| Wednesday, 23rd November 2022, 8:03 pm

എന്നെ പുറത്താക്കാന്‍ റിപ്പബ്ലിക്കന്‍സ് ഇസ്‌ലാമോഫോബിയ ഉപയോഗിക്കുകയാണ്: ഇല്‍ഹാന്‍ ഒമര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: യു.എസില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്നുള്ള ജനപ്രതിനിധിയായ ഇല്‍ഹാന്‍ അബ്ദുല്ലഹി ഒമര്‍ (Ilhan Abdullahi Omar).

ഹൗസ് ഫോറിന്‍ അഫയേഴ്‌സ് കമ്മിറ്റിയില്‍ (House Foreign Affairs Committee) നിന്നും തന്നെ പുറത്താക്കുമെന്ന റിപബ്ലിക്കന്‍ പാര്‍ട്ടി ഹൗസ് മൈനോരിറ്റി വിഭാഗം നേതാവായ കെവിന്‍ മകാര്‍തിയുടെ (Kevin McCarthy) ഭീഷണിക്ക് മറുപടിയെന്നോണമാണ് യു.എസ് കോണ്‍ഗ്രസ് അംഗം ഇല്‍ഹാന്‍ ഒമര്‍ തിരിച്ചടിച്ചത്.

ഇസ്‌ലാമോഫോബിയയും വംശീയതയും ആയുധമാക്കിക്കൊണ്ട് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും മകാര്‍തിയും തന്നെ നിരന്തരം ആക്രമിക്കുകയാണെന്നും ഒമര്‍ ആരോപിച്ചു.

ഒമറിനെ വിദേശകാര്യ സമിതിയില്‍ നിന്ന് പുറത്താക്കുമെന്ന് കഴിഞ്ഞയാഴ്ച കെവിന്‍ മകാര്‍തി നിരവധി തവണ പ്രഖ്യാപിച്ചിരുന്നു.

ഇല്‍ഹാന്‍ ഒമര്‍ ‘വിരോധാഭാസമായ അഭിപ്രായങ്ങള്‍’ നടത്തുന്നെന്നാണ് മകാര്‍തി ആരോപിക്കുന്നത്.

”ഞാന്‍ ഹൗസ് ഫ്‌ളോറില്‍ ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട നിമിഷം മുതല്‍, എന്നെ ലക്ഷ്യം വെക്കാന്‍ ഭയം, വൈദേശിക വിദ്വേഷം, ഇസ്‌ലാമോഫോബിയ, വംശീയത എന്നിവ ഉപയോഗിക്കുന്നതും ദശലക്ഷക്കണക്കിന് ഡോളര്‍ ചെലവഴിച്ച് പ്രചാരണ പരസ്യങ്ങള്‍ നടത്തുന്നതും റിപ്പബ്ലിക്കന്‍ പാര്‍ട്ടി അവരുടെ ദൗത്യമാക്കി മാറ്റിയിരിക്കുകയാണ്.

വിദ്വേഷത്തിലൂടെ എന്നെ ഒറ്റപ്പെടുത്താനും പുറത്താക്കാനും മകാര്‍തി തുടര്‍ച്ചയായി ശ്രമങ്ങള്‍ (എന്റെ കമ്മിറ്റിയില്‍ നിന്ന് എന്നെ പുറത്താക്കുമെന്നുള്ള ഭീഷണിയുള്‍പ്പെടെ) നമ്മുടെ നിയമനിര്‍മാതാക്കള്‍ കൈകാര്യം ചെയ്യുന്ന പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാന്‍ സഹായകമാകുന്നില്ല.

വിലക്കയറ്റത്തെയോ പണപ്പെരുപ്പത്തെയോ ആരോഗ്യസുരക്ഷയെയോ കാലാവസ്ഥാ പ്രശ്‌നങ്ങളെയോ അഭിമുഖീകരിക്കാനോ പരിഹരിക്കാനോ ഈ നീക്കം ഒരു സഹായവും ചെയ്യില്ല,” എന്നാണ് ഒമര്‍ തിങ്കളാഴ്ച പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞത്.

2019 മുതല്‍ യു.എസ് കോണ്‍ഗ്രസിലെ മിനിസോട്ടയില്‍ നിന്നുള്ള ജനപ്രതിനിധിയാണ് ഡെമോക്രാറ്റിക്- ഫാര്‍മര്‍- ലേബര്‍ പാര്‍ട്ടി (Democratic–Farmer–Labor Party) അംഗമായ ഇല്‍ഹാന്‍ ഒമര്‍.

അന്താരാഷ്ട്ര തലത്തില്‍ ഇസ്‌ലാമോഫോബിയ തടയുന്നതിനുള്ള ബില്‍ 2021 ഡിസംബറില്‍ അമേരിക്കന്‍ ജനപ്രതിനിധി സഭയില്‍ അവതരിപ്പിച്ചത് ഇല്‍ഹാന്‍ ഒമറായിരുന്നു. സൊമാലിയയില്‍ ജനിച്ച ഒമര്‍ പിന്നീട് കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു.

ഇസ്രഈലിന്റെ നയങ്ങളുടെ കടുത്ത വിമര്‍ശകയായത് കാരണം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നും സ്വന്തം പാര്‍ട്ടിയായ ഡെമോക്രാറ്റുകളില്‍ നിന്നും ഇവര്‍ക്ക് വിമര്‍ശനം നേരിടേണ്ടി വന്നിട്ടുണ്ട്.

അതേസമയം, അടുത്ത തവണ ഹൗസ് സ്പീക്കറായി തെരഞ്ഞെടുക്കപ്പെടാന്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പിക്കപ്പെടുന്ന നേതാവ് കൂടിയാണ് കെവിന്‍ മകാര്‍തി.

Content Highlight: American Congresswoman Ilhan Omar says Republicans are using ‘Islamophobia’ to oust her from foreign affairs committee

We use cookies to give you the best possible experience. Learn more