| Sunday, 20th August 2023, 11:41 pm

നോഹ ലൈല്‍സ്, പുതിയ വേഗ രാജാവിന്റെ പേര് എഴുതിവെച്ചോളൂ; 9.83 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് സ്വര്‍ണം

സ്പോര്‍ട്സ് ഡെസ്‌ക്

അമേരിക്കയുടെ നോഹ ലൈല്‍സ് വേഗ രാജാവ്. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 100 മീറ്റര്‍ ഓട്ടത്തില്‍ 9.83 സെകക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് നോഹ ലൈല്‍സ് ഒന്നാമനെത്തിയത്. താരത്തിന്റെ പേഴ്‌സണല്‍ ബെസ്റ്റ് പെര്‍ഫോമന്‍സാണിത്. 200 മീറ്ററിലും സ്വര്‍ണം നേടിയ ലൈല്‍സ് പുതിയ ലോക രാജാവ് താനാണെന്ന് ഊട്ടിയുറപ്പിക്കുന്ന തരത്തിലുള്ള പ്രകടനമാണ് പുറത്തെടുത്തത്. നേരത്തെ രണ്ട് തവണ ലോക 200 മീറ്റര്‍ ചാമ്പ്യനാകാന്‍ നോഹക്ക് സാധിച്ചിരുന്നു.

നൂറ് മീറ്ററില്‍ ബോട്സ്വാനയുടെ ലെറ്റ്സില്‍ ടെബോഗോ രണ്ടാമനായും ബ്രിട്ടനിലെ ഷാര്‍ണല്‍ ഹ്യൂസ് മൂന്നാമനായും ഫിനിഷ് ചെയ്തു. നിലവിലെ ലോക ചാമ്പ്യന്‍ ഫ്രെഡ് കെര്‍ലി സെമി ഫൈനലില്‍ പുറത്തായിരുന്നു.

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് ശനിയാഴ്ചയാണ് ഹംഗറിയിലെ ബുഡാപെസ്റ്റില്‍ തുടക്കമായത്. ഒമ്പത് ദിവസം നീണ്ട് നില്‍ക്കുന്ന ചാമ്പ്യന്‍ഷിപ്പിന് 2,100 ഓളം അത്‌ലറ്റുകളാണ് പങ്കെടുക്കുന്നത്. നീരജ് ചോപ്ര നയിക്കുന്ന 28 അംഗ സംഘത്തെയാണ് ഇന്ത്യ അയക്കുന്നത്. ഏഴ് മലയാളികളും ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ചു.

ലോങ് ജംപില്‍ എം ശ്രീശങ്കര്‍, ട്രിപ്പിള്‍ ജംപില്‍ അബ്ദുള്ള അബുബക്കര്‍, എല്‍ദോസ് പോള്‍, റിലേയില്‍ അമോജ് ജേക്കബ്, മുഹമ്മദ് അജ്മല്‍, മുഹമ്മദ് അനസ്, മിജോ ചാക്കോ കുര്യന്‍ എന്നിവരാണ് മലയാളി താരങ്ങള്‍.

Content Highlight:  America’s Noah Lyles he fastest in the world

We use cookies to give you the best possible experience. Learn more