| Friday, 26th April 2019, 8:07 am

വാരാന്ത്യങ്ങളില്‍ ആരാധനാലയങ്ങളില്‍ വീണ്ടും ആക്രമണമുണ്ടായേക്കാം; ലങ്കയ്ക്ക് അമേരിക്കയുടെ മുന്നറിയിപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊളംബോ: ശ്രീലങ്കയിലെ ആരാധാനാലയങ്ങളില്‍ വീണ്ടും ആക്രമണമുണ്ടായേക്കുമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. ലങ്കയിലെ അമേരിക്കന്‍ എംബസിയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഈ വാരാന്ത്യത്തില്‍ തന്നെ ആക്രമണമുണ്ടാകുമെന്നും എംബസിയുടെ മുന്നറിയിപ്പില്‍ പറയുന്നു.

‘വാരാന്ത്യത്തില്‍ അതായത് ഏപ്രില്‍ 26 മുതല്‍ 28 വരെ ഈ സ്ഥലങ്ങളിലേക്കുള്ള (ആരാധനാലയങ്ങളില്‍) സന്ദര്‍ശനം ഒഴിവാക്കുക. ജാഗ്രത കാണിക്കുക, ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കുക’ എന്നായിരുന്നു അമേരിക്കന്‍ എംബസിയുടെ ട്വീറ്റ്.

ആരാധനാലയങ്ങളെ ലക്ഷ്യമാക്കി ആക്രമണത്തിന് തീവ്രവാദ സംഘടനകള്‍ ഒരുങ്ങുന്നുണ്ടെന്ന് ലങ്കന്‍ സുരക്ഷാ ഉദ്യോഗസ്ഥരും അറിയിച്ചിട്ടുണ്ട്.

ശ്രീലങ്കയില്‍ ഏപ്രില്‍ 21 ഈസ്റ്റര്‍ ദിനത്തിലാണ് വിവിധ ആരാധനാലയങ്ങളിലും വിദേശ ടൂറിസ്റ്റുകള്‍ താമസിക്കുന്ന ഹോട്ടലുകളിലും സ്ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ 359 പേര്‍ കൊല്ലപ്പെട്ടിരുന്നു.

ഭീകരാക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും എന്നാല്‍ മുന്‍കരുതല്‍ സ്വീകരിച്ചില്ലെന്നും ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഏപ്രില്‍ 22 ന് മുമ്പ് ശ്രീലങ്കയില്‍ ആക്രമണത്തിന് സാധ്യതയുണ്ടെന്ന വിവരം ഇന്ത്യ ഏപ്രില്‍ നാലിന് തന്നെ കൈമാറിയിരുന്നതായാണ് റിപ്പോര്‍ട്ട്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more