അമേരിക്കയിലേക്കുള്ള വിദേശികളുടെ പ്രവേശനം താല്‍ക്കാലികമായി വിലക്കുമെന്ന് ട്രംപ്
World News
അമേരിക്കയിലേക്കുള്ള വിദേശികളുടെ പ്രവേശനം താല്‍ക്കാലികമായി വിലക്കുമെന്ന് ട്രംപ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 21st April 2020, 8:12 am

വാഷിംഗ്ടണ്‍: കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയിലേക്കുള്ള വിദേശികളുടെ പ്രവേശനം താല്‍ക്കാലികമായി വിലക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്വിറ്ററിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.

‘അദൃശ്യനായ ശത്രുവിന്റെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍, അമേരിക്കന്‍ പൗരന്‍മാരുടെ തൊഴില്‍ സംരക്ഷിക്കാന്‍ ഇങ്ങോട്ടുള്ള പ്രവേശനം വിലക്കുന്ന താല്‍ക്കാലിക ഉത്തരവില്‍ ഞാന്‍ ഒപ്പുവെക്കും’, ട്രംപ് കുറിച്ചു.


അമേരിക്കയില്‍ കൊവിഡ് 19 രൂക്ഷമായ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. രാജ്യത്ത് 8 ലക്ഷത്തിനടുത്ത് ആളുകള്‍ക്കാണ് കൊവിഡ് ബാധിച്ചിട്ടുള്ളത്. ഇവിടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 42,458 ആയി ഉയര്‍ന്നു.

അമേരിക്കയില്‍ ന്യൂയോര്‍ക്കിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത്. ന്യൂയോര്‍ക്കില്‍ മാത്രം 18,000 ത്തോളം പേരാണ് കൊവിഡ് 19 മൂലം മരിച്ചത്.

അതേസമയം ആഗോളതലത്തില്‍ ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 24,81,026 ആയി. 1,70,424 പേരാണ് ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.

സ്പെയിനില്‍ 20,852 കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. യു. കെയിലും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലും സ്ഥിതി രൂക്ഷമായി തുടരുകയാണ്. യു.കെയില്‍ 449 പുതിയ കൊവിഡ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ടു ചെയ്തതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 16,500 കടന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

WATCH THIS VIDEO: