[]ന്യൂദല്‍ഹി: ഇന്റര്‍നെറ്റ് വഴി വിവരങ്ങള്‍ ചോര്‍ത്തിയിട്ടില്ലെന്ന് അമേരിക്ക അറിയിച്ചതായി വിദേശകാര്യമന്ത്രി സല്‍മാന്‍ ##ഖുര്‍ഷിദ്. []
അമേരിക്കയ്ക്ക് മേലുള്ള തീവ്രവാദ ഭീഷണി തടയാന്‍ വിവരങ്ങള്‍ ശേഖരിക്കുക മാത്രമാണ് ചെയ്തതെന്നും യു.എസ് വ്യക്തമാക്കിയതായി ഖുര്‍ഷിദ് പറഞ്ഞു.
യു.എസ് നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി ഇന്ത്യന്‍ എംബസിയില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. മറ്റ് 37 രാജ്യങ്ങളിലെ എംബസിയില്‍ നിന്നും യു.എസ് വിവരങ്ങള്‍ ചോര്‍ത്തിയിട്ടുണ്ട്. ഇതിലാണ് ഇന്ത്യയും ഉള്‍പ്പെടുന്നത്.
വിവരങ്ങള്‍ ചോര്‍ത്താനായി യു.എസ് നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി വിദഗ്ധമായ മാര്‍ഗങ്ങളാണ് സ്വീകരിച്ചതെന്നും ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
ട്രാന്‍സ്മിഷന്‍ കേബിളുകള്‍ വഴിയും ഇന്റര്‍നെറ്റ്, മൊബൈല്‍ സംവിധാനങ്ങളില്‍ നിന്നുമാണ് എന്‍.എസ്.എ വിവരങ്ങള്‍ ചോര്‍ത്തിക്കൊണ്ടിരുന്നതെന്നും വാര്‍ത്തയില്‍ വ്യക്തമായിരുന്നു.
രഹസ്യാന്വേഷണ വിവരങ്ങള്‍ ചോര്‍ത്തിയെന്ന പേരില്‍ അമേരിക്ക അന്വേഷിച്ചുകൊണ്ടിരിക്കുന്ന മുന്‍ സിഐഎ ഉദ്യോഗസ്ഥന്‍ എഡ്വേര്‍ഡ് സ്‌നോഡന്‍ ഇന്ത്യയില്‍ രാഷ്ട്രീയ അഭയം തേടിയെന്ന വിക്കിലീക്‌സ് വാര്‍ത്തയോടുള്ള പ്രതികരണമായി രാഷ്ട്രീയ അഭയാര്‍ഥികള്‍ക്കുളള തുറന്ന വീടല്ല ഇന്ത്യയെന്ന് സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു.
സ്‌നോഡന്‍ അഭയം ചോദിച്ചതിനെപ്പറ്റി അറിയില്ല. ഇത്തരം കാര്യങ്ങളോടു പ്രതികരിക്കാന്‍ താന്‍ തയാറല്ല. എല്ലാവര്‍ക്കും അഭയം നല്കാന്‍ ഒരു തുറന്ന വീടല്ല ഇന്ത്യ. ഇന്ത്യയ്ക്ക് അതിന്റേതായ നയങ്ങളുണ്ടെന്നും ഖുര്‍ഷിദ് പറഞ്ഞു.
സ്‌നോഡന്‍ മറ്റു 20 രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയിലും രാഷ്ട്രീയ അഭയം തേടിയെന്ന് വിക്കിലീക്‌സ് രാവിലെ പുറത്തുവിട്ടിരുന്നു.