ് അമേരിക്ക സ്വന്തമാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത ബെര്‍മുഡയെ 163 റണ്‍സില്‍ ഒതുക്കിയ അമേരിക്ക മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയം സ്വന്തമാക്കുകയായിരുന്നു.

 

Content Highlight: American cricket team players with India connection