|

ചൈനീസ് ഹാക്കര്‍മാര്‍ യു.എസ് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് ഹാക്ക് ചെയ്തതായി അമേരിക്ക

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ചൈനീസ് ഹാക്കര്‍മാര്‍ യു.എസ് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റിലെ സിസ്റ്റങ്ങള്‍ ഹാക്ക് ചെയ്തതായി റിപ്പോര്‍ട്ട്. ഡാറ്റ ബേസുകളിലേക്കും വര്‍ക്ക് സ്റ്റേഷനുകളിലേക്കും ഹാക്കര്‍മാര്‍ക്ക് ആക്‌സസ് ലഭിച്ചതായാണ് ആരോപണം. ട്രഷറി ഉദ്യോഗസ്ഥര്‍ യു.എസ് എം.പിമാര്‍ക്ക് അയച്ച കത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

സോഫ്റ്റ്‌വെയര്‍ ദാതാക്കളായ ബിയോണ്ട് ട്രസ്റ്റും സമാനമായ ആരോപണം ഉന്നയിക്കുന്നുണ്ട്. ടെക്നിക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്ന കീവേര്‍ഡ് ഹാക്കര്‍മാര്‍ക്ക് ലഭിച്ചതായാണ് വിവരം.

ഇതുവരെ തരംതിരിക്കാത്ത ഏതാനും വിവരങ്ങള്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് ട്രഷറിയുടെ മറ്റൊരു ആരോപണം. എന്നാല്‍ ഹാക്ക് ചെയ്യപ്പെട്ടു എന്നതിലുപരി മറ്റ് പ്രതികരണങ്ങളൊന്നും ബിയോണ്ടിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.

ആരോപണത്തെ തുടര്‍ന്ന് എഫ്.ബി.ഐ, ഇന്റലിജന്റ്സ് കമ്മ്യൂണിറ്റി, മറ്റു ഏജന്‍സികളും പരിശോധന ആരംഭിച്ചു. എന്നാല്‍ ഡാറ്റ ബേസ് ഇപ്പോഴും ഹാക്കര്‍മാര്‍ക്ക് ആക്‌സസ് ചെയ്യാന്‍ കഴിയുന്നുണ്ടോ എന്നതില്‍ തെളിവുകളില്ല.

അതേസമയം യു.എസ് ട്രഷറിയുടെ ആരോപണം ചൈന നിഷേധിച്ചിട്ടുണ്ട്. വാഷിങ്ടണിലെ ചൈനീസ് എംബസിയുടെ വക്താവാണ് ആരോപണം നിഷേധിച്ചത്. ചൈനക്കെതിരായ വസ്തുതാവിരുദ്ധമായ അമേരിക്കന്‍ ആരോപണങ്ങളെ തങ്ങള്‍ ശക്തമായി എതിര്‍ക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.

ആരോപണം സ്മിയര്‍ ആക്രമണത്തിന്റെ ഭാഗമാണെന്ന് ചൈനീസ് എംബസി വക്താവ് പ്രതികരിച്ചതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. ഡിസംബര്‍ എട്ടിന് സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ബിയോണ്ട് ട്രസ്റ്റ് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റിനെ അറിയിച്ചിട്ടുണ്ടെന്നും ബി.ബി.സി പറയുന്നു.

റിപ്പോര്‍ട്ട് പ്രകാരം ഹാക്ക് ചെയ്ത് മൂന്ന് ദിവസത്തിനുള്ളില്‍ പാസ്വേഡ് ഉള്‍പ്പെടയുള്ള വിവരങ്ങള്‍ ഹാക്കര്‍മാര്‍ക്ക് മാറ്റാന്‍ കഴിയും. പരിശോധനകള്‍ പൂര്‍ത്തിയാക്കി 30 ദിവസത്തിനകം വിഷയത്തില്‍ അന്തിമ റിപ്പോര്‍ട്ട് കൈമാറുമെന്നും എം.പിമാര്‍ക്ക് അയച്ച കത്തില്‍ ഡിപ്പാര്‍ട്ട്‌മെന്റ് പറയുന്നു.

നേരത്തെ ചൈനീസ് സര്‍ക്കാര്‍ ധനസഹായം നല്‍കുന്ന വോള്‍ട്ട് ടൈഫൂണ്‍ എന്നറിയപ്പെടുന്ന ചൈനീസ് ഹാക്കിങ്ങ് ക്യാമ്പയിന്‍ അമേരിക്കന്‍ കമ്പനികളെ ഹാക്ക് ചെയ്തതായി റിപ്പോര്‍ട്ട് വന്നിരുന്നു.

തുടര്‍ന്ന് അമേരിക്കയുടെ നിര്‍ണായക ഇന്‍ഫ്രാസ്ട്രക്ചര്‍ സംവിധാനങ്ങള്‍ സൈബര്‍ ആക്രമണങ്ങള്‍ക്ക് വിധേയമാകുമോയെന്ന് യു.എസ് ആശങ്കപ്പെട്ടിരുന്നു.

അമേരിക്കയിലെ ഏതാനും ജലസേചന സൗകര്യങ്ങള്‍, പവര്‍ ഗ്രിഡ്, ആശയവിനിമയം തുടങ്ങിയ മേഖലകളിലേക്ക് വോള്‍ട്ട് ടൈഫൂണ്‍ നുഴഞ്ഞുകയറിയതായി യു.എസ് ഇതിനുമുമ്പും ആരോപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് യു.എസ് ട്രഷറി ഉദ്യോഗസ്ഥരുടെ പുതിയ ആരോപണം.

Content Highlight: America says Chinese hackers hacked US Treasury Department