വാഷിംഗ്ടണ്‍: യു.എസ് ക്യാപിറ്റോള്‍ മന്ദിരത്തില്‍ അക്രമം അഴിച്ചുവിട്ട് ട്രംപ് അനുകൂലികള്‍. ക്യാപിറ്റോള്‍ കെട്ടിടത്തില്‍ മുദ്രാവാക്യം വിളിച്ചെത്തിയ ഇവര്‍ സായുധ പൊലീസുമായി ഏറ്റുമുട്ടി. സംഘര്‍ഷത്തിനിടെ ഒരു സ്ത്രീ കൊല്ലപ്പെട്ടു.
വാഷിംഗ്ടണിലേക്ക് മാര്‍ച്ച് നടത്താനും തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാതിരിക്കാനും നേരത്തെ ട്രംപ് ആഹ്വാനം ചെയ്തിരുന്നു. അമേരിക്കന്‍ ചരിത്രത്തിലാദ്യമായാണ് വാഷിംഗ്ടണ്‍ ഡി.സിയില്‍ ഇത്ര ഗൗരവമായ സുരക്ഷാ ലംഘനങ്ങള്‍ നടക്കുന്നത്.
ജോ ബൈഡന്റെ വിജയം സ്ഥിരീകരിക്കുന്നത് തടയാന്‍ അക്രമികള്‍ ഇലക്ട്രല്‍ കോളേജ് വോട്ടെണ്ണുന്നത് തടയുകയാണ്. വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിനേയും മറ്റ് കോണ്‍ഗ്രസ് അംഗങ്ങളേയും സുരക്ഷ കണക്കിലെടുത്ത് സ്ഥലത്തു നിന്ന് മാറ്റി.
ഇത് വിയോജിപ്പിനുള്ള അവകാശമല്ല കലാപം സൃഷ്ടിക്കലാണെന്ന് ക്യാപിറ്റോള്‍ മന്ദിരത്തില്‍ നടന്ന ആക്രമണത്തില്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്‍ പറഞ്ഞു.
അമേരിക്കന്‍ ജനാധിപത്യത്തിന്റെ പ്രതീകമായി കാണുന്ന ക്യാപിറ്റോള്‍ മന്ദിരത്തിനു നേരെയുള്ള അക്രമം ലിബറല്‍ ജനാധിപത്യത്തിന് പേരുകേട്ട അമേരിക്കയുടെ പ്രശസ്തിക്ക് വലിയ പ്രഹരമാണ് ഏല്‍പ്പിച്ചത്.
നേരത്തെ തന്നെ തെരഞ്ഞെടുപ്പ് ഫലം റദ്ദ് ചെയ്യാനുള്ള നീക്കവുമായി ട്രംപ് മുന്നോട്ട് വന്നിരുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരാജയം സമ്മതിക്കാന്‍ ട്രംപ് ഇതുവരെ തയ്യാറായിട്ടില്ല.
നേരത്തെ ട്രംപ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലത്തില്‍ അട്ടിമറി നടത്താന്‍ ശ്രമിക്കുന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തു വന്നിരുന്നു.
ജോര്‍ജിയയിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനുമായി നടത്തിയ സംഭാഷണത്തിന്റെ ഫോണ്‍ റെക്കോര്‍ഡാണ് പുറത്തുവന്നത്.
‘11,780 വോട്ട്, എനിക്ക് അത്രയും മാത്രം മതി.’ എന്ന് ട്രംപ് ആവശ്യപ്പെടുന്നത് ഈ റെക്കോര്‍ഡില്‍ വ്യക്തമായി കേള്‍ക്കാം. ജോര്‍ജിയയുടെ സെക്രട്ടറിയും റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗവുമായ ബ്രാഡ് റാഫന്‍സ്പെര്‍ജറോടാണ് ട്രംപ് വോട്ടിനായി സംസാരിക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ\
Content Highlight: America shaken as violent pro-Trump mob storms Capitol building