| Saturday, 24th September 2022, 4:00 pm

ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ച ഇറാന്റെ നടപടിക്കെതിരെ യു.എസ്; അമേരിക്കന്‍ ടെക് കമ്പനികള്‍ക്ക് ഇറാനില്‍ ബിസിനസ് വിപുലീകരിക്കാനുള്ള 'അവസരവും'

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെഹ്‌റാന്‍: മഹ്‌സ അമിനിയുടെ മരണത്തില്‍ പ്രതിഷേധിച്ച് പ്രക്ഷോഭങ്ങള്‍ ശക്തമായ സാഹചര്യത്തില്‍ ഇറാനില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഭരണകൂടം നിരോധിച്ചിരുന്നു. മരണസംഖ്യ ഉയര്‍ന്നതോടെ ബുധനാഴ്ച വൈകീട്ടോടെയായിരുന്നു രാജ്യത്ത് ഇന്റര്‍നെറ്റ് ആക്സസ് വിച്ഛേദിച്ചത്.

ഇതിനെതിരെ നടപടികളുമായി രംഗത്തെത്തിയിരിക്കുകയാണ് യു.എസ്. ഇറാന്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഇന്റര്‍നെറ്റ് നിയന്ത്രണങ്ങള്‍ ലഘൂകരിക്കാനാണ് യു.എസിന്റെ നീക്കം. ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിപുലീകരിക്കുന്നതിനായി ഇറാനിലെ കയറ്റുമതി നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താനും അമേരിക്ക തീരുമാനിച്ചു.

”ഇറാനി ജനത ഒറ്റപ്പെട്ടുപോകില്ലെന്നും ഇരുട്ടിലാകില്ലെന്നും ഉറപ്പാക്കാന്‍ ഞങ്ങള്‍ സഹായിക്കും. സ്വന്തം പൗരന്മാരെ നിരീക്ഷിക്കുന്നതിനും സെന്‍സര്‍ ചെയ്യുന്നതിനുമുള്ള ഇറാന്‍ സര്‍ക്കാരിന്റെ പുതിയ ശ്രമങ്ങളെ ചെറുക്കാനും ഇത് ഉപകരിക്കും,” യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. വെള്ളിയാഴ്ചയായിരുന്നു ഇത് സംബന്ധിച്ച യു.എസിന്റെ പ്രഖ്യാപനം.

ഇറാന്റെ ഇന്റര്‍നെറ്റ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നത് അമേരിക്കന്‍ ടെക് കമ്പനികള്‍ക്ക് ഇറാനില്‍ അവരുടെ ബിസിനസ് വിപുലീകരിക്കാനുള്ള അവസരം കൂടിയായിരിക്കും എന്ന വിലയിരുത്തലുകളും പുറത്തുവരുന്നുണ്ട്.

വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം അടക്കമുള്ള സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതും ഇറാനില്‍ ബ്ലോക്ക് ചെയ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, പ്രതിഷേധം എട്ടാം ദിനത്തിലേക്ക് കടന്നിരിക്കുകയാണ്. പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്താനുള്ള നടപടികള്‍ അധികൃതരും ശക്തമാക്കിയിട്ടുണ്ട്. രാജ്യത്ത് പ്രക്ഷോഭങ്ങള്‍ക്ക് നേരെ സുരക്ഷാ സേന നടത്തുന്ന പ്രത്യാക്രമണങ്ങളിലും അടിച്ചമര്‍ത്തല്‍ നടപടികളിലും ഇതുവരെ 50 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

ഓസ്‌ലോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ ഇറാന്‍ ഹ്യൂമന്‍ റൈറ്റ്‌സിനെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഔദ്യോഗിക കണക്കുകളില്‍ പറയുന്ന മരണസംഖ്യയായ 17ന്റെ മൂന്നിരട്ടിയോളമാണ് ഇത്.

80ഓളം നഗരങ്ങളിലാണ് നിലവില്‍ പ്രതിഷേധം നടക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, 22കാരിയായ മഹ്സ അമിനിയുടെ മരണത്തില്‍ പ്രതിഷേധിച്ച് സ്ത്രീകള്‍ കൂട്ടത്തോടെ തെരുവിലിറങ്ങുകയും പ്രതിഷേധ സൂചകമായി തങ്ങളുടെ തലയില്‍ നിന്നും ഹിജാബ് വലിച്ചൂരുകയും കത്തിക്കുകയും മുടി മുറിക്കുകയും ചെയ്തിരുന്നു.

ഹിജാബ് ധരിക്കാതിരിക്കുന്നത് രാജ്യത്തെ നിയമപ്രകാരം ശിക്ഷ ലഭിക്കേണ്ട കുറ്റമാണെന്നിരിക്കെയാണ് സ്ത്രീകള്‍ പ്രതിഷേധിക്കുന്നത്. ഇറാനിലെ ‘സദാചാര പൊലീസി’നെതിരെയും (ഗൈഡന്‍സ് പട്രോള്‍) വലിയ പ്രതിഷേധമാണ് ഉയരുന്നത്.

ഹിജാബ് ഡ്രസ് കോഡിന്റെയും വസ്ത്രധാരണത്തിന്റെയും പേരില്‍ കഴിഞ്ഞ ചൊവ്വാഴ്ച പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ വെള്ളിയാഴ്ചയായിരുന്നു മഹ്സ കൊല്ലപ്പെട്ടത്. വാനില്‍ വെച്ച് മഹ്‌സയെ പൊലീസ് മര്‍ദിച്ചതായി ദൃക്സാക്ഷികള്‍ വെളിപ്പെടുത്തിയിരുന്നു. ‘ശരിയായ രീതിയില്‍’ ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ചായിരുന്നു അമിനിയെ അറസ്റ്റ് ചെയ്തത്.

പൊലീസ് മര്‍ദനമേറ്റ് കോമയിലായി മൂന്ന് ദിവസത്തിന് ശേഷമായിരുന്നു മരണം. അറസ്റ്റിന് പിന്നാലെ മഹ്സയ്ക്ക് പൊലീസ് മര്‍ദനമേറ്റെന്നും ഇതാണ് മരണത്തിന് കാരണമായതെന്നുമാണ് ആരോപണം. സംഭവത്തില്‍ ഇറാനിയന്‍ സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Content Highlight: America says it will ease internet curbs on Iran

Latest Stories

We use cookies to give you the best possible experience. Learn more