ന്യൂയോര്‍ക്ക്: സൗദി അറേബ്യയുടെ മുന്‍ ഇന്റലിജന്‍സ് ഓഫീസറും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ വിമര്‍ശകനുമായ സാദ് അല്‍-ജബ്രിക്കെതിരായ കേസ് അമേരിക്കയിലെ കോടതി തള്ളിക്കളഞ്ഞു.
സൗദിയുടെ സ്‌റ്റേറ്റ് ഉടമസ്ഥതയിലുള്ള ‘സകബ് സൗദി ഹോള്‍ഡിങ്’ നല്‍കിയ കേസ് ആണ് വ്യാഴാഴ്ച കോടതി തള്ളിയത്. സൗദി സര്‍ക്കാരിന്റെ വിവിധ ഫണ്ടുകളില്‍ തട്ടിപ്പ് നടത്തി എന്ന് ആരോപിച്ചായിരുന്നു കേസ് നല്‍കിയത്.
കേസിന്റെ തെളിവുകള്‍ക്ക് വേണ്ട ക്ലാസിഫൈഡ് രേഖകള്‍ ഹാജരാക്കിയാല്‍ അത് അമേരിക്കയുടെ ദേശീയ സുരക്ഷയെ ബാധിക്കും എന്ന് യു.എസ് സര്‍ക്കാര്‍ പ്രതിനിധികള്‍ വാദിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് കേസ് തള്ളിക്കളഞ്ഞത്.
യു.എസ് സര്‍ക്കാര്‍ തന്നെ ഇത്തരത്തില്‍ ഒരു കേസില്‍ ഇടപെടല്‍ നടത്തുന്നത് അപൂര്‍വമാണ്. കേസ് തള്ളിപ്പോയത് മുഹമ്മദ് ബിന്‍ സല്‍മാനെതിരായ വലിയ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്.
സൗദി മുന്‍ കിരീടാവകാശിയും ആഭ്യന്തരമന്ത്രിയുമായ മുഹമ്മദ് ബിന്‍ നയഫിന്റെ ഏറ്റവും അടുത്ത ആളായിരുന്നു സാദ് അല്‍ജബ്രി. 2017ല്‍ നയഫിനെ പുറത്താക്കി എം.ബി.എസ് കിരീടാവകാശിയായതോടെ അല്‍-ജബ്രി കാനഡയിലേക്ക് കുടിയേറുകയായിരുന്നു.
സി.ഐ.എയുടെ തീവ്രവാദ വിരുദ്ധ പ്രൊജക്ടുകളുടെയും ഭാഗമായിട്ടുള്ളയാളാണ് ജബ്രി.
നയഫിന്റെ കീഴില്‍ ജോലി ചെയ്തിരുന്ന സമയത്ത് ഫണ്ടില്‍ തിരിമറി നടത്തി എന്നായിരുന്നു കേസ്.
കാനഡയില്‍ വെച്ച് തന്നെ വധിക്കാന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ അയച്ച സംഘം ശ്രമിക്കുന്നുണ്ടെന്നാരോപിച്ച് 2020ല്‍ ജബ്രി അമേരിക്കയില്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നു.
നിലവില്‍ സൗദി അറേബ്യയുടെ ഡെപ്യൂട്ടി പ്രൈംമിനിസ്റ്ററും പ്രതിരോധ വകുപ്പ് മന്ത്രിയുമാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍.
നേരത്തെ, സൗദിയില്‍ ജയിലിലുള്ള കുടുംബാംഗങ്ങളെ പുറത്തിറക്കാന്‍ സഹായിക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനോട് അഭ്യര്‍ത്ഥിച്ച് സാദ് അല്‍-ജബ്രിയുടെ മകള്‍ ഹിസ അല്‍-മുസെയ്നി രംഗത്തെത്തിയിരുന്നു.
ഭര്‍ത്താവ് സലെം, സഹോദരങ്ങളായ സാറ, ഒമര്‍ എന്നിവര്‍ സൗദിയില്‍ ജയിലിലാണെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ (എം.ബി.എസ്) തന്റെ കുടുംബത്തെ പ്രതികാര ബുദ്ധിയോടെ വേട്ടയാടുകയാണെന്നും അതിനാല്‍ കുടുംബാംഗങ്ങളുടെ കാര്യത്തില്‍ ജോ ബൈഡന്‍ ഇടപെടണമെന്നുമായിരുന്നു ഹിസ അല്‍-മുസെയ്നി പറഞ്ഞത്.
മക്കളെ ജയിലിലടച്ച് അല്‍ജബ്രിയെ ബ്ലാക്ക്മെയില്‍ ചെയ്യാനാണ് സൗദി സര്‍ക്കാരിന്റെ ഉദ്ദേശമെന്ന് കത്തില്‍ പറഞ്ഞിരുന്നു.
മുഹമ്മദ് ബിന്‍ സല്‍മാന്‍ തന്നെ വധിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന ആരോപണവുമായി നേരത്തെ അല്‍-ജബ്രി രംഗത്തെത്തിയിരുന്നു. 2014ല്‍ അന്നത്തെ സൗദി രാജാവായിരുന്ന അബ്ദുല്ല ബിന്‍ അബ്ദുലസീസിനെ വധിക്കണമെന്ന് മുഹമ്മദ് ബിന്‍ സല്‍മാന്‍ പറയുന്ന വീഡിയോ തന്റെ പക്കലുണ്ടെന്നും അത് അറിയാവുന്നത് കൊണ്ടാണ് തന്നെ വധിക്കാന്‍ ശ്രമിക്കുന്നതെന്നുമായിരുന്നു അല്‍ജബ്രി പറഞ്ഞത്.
നിയമവിരുദ്ധമായി സാമ്പത്തിക കുറ്റകൃത്യങ്ങള്‍ നടത്തിയ ചരിത്രമുള്ളയാളാണ് സാദ് അല്‍ജബ്രിയെന്നായിരുന്നു ആരോപണങ്ങളോടുള്ള സൗദി ഭരണകൂടത്തിന്റെ പ്രതികരണം.
നയഫ് അധികാരത്തിലിരുന്ന സമയത്ത് രാജ്യം വിട്ട അല്‍ജബ്രി ഇപ്പോള്‍ കാനഡയിലാണ് താമസിക്കുന്നത്. ഇദ്ദേഹത്തെ സൗദിയിലേയ്ക്ക് തിരിച്ചെത്തിക്കാനാണ് കുടുംബാംഗങ്ങളെ ജയിലിലടച്ചതെന്നാണ് ഉയരുന്ന ആരോപണം.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: American court dismisses Saudi case against former intelligence officer Saad al-Jabri