| Tuesday, 17th August 2021, 1:13 pm

താലിബാന്‍; ആദ്യം വിചാരണ ചെയ്യേണ്ടത് അമേരിക്കയെയാണ്

കെ.ടി. കുഞ്ഞിക്കണ്ണന്‍

അവസാനം അഫ്ഗാനിസ്ഥാനെ താലിബാന് ഏല്‍പ്പിച്ച് കൊടുത്തുകൊണ്ട് മധ്യപൂര്‍വ്വദേശത്തെ അമേരിക്കന്‍ ദൗത്യം പൂര്‍ത്തിയായിരിക്കുന്നുവെന്ന് പറയാം. 2020 ഫെബ്രുവരിയില്‍ ദോഹയില്‍ വെച്ച് താലിബാന്‍ പ്രതിനിധികളുമായി ട്രംപ് ഭരണകൂടം ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് യു.എസ്. സേനയുടെ പിന്മാറ്റവും അഫ്ഗാന്‍ നഗരങ്ങള്‍ ഓരോന്നായി കീഴടക്കികൊണ്ടുള്ള താലിബാന്റെ മുന്നേറ്റവും ഒടുവില്‍ കാബൂളിലെ പ്രസിഡന്റിന്റെ കൊട്ടാരം കയ്യടക്കുന്നതിലേക്കെത്തിയ സംഭവ വികാസങ്ങളുമുണ്ടായിരിക്കുന്നത്.

താലിബാനെ സൃഷ്ടിച്ച അമേരിക്ക തന്നെ, വേള്‍ഡ് ട്രേഡ് സെന്റര്‍ സംഭവത്തെ തുടര്‍ന്നു ഭീകരവിരുദ്ധ യുദ്ധമെന്ന പേരില്‍ അഫ്ഗാനിസ്ഥാനില്‍ താലിബാനെ പുറത്താക്കി അധിനിവേശം സ്ഥാപിച്ച അമേരിക്ക തന്നെ താലിബാന് അഫ്ഗാന്റെ ഭരണം ഏല്പിച്ചു കൊടുത്തിരിക്കുന്ന വൈരുധ്യാത്മകത മനസിലാക്കണമെങ്കില്‍, വിഭവങ്ങളും സമ്പത്തും കയ്യടക്കാന്‍ ഒരു സാമ്രാജ്യത്വ ശക്തിയെന്ന അമേരിക്ക നടത്തിയിട്ടുള്ള നൃശംസതകളുടെ ചരിത്രം പഠിക്കണം. റസ്സല്‍ നിരീക്ഷിച്ചത് പോലെ അമേരിക്കക്ക് താല്പര്യങ്ങളല്ലാതെ ആരോടെങ്കിലും കൂറോ ധാര്‍മ്മിക മൂല്യങ്ങളോടുള്ള പ്രതിബദ്ധതയോ ഒന്നും തന്നെയില്ലായെന്നതാണ് ലോകജനതക്ക് മേല്‍ അവര്‍ നടത്തിയിട്ടുള്ള ക്രൂര തീര്‍ത്ഥാടനങ്ങളുടെ ചരിത്രം സാക്ഷ്യപ്പെടുത്തുന്നത്.

താലിബാന്‍ ഭീകരതയെ നേരിടാനെന്ന പേരില്‍ തുടര്‍ച്ചയായി കാര്‍പെറ്റ് ബോംബിംഗുകള്‍ വരെ നടത്തിയ, നിരപരാധികളായ അഫ്ഗാന്‍ ജനതയെ കൊന്നു കൂട്ടിയവരാണ് ഇപ്പോള്‍ താലിബാന്റെ അധികാരാരോഹണത്തിന് സൗകകര്യമൊരുക്കി കൊടുത്തിരിക്കുന്നത്. അമേരിക്ക നല്‍കിയ സഹായങ്ങളും ആയുധങ്ങളുമാണ് താലിബാനെ ഭീകരസേനയായി സജ്ജീകരിച്ചെടുത്തത് തന്നെ.

കാസ്പിയന്‍ തീരത്തെ 10 ലക്ഷം കോടിയോളം വരുന്ന എണ്ണ നിക്ഷേപങ്ങളെ സംബന്ധിച്ച പര്യവേഷണ റിപ്പോര്‍ട്ടുകള്‍ വന്നതോടെയാണല്ലോ വന്‍കിട പെട്രോളിയം കമ്പനികളാല്‍ നയിക്കപ്പെടുന്ന അമേരിക്കന്‍ ഭരണകൂടം അഫ്ഗാനെ ലക്ഷ്യം വെച്ചുള്ള നീക്കങ്ങളാരംഭിച്ചത്. ഈ മേഖലയിലെ സോവിയറ്റ് യൂണിയന്റെ സാന്നിദ്ധ്യവും അഫ്ഗാന്‍ സമൂഹത്തില്‍ സ്വാധീനമുറപ്പിച്ച കമ്യൂണിസ്റ്റു പാര്‍ട്ടികളുമായിരുന്നു സമൃദ്ധമായ എണ്ണ നിക്ഷേപങ്ങള്‍ കയ്യടക്കുന്നതിന് അമേരിക്ക ഭീഷണിയായി കണ്ടത്.

1978ല്‍ ഡോ. നജീബുള്ളയുടെ നേതൃത്വത്തില്‍ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ എണ്ണ നിക്ഷേപങ്ങള്‍ കയ്യടക്കാന്‍ കാത്ത് കിടന്ന ഷെവറോണ്‍ അടക്കമുള്ള യു.എസ്. എണ്ണ കമ്പനികള്‍ പരിഭ്രാന്തിയിലായി. അമേരിക്കന്‍ ഭരണകൂടത്തിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലും നിര്‍ണായക സ്വാധീനമുണ്ടായിരുന്നവരായിരുന്നു ഷെവറോണിന്റെ ഓഹരിയുടമകള്‍. ജോര്‍ജ് ബുഷിനും കൊണ്ടാലിസറൈസയ്ക്കും വരെ ഷെവറോണില്‍ ഓഹരി പങ്കാളിത്തമുണ്ടായിരുന്നു.

ഡോ. നജീബുള്ള

ശീതയുദ്ധസാഹചര്യം നേരത്തെ തന്നെ പുരോഗമന പ്രസ്ഥാനങ്ങള്‍ക്കെതിരായി ഇസ്‌ലാമിക വിശ്വാസികളെ ഇളക്കി അണിനിരത്താനുള്ള നീക്കങ്ങള്‍ നേരത്തെ തന്നെ അഫ്ഗാന്‍ സമൂഹത്തില്‍ സൃഷ്ടിച്ചിരുന്നു. സി.ഐ.എ യും ഓറിയന്റലിസ്റ്റ് ചിന്താകേന്ദ്രങ്ങളും ഗോത്രാധിഷ്ഠിത ഫ്യൂഡല്‍ ബന്ധങ്ങള്‍ നിലനില്‍ക്കുന്ന അഫ്ഗാനിസ്ഥാനിലെ മുല്ലമാരെ സ്വാധീനിക്കാനും മത ഗോത്ര വംശീയാധിഷ്ഠിത ദേശീയത ഉയര്‍ത്തിയെടുക്കാനുമുള്ള പദ്ധതികളാവിഷ്‌ക്കരിച്ചിരുന്നു. ഇതിനായി വമ്പന്‍ ദീനദയാജീവകാരുണ്യ സംരംഭങ്ങളെ മുന്‍നിര്‍ത്തിയുള്ള മതവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. ഒസാമ ബിന്‍ ലാദന്‍ ഇത്തരം മതാധിഷ്ഠിത ചാരിറ്റി സംഘടനകള്‍ വഴിയാണ് തീവ്ര ‘ഇസ്‌ലാമിക’വല്‍ക്കരണവും തീവ്രവാദ സംഘങ്ങളിലേക്ക് റിക്രൂട്ട്‌മെന്റും നടത്തിയത്.

1965 ല്‍ തന്നെ ഹെക് മത്യാറുടെ നേതൃത്വത്തില്‍ ഇസ്‌ലാമിക് പാര്‍ട്ടിയെയും ഗോത്രമത ദേശീയത വികാരം തിളപ്പിക്കുന്ന നേതാക്കളെയും വളര്‍ത്തി കൊണ്ടുവന്നിരുന്നു. അമേരിക്ക പാക്കിസ്ഥാന്റെ സഹായത്തോടെ ഇസ്‌ലാമിന്റെ പേരില്‍ പഷ്തൂണ്‍ ഗോത്ര ബോധത്തെ അക്രമോത്സുകമായ ഭീകരവാദമായി, താലിബാനായി വളര്‍ത്തിയെടുക്കുകയായിരുന്നു. അമേരിക്കയും പാക്കിസ്ഥാന്‍ ഇന്റലിജന്‍സ് വിഭാഗവും ചേര്‍ന്നു വളര്‍ത്തിയെടുത്ത താലിബാന്‍ മോഡല്‍ മതഭീകരസംഘങ്ങള്‍ മനുഷ്യരാശിയുടെ എല്ലാ നന്മകളെയും സ്വാതന്ത്ര്യത്തെയും ഇല്ലാതാക്കുന്നതാണെന്നാണ് അഫ്ഗാന്‍ സംഭവങ്ങള്‍ ആവര്‍ത്തിച്ചു നമ്മെ പഠിപ്പിക്കുന്നത്.

ചുരുക്കിപ്പറഞ്ഞാല്‍ താലിബാനോളം ഭീകരവും ആധുനിക ജീവിതമൂല്യങ്ങളില്‍ നിന്നും മനുഷ്യരാശിയെ പ്രാചീനതയുടെ കൂരിരുട്ടിലേക്ക് പിടിച്ചു വലിക്കുന്നതുമായ മത വംശീയ രാഷ്ട്രീയത്തെ ലോകമെമ്പാടും വളര്‍ത്തി കൊണ്ടു വന്ന അമേരിക്കയാണ് ഇന്ന് ലോക ജനതയാല്‍ വിചാരണ ചെയ്യപ്പെടേണ്ടത്.

2001 സപ്തംബര്‍ 11 ന് അല്‍ഖയ്ദ ഭീകരര്‍ അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്ററിന്റെ ഇരട്ട ഗോപുരങ്ങള്‍ യാത്രാവിമാനങ്ങള്‍ തട്ടിയെടുത്ത് ബോംബായി ഉപയോഗിച്ച് ഇടിച്ച് തകര്‍ത്തതയോടെയാണ് അല്‍ ഖയ്ദയെയും താലിബാനെയും ഇല്ലാതാക്കുമെന്ന പ്രഖ്യാപനവുമായി
യു.എസ്. ഭീകരവിരുദ്ധ യുദ്ധമാരംഭിച്ചത്.

വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യം

അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ആധിപത്യം തകര്‍ത്ത് തങ്ങളുടെ അധിനിവേശ ഭരണം സ്ഥാപിച്ച അമേരിക്ക താലിബാനെയും അല്‍ഖയ്ദയെയും ഇല്ലാതാക്കിയില്ലല്ലോ. എന്ന് മാത്രമല്ല കഴിഞ്ഞ രണ്ട് ദശകക്കാലമായി മധ്യപൂര്‍വ്വദേശത്തെയും പശ്ചിമേഷ്യയിലെ തങ്ങളുടെ താല്പര്യങ്ങള്‍ക്കനുസരിച്ച് അല്‍ഖയ്ദയുടെയും താലിബാന്റെയും രൂപാന്തരങ്ങളായി നിരവധി ഭീകരവാദി ഗ്രൂപ്പുകളെ വളര്‍ത്തിയെടുക്കുകയായിരുന്നു.

ഇറാഖും സിറിയന്‍ മേഖലകളും താവളമാക്കി ഐ.എസ്. പോലുള്ള ഇസ്‌ലാമിന്റെ പേരിലുള്ള അതിഭീകര സംഘങ്ങളെ സി.ഐ.എയും നാറ്റോ സൈനിക കേന്ദ്രങ്ങളും സൃഷ്ടിച്ചെടുക്കുകയായിരുന്നു. സിറിയയിലെ അസദ് സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള ഫ്രീ സിറിയന്‍ ആര്‍മി ഐ.എസ്. നെയും സിറിയയിലെ അല്‍ഖയ്ദ ദളങ്ങളെയും ചേര്‍ത്ത് നാറ്റോ സൈനിക കേന്ദ്രങ്ങളാണ് പരിശീലിപ്പിച്ചെടുത്തത്. തുര്‍ക്കി, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളിലെ പെട്രോ ഡോളര്‍ മുതലാളിമാരും രഹസ്യാന്വേഷണ മേധാവികളുമാണ് ഇത്തരം ഭീകര വിധ്വംസക സംഘങ്ങള്‍ക്ക് ധനസഹായം എത്തിച്ചു കൊടുത്തത്.

മധ്യപൂര്‍വ്വദേശത്തെയും പശ്ചിമേഷ്യയിലെയും എണ്ണപ്പാടങ്ങളും വാണിജ്യപാതകളും കയ്യടക്കാനുള്ള ശീതയുദ്ധകാലത്തെ അമേരിക്കന്‍ രാഷ്ട്രീയ സൈനിക തന്ത്രങ്ങളിലാണ് മുജാഹീദിന്‍ ഭീകരര്‍ മുതല്‍ താലിബാനികള്‍ വരെ പിറവിയെടുത്തതെന്ന യാഥാര്‍ത്ഥ്യം അതിജനാധിപത്യവാദികള്‍ അമേരിക്കന്‍ ഭരണത്തെയും താലിബാന്‍ ഭരണത്തെയും താരതമ്യം ചെയത് പുതിയ തിസീസുകള്‍ ചമക്കുന്നതിനിടയില്‍ വിസ്മരിച്ചു കളയുന്നുണ്ട്.

അമേരിക്കന്‍ സൈന്യം അഫ്ഗാനിസ്ഥാനില്‍

‘ഇസ്‌ലാമി’ല്‍ പൊതിഞ്ഞ പഷ്തൂണ്‍ ഗോത്രനിയമങ്ങളലധിഷ്ഠിതമായ പ്രാകൃതമായൊരു വ്യവസ്ഥയുടെ പുനരായനമാണ് താലിബാനിലൂടെ സാക്ഷാല്‍ക്കരിക്കപ്പെടുന്നത്. അങ്ങേയറ്റം സത്രീവിരുദ്ധവും മനുഷ്യവിരുദ്ധവുമായ മതാത്മകതയാണ് താലിബാന്റ പ്രത്യയശാസ്ത്രം.

‘ഇസ്‌ലാമിക’വല്‍ക്കരണത്തിന്റെയും ഹൈന്ദവല്‍ക്കരണത്തിന്റെയും ദുരന്ത പരിണതി എന്താവാമെന്നാണ് ഇപ്പോഴത്തെ അഫ്ഘാന്‍ സംഭവങ്ങള്‍ ലോകത്തിന് കാണിച്ചു തരുന്നത്.
കാസ്പിയന്‍ തീരത്തെ എണ്ണ നിക്ഷേപങ്ങളിലും മധ്യപൂര്‍വ്വദേശങ്ങളിലെ വാണിജ്യ പാതകളിലും കണ്ണ് വെച്ച അമേരിക്കയുടെയും സി.ഐ.എയുടെയും താല്പര്യങ്ങളിലാണ്താലിബാനിസം വളര്‍ന്നത്.

പാക്കിസ്ഥാന്‍ ഐ.എസ്.ഐ യുടെ സഹായത്തോടെ സി.ഐ.എ പടച്ചുവിട്ട മനുഷ്യത്വം നഷ്ടപ്പെട്ട മതഗോത്ര ഭ്രാന്തന്മാരാണ് താലിബാനികള്‍. ഡോ. നജീബുള്ളയുടെ ഗവണ്‍മെന്റിനെ അട്ടിമറിക്കാന്‍ നടത്തിയ ഗൂഢാലോചനകളിലാണ് പാക്കിസ്ഥാനിലെ മതപാഠശാലകളില്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍ റിക്രൂട്ട് ചെയ്യപ്പെട്ട മുസ്‌ലിം വിശ്വാസികളെ സാമ്രാജ്യത്വം ആധുനിക വിശുദ്ധ യുദ്ധപദ്ധതിയില്‍ ജ്ഞാനസ്‌നാനം ചെയ്‌തെടുത്തത്. മുജാഹിദീന്‍ മിലിട്ടറിയെ സൃഷ്ടിച്ചത്. അതിന്റെ തുടര്‍ച്ചയും രൂപാന്തരവുമാണ് താലിബാന്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: America’s role behind Afghan Taliban conflicts – K.T. Kunhikkannan writes

കെ.ടി. കുഞ്ഞിക്കണ്ണന്‍

സി.പി.ഐ.എം നേതാവും കേളുഏട്ടന്‍ പഠന ഗവേഷണകേന്ദ്രം ഡയറക്ടറുമാണ് ലേഖകന്‍

We use cookies to give you the best possible experience. Learn more