ജുഡീഷ്യൽ സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ ആണിക്കല്ല്; രാഹുൽ ​ഗാന്ധിക്കെതിരായ നടപടിയിലെ കോടതി വ്യവസ്ഥകൾ നീരിക്ഷിക്കുകയാണെന്ന് അമേരിക്ക
World News
ജുഡീഷ്യൽ സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ ആണിക്കല്ല്; രാഹുൽ ​ഗാന്ധിക്കെതിരായ നടപടിയിലെ കോടതി വ്യവസ്ഥകൾ നീരിക്ഷിക്കുകയാണെന്ന് അമേരിക്ക
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 28th March 2023, 10:06 am

ന്യൂദൽഹി: നിയമവാഴ്ചയോടുള്ള ബഹുമാനവും ജുഡീഷ്യൽ സ്വാതന്ത്ര്യവും ഏതൊരു ജനാധിപത്യത്തിന്റെയും ആണിക്കല്ലാണെന്ന് അമേരിക്ക. മോദി പരാമർശത്തെതുടർന്ന് രാഹുൽ ​ഗാന്ധി അയോ​ഗ്യനാക്കപ്പെട്ട സംഭവത്തെ ചൂണ്ടിക്കാട്ടിയായിരുന്നു അമേരിക്കയുടെ പരാമർശം. ഇന്ത്യൻ കോടതികളിലെ രാഹുൽ ഗാന്ധിയുടെ കേസ് ഞങ്ങൾ നിരീക്ഷിച്ചുവരികയാണെന്നും യു.എസ് ഡിപാർട്ട്മെന്റ് ഓഫ് സ്റ്റേറ്റ് പ്രിൻസിപൽ ഡെപ്യൂട്ടി വക്താവ് വേദാന്ത് പട്ടേൽ പറഞ്ഞു.

“ഞങ്ങൾ ഇന്ത്യൻ കോടതികളിൽ ഗാന്ധിയുടെ കേസ് നിരീക്ഷിച്ചുവരികയാണ്. അഭിപ്രായ സ്വാതന്ത്ര്യം ഉൾപ്പെടെയുള്ള ജനാധിപത്യ മൂല്യങ്ങളോടുള്ള ഞങ്ങളുടെ പങ്കിട്ട പ്രതിബദ്ധതയിൽ ഇന്ത്യാ ഗവൺമെന്റുമായി ഇടപഴകുകയും ചെയ്യുന്നുണ്ട്. ഞങ്ങളുടെ ഇന്ത്യൻ പങ്കാളികളുമായുള്ള ഇടപഴകലിൽ, ഞങ്ങൾ ജനാധിപത്യ തത്വങ്ങളുടെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നത് തുടരുന്നു. മനുഷ്യാവകാശങ്ങളുടെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും സംരക്ഷണം നമ്മുടെ രണ്ട് ജനാധിപത്യത്തെയും ശക്തിപ്പെടുത്തുന്നതിനുള്ള താക്കോലാണ്,” പട്ടേൽ പറയുന്നു.

ഇന്ത്യയുമായോ രാഹുൽ ​ഗാന്ധിയുമായോ വിഷയത്തിൽ ബന്ധപ്പെട്ടിരുന്നോ എന്ന ചോദ്യത്തിന് ഉഭയകക്ഷി ബന്ധമുള്ള ഏത് രാജ്യത്തും പ്രതിപക്ഷ പാർട്ടികളിലെ അംഗങ്ങളുമായി ഇടപഴകുന്നത് സാധാരണമാണെന്നായിരുന്നു പട്ടേലിന്റെ പ്രതികരണം.

ലോക്സഭാ സെക്രട്ടേറിയേറ്റാണ് രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ദാക്കിക്കൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കിയത്. സൂറത് കോടതി വിധി വന്ന് 24 മണിക്കൂറിനുള്ളിലാണ് നടപടി.

2019ൽ നടന്ന റാലിക്കിടെ മോദി എന്ന പേരിനെതിരെ നടത്തിയ പരാമർശത്തിന് പിന്നാലെ രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തിരുന്നു. കഴിഞ്ഞ ദിവസമാണ് കേസിൽ രാഹുൽ ഗാന്ധി കുറ്റക്കാരനാണെന്ന് കണ്ടെത്തിയുള്ള സൂറത് കോടതി വിധി വന്നത്. വിധി വന്നതിന് പിന്നാലെ രാഹുൽ ഗാന്ധിയെ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന് ചൂണ്ടിക്കാട്ടി സപീക്കർക്ക് പരാതി ലഭിച്ചിരുന്നു.

സുപ്രീം കോടതിയുടെ വിധി പ്രകാരം രണ്ട് വർഷമോ അതിൽ അധികമോ ശിക്ഷ ലഭിച്ചവർ അയോഗ്യരാകുമെന്നും ഇപ്രകാരം രാഹുൽ ഗാന്ധി അയോഗ്യനാക്കപ്പെടണമെന്നും പരാതിയിൽ പറഞ്ഞിരുന്നു. പരാതി ലഭിച്ചതിന് പിന്നാലെ സ്പീക്കർ നിയമോപദേശം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

ലോക്സഭാം​ഗത്വം റദ്ദാക്കിയ നടപടിക്ക് പിന്നാലെ നടത്തിയ വാർത്താ സമ്മേളനത്തിൽ രാജ്യത്തെ ജനാധിപത്യം ആക്രമിക്കപ്പെടുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദാനിയും തമ്മിലുള്ള ബന്ധം ചോദ്യം ചെയ്യപ്പെടേണ്ടതുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.

പാർലമെന്റിൽ തന്റെ ശബ്ദം അടിച്ചമർത്തപ്പെടുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.

തന്നെ അയോ​ഗ്യനാക്കിയത് പ്രധാനമന്ത്രിക്ക് ചോദ്യങ്ങളോടുള്ള ഭയത്തിന്റെ ഉദാഹരണമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യത്ത് ജനാധിപത്യം ആക്രമിക്കപ്പെടുകയാണെന്നും ചോദ്യങ്ങൾ ചോദിക്കുന്നത് തുടരുക തന്നെ ചെയ്യുമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

#WATCH | “Respect for rule of law & judicial independence is a cornerstone of any democracy. We’re watching Mr Gandhi’s case in Indian court …. “:Vedant Patel, US Principal Dy Spokesperson on defamation case against Rahul Gandhi over his ‘Modi surname’ remark pic.twitter.com/WFUaAcBWd0

— ANI (@ANI) March 27, 2023

Content Highlight: America says they are observing Rahul Gandhi case in Indian courts