| Sunday, 26th November 2017, 11:12 am

ഹാഫിസ് സയീദിനെ ഉടന്‍ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ബന്ധത്തില്‍ ഉലച്ചിലുണ്ടാകും; പാകിസ്ഥാന് മുന്നറിയിപ്പുമായി അമേരിക്ക

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യ സൂത്രധാരന്‍ ഹാഫിസ് സയീദിനെ വീട്ടുതടങ്കലില്‍ നിന്നും മോചിപ്പിച്ച പാകിസ്ഥാനെതിരെ മുന്നറിയിപ്പുമായി അമേരിക്ക. ഹാഫിസ് സയീദിനെ ഉടന്‍ അറസ്റ്റ് ചെയ്യാനുള്ള നടപടികള്‍ പാകിസ്ഥാന്‍ സ്വീകരിക്കണമെന്നാണ് അമേരിക്കയുടെ ആവശ്യം. അല്ലാത്ത പക്ഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ഉലച്ചിലുണ്ടായേക്കുമെന്നും വൈറ്റ് ഹൗസ് ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനാണ് ഹാഫിസ് സയീദ്. ജനുവരി മുതല്‍ വീട്ടുതടങ്കലില്‍ ആയിരുന്ന ഹാഫിസ് സയീദ് കഴിഞ്ഞ വെള്ളിയാഴ്ചയാണ് മോചിതനായത്. മുംബൈ ഭീകരാക്രമണത്തിന്റെ ഒന്‍പതാം വാര്‍ഷികത്തിന് രണ്ടു ദിവസം മുമ്പായിരുന്നു പാകിസ്ഥാന്റെ പ്രകോപനപരമായ ഈ നടപടി.


Also Read: ഇന്ത്യക്കാര്‍ക്ക് അസഹിഷ്ണുത വര്‍ധിക്കുന്നു; രാഷ്ട്രീയ ചേരിതിരിവ് ചരിത്രത്തിന്റെ വളച്ചൊടിക്കലുകള്‍ കാരണമാകുമെന്നും കമല്‍ ഹാസന്‍


ഹാഫിസ് സയീദിനെതിരെ കുറ്റങ്ങള്‍ ചുമത്തുന്നതിലും പ്രോസിക്യൂട്ട് ചെയ്യുന്നതിലും പരാജയപ്പെട്ടതിനു ശേഷം അയാളെ വിട്ടയച്ച നടപടിയിലൂടെ ഭീകരവാദത്തിനെതിരായ പോരാട്ടത്തെക്കുറിച്ചുള്ള പാകിസ്ഥാന്റെ അസ്വസ്ഥജനകമായ ഒരു സന്ദേശമാണ് പുറത്തെത്തുന്നത്. ഇത് ഭീകരര്‍ക്ക് സ്വന്തം മണ്ണില്‍ അഭയം നല്‍കില്ലെന്ന പാക് വാദം നുണയാണെന്ന് തെളിയിക്കുന്നതാണെന്നും വൈറ്റ് ഹൗസിന്റെ പ്രസ്താവനയില്‍ പറയുന്നു.

സയീദിനെ അറസ്റ്റ് ചെയ്യാനും തുടര്‍നടപടികള്‍ സ്വീകരിക്കാനും പാകിസ്താന്‍ തയ്യാറാകാത്ത പക്ഷം അമേരിക്കയും പാകിസ്ഥാനും തമ്മിലുള്ള നയതന്ത്രബന്ധത്തില്‍ പ്രത്യാഘാതങ്ങളുണ്ടാകുമെന്നും വൈറ്റ് ഹൗസിന്റെ പ്രസ്താവനയിലുണ്ട്.

ഭീകരവാദികള്‍ക്ക് ശിക്ഷയുറപ്പു വരുത്തുന്ന കാര്യത്തെ ഗൗരവതരമായല്ല പാകിസ്താന്‍ പരിഗണിക്കുന്നതെന്നായിരുന്നു വിഷയത്തില്‍ ഇന്ത്യന്‍ വിദേശകാര്യ വക്താവ് രാവിഷ് കുമാറിന്റെ പ്രതികരണം. സയീദിനെ വീണ്ടും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ട്രംപ് ട്വീറ്റ് ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more