ന്യൂയോര്‍ക്ക്: ഇന്ത്യയിലെ മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍ അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനത്തിനെതിരാണെന്ന് അമേരിക്ക. മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ കമ്മീഷനാണ് (US Commission for International Religious Freedom-USCIRF) ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്.
ഇന്ത്യയില്‍ പന്ത്രണ്ട് സംസ്ഥാനങ്ങള്‍ മതപരിവര്‍ത്തനത്തിനെതിരായ നിയമങ്ങള്‍ പാസാക്കിയിട്ടുണ്ടെന്നും ഇത് അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനത്തിനും (Universal Declaration of Human Rights) സിവില്‍ രാഷ്ട്രീയ അവകാശങ്ങള്‍ സംബന്ധിച്ച അന്താരാഷ്ട്ര ഉടമ്പടിക്കും (International Covenant on Civil and Political Rights) എതിരാണെന്നാണ് റിപ്പോര്‍ട്ട്. പ്രസ്തുത നിയമങ്ങള്‍ രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരായി നടക്കുന്ന അതിക്രമങ്ങളെ കൂടുതല്‍ ശക്തമാക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും മതപരമായ അവകാശങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലാകാതിരിക്കുന്നതിനുമായി മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.
യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ സഹകരണത്തോട് കൂടി പ്രവര്‍ത്തിക്കുന്ന കമ്മീഷന്‍ അന്താരാഷ്ട്ര തലത്തിലെ മതസ്വാതന്ത്ര്യത്തെക്കുറിച്ച് പഠനം നടത്തുന്ന ഏജന്‍സിയാണ്. ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ തുടര്‍ക്കഥയാകുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയെ മനുഷ്യാവകാശ വിഷയങ്ങളില്‍ ഗുരുതര ആശങ്ക നിലനില്‍ക്കുന്ന രാജ്യമായി പരിഗണിക്കണമെന്ന് കമ്മീഷന്‍ അമേരിക്കന്‍ ഭരണകൂടത്തോട് തുടര്‍ച്ചയായി ആവശ്യപ്പെട്ടിരുന്നു.
അരുണാചല്‍ പ്രദേശ്, ഛത്തീസ്ഗഢ്, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍ പ്രദേശ്, ഝാര്‍ഖണ്ഡ്, കര്‍ണാടക, മധ്യപ്രദേശ്, ഒഡീഷ, രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് നിലവില്‍ മതപരിവര്‍ത്തന നിരോധന നിയമം പാസാക്കിയിട്ടുള്ളത്.
Content Highlight: America says India’s anti-religious conversion laws are against the International Declaration of Human Rights