സ്വീഡന്‍ നാറ്റോയില്‍ ചേരാന്‍ തയാര്‍; പിന്തുണക്കില്ലെന്ന എര്‍ദോഗന്റെ പ്രസ്താവനക്ക് അമേരിക്കയുടെ 'മറുപടി'
World News
സ്വീഡന്‍ നാറ്റോയില്‍ ചേരാന്‍ തയാര്‍; പിന്തുണക്കില്ലെന്ന എര്‍ദോഗന്റെ പ്രസ്താവനക്ക് അമേരിക്കയുടെ 'മറുപടി'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 24th January 2023, 1:56 pm

വാഷിങ്ടണ്‍: സ്വീഡന്റെ നാറ്റോ അംഗത്വ വിഷയത്തില്‍ പ്രതികരിച്ച് അമേരിക്ക.

മുസ്‌ലിങ്ങളുടെ മതവിശ്വാസത്തെ ബഹുമാനിക്കുന്നില്ലെങ്കില്‍ സ്വീഡന്റെ നാറ്റോ പ്രവേശനത്തിന് തുര്‍ക്കിയുടെ ഒരു പിന്തുണയും പ്രതീക്ഷിക്കേണ്ട എന്ന തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന്റെ പ്രതികരണത്തിന് പിന്നാലെയാണ് വിഷയത്തില്‍ അമേരിക്ക നിലപാട് വ്യക്തമാക്കിയത്.

സ്വീഡനിലെ സ്റ്റോക്ക്ഹോമില്‍ തുര്‍ക്കി എംബസിക്ക് മുന്നില്‍ തീവ്ര വലതുപക്ഷ നേതാവ് റാസ്മസ് പലുദന് ഖുര്‍ആന്റെ ഒരു കോപ്പി കത്തിച്ചതിനെതിരെ തുര്‍ക്കിയടക്കമുള്ള നിരവധി മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങള്‍ രൂക്ഷമായി പ്രതികരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു നാറ്റോ പ്രവേശനത്തിന്റെ കാര്യത്തില്‍ തങ്ങളില്‍ നിന്നും ഒരു പിന്തുണയും പ്രതീക്ഷിക്കേണ്ടതില്ലെന്ന് നാറ്റോ അംഗരാജ്യം കൂടിയായ തുര്‍ക്കിയുടെ പ്രസിഡന്റ് വ്യക്തമാക്കിയത്.

എന്നാല്‍ ഫിന്‍ലാന്‍ഡും സ്വീഡനും നാറ്റോയില്‍ ചേരാന്‍ തയ്യാറായി നില്‍ക്കുകയാണ് എന്നാണ് യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് വക്താവ് നെഡ് പ്രൈസ് തൊട്ടുപിന്നാലെ തിങ്കളാഴ്ച പ്രതികരിച്ചത്.

നിരവധി പേര്‍ വിശുദ്ധമായി കണക്കാക്കുന്ന ഒരു പുസ്തകം കത്തിക്കുന്നത് വലിയ അനാദരവ് നിറഞ്ഞ പ്രവര്‍ത്തിയാണെന്നും നിയമാനുസൃതമാണെങ്കിലും ചില കാര്യങ്ങള്‍ ഭയാനകരമായിരിക്കുമെന്നും ഖുര്‍ആന്‍ കത്തിച്ച സംഭവത്തില്‍ നെഡ് പ്രൈസ് പറഞ്ഞു. വാഷിങ്ടണില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

”സ്റ്റോക്ക്ഹോമിലെ നമ്മുടെ എംബസിക്ക് മുന്നില്‍ ഇത്തരം ദൈവനിന്ദ അനുവദിക്കുന്നവര്‍ അവരുടെ നാറ്റോ അംഗത്വത്തിന് ഇനി നമ്മളുടെ പിന്തുണ പ്രതീക്ഷിക്കേണ്ടതില്ല.

തുര്‍ക്കി റിപ്പബ്ലിക്കിന്റെയോ മുസ്‌ലിങ്ങളുടെയോ മതവിശ്വാസങ്ങളോട് നിങ്ങള്‍ ബഹുമാനം കാണിക്കുന്നില്ലെങ്കില്‍, ഞങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് നാറ്റോ അംഗത്വത്തിന് ഒരു പിന്തുണയും ലഭിക്കില്ല,” എന്നായിരുന്നു എര്‍ദോഗന്‍ വിഷയത്തില്‍ നേരത്തെ പറഞ്ഞത്.

സ്വീഡനൊപ്പം ഫിന്‍ലാന്‍ഡും മിലിറ്ററി സഖ്യമായ നാറ്റോയിലേക്കുള്ള പ്രവേശനത്തിനായുള്ള തയ്യാറെടുപ്പിലാണ്. എന്നാല്‍ നാറ്റോയിലെ നിലവിലെ അംഗരാജ്യങ്ങളായ തുര്‍ക്കിയും ഹംഗറിയും ഇതുവരെ ഇതിന് അംഗീകാരം നല്‍കിയിട്ടില്ല.

Content Highlight: America says Finland and Sweden are ready to join NATO alliance, reply to Erdogan