ചെങ്കടലില്‍ സ്വന്തം വിമാനം വെടിവെച്ച് വീഴ്ത്തി അമേരിക്ക
World News
ചെങ്കടലില്‍ സ്വന്തം വിമാനം വെടിവെച്ച് വീഴ്ത്തി അമേരിക്ക
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 22nd December 2024, 3:36 pm

വാഷിങ്ടണ്‍: ചെങ്കടലില്‍ സ്വന്തം വിമാനം വെടിവെച്ചിട്ട് അമേരിക്കന്‍ നാവികസേന. പരീക്ഷണ പറക്കലിനിടെയാണ് യു.എസ് സ്വന്തം വിമാനം വെടിവെച്ച് വീഴ്ത്തിയത്. വിമാനത്തില്‍ ഉണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥര്‍ രക്ഷപ്പെട്ടു.

സംഭവം അബദ്ധത്തില്‍ ഉണ്ടായതാണെന്ന് അമേരിക്ക സ്ഥിരീകരിച്ചു. അനാസ്ഥയില്‍ അന്വേഷണം ആരംഭിച്ചതായും അമേരിക്ക അറിയിച്ചു. ഫലസ്തീനെതിരായ ഇസ്രഈല്‍ അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് യെമനിലെ ഹൂത്തി വിമതസംഘം ചെങ്കടലില്‍ ആക്രമണം പുനരാരംഭിച്ച സാഹചര്യത്തിലാണ് യു.എസ് സ്വന്തം വിമാനം വെടിവെച്ചിട്ടത്.

വിമാനവാഹിനിക്കപ്പലായ ഹാരി എസ് ട്രൂമാന്‍ യുദ്ധക്കപ്പലില്‍ നിന്ന് പറന്നുയര്‍ന്ന എഫ്.എ 18 സൂപ്പര്‍ ഹോര്‍ണറ്റ് എന്ന വിമാനത്തെയാണ് അമേരിക്കന്‍ നാവികസേന ആക്രമിച്ചത്.

ഗെറ്റിസ്ബര്‍ഗ് വിമാനമാണ് സൂപ്പര്‍ ഹോര്‍ണറ്റിനെ വീഴ്ത്തിയത്. ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട ഉദ്യോഗസ്ഥരില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വെടിയുതിര്‍ത്ത ഉടനെ ഇരുവരും താഴേക്ക് ചാടുകയായിരുന്നു.

ശനിയാഴ്ച യെമനിലെ ഹൂത്തി സൈനിക കേന്ദ്രങ്ങള്‍ യു.എസ് ആക്രമിച്ചിരുന്നു. യെമന്‍ തലസ്ഥാനമായ സനയില്‍ ഇറാന്‍ പിന്തുണയുള്ള ഹൂത്തികളുടെ മിസൈല്‍ സംഭരണ കേന്ദ്രത്തിനും കമാന്‍ഡ് ആന്റ് കണ്‍ട്രോളിനും നേരെ ശനിയാഴ്ച വ്യോമാക്രമണം നടത്തിയതായി യു.എസ് സൈന്യം അറിയിക്കുകയായിരുന്നു.

ദക്ഷിണ ചെങ്കടല്‍, ബാബ് അല്‍-മാന്‍ഡെബ്, ഏദന്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളിലെ യു.എസ് നാവികസേനയുടെ യുദ്ധക്കപ്പലുകള്‍ക്കും വ്യാപാര കപ്പലുകള്‍ക്കുമെതിരായ ഹൂത്തികളുടെ ആക്രമണം തടയാന്‍ ലക്ഷ്യമിട്ടുള്ളതാണ് ആക്രമണമെന്ന് യു.എസ് മിലിട്ടറിയുടെ സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചിരുന്നു.

ചെങ്കടലിന് മുകളിലൂടെ ഹൂത്തികളുടെ വണ്‍വേ ഡ്രോണുകളും ക്രൂയിസ് മിസൈലും തകര്‍ത്തുവെന്നും യു.എസ് അവകാശപ്പെട്ടു. ഇതിനുപുറമെ യെമനിലെ ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെ തുറമുഖങ്ങളിലും ഊര്‍ജ കേന്ദ്രങ്ങളിലും ഇസ്രഈല്‍ ആക്രമിച്ചിരുന്നു.

കഴിഞ്ഞ ദിവസം ടെല്‍ അവീവില്‍ ഹൂത്തികള്‍ ആക്രമണം നടത്തിയിരുന്നു. ഇസ്രഈലിനെതിരായ ആക്രമണം പുനരാരംഭിക്കുമെന്ന് ഹൂത്തികള്‍ അറിയിച്ചതിന് പിന്നാലെയാണ് ഓപ്പറേഷന്‍ നടന്നത്.

Content Highlight: America shot down its own plane in the Red Sea