ഹൈദരാബാദ്: ‘അമേരിക്ക ഫസ്റ്റ്’ എന്ന പ്രഖ്യാപിത നയത്തോടെ അമേരിക്ക മറ്റ് രാജ്യങ്ങള്‍ നല്‍കിവരുന്ന വിദേശ സഹായം നിര്‍ത്തിയതോടെ ഇരുട്ടിലായി ഇന്ത്യയിലെ സ്ഥാപനങ്ങളും. അമേരിക്കയുടെ സാമ്പത്തിക സഹായം ലഭിക്കാതായതോടെ അടച്ചുപൂട്ടിയിരിക്കുകയാണ് ഹൈദരാബാദിലെ ട്രാന്‍സ്ജെന്‍ഡര്‍ ക്ലിനിക്ക്. ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ ക്ലിനിക്കുകളില്‍ ഒന്നാണിത്. മറ്റ് ക്ലിനിക്കുകള്‍ മഹാരാഷ്ട്രയിലെ കല്യാണിലും പൂനെയിലുമാണ് സ്ഥിതി ചെയ്യുന്നത്.
ട്രംപ് അമേരിക്കയുടെ 49ാം പ്രസിഡന്റായി അധികാരമേറ്റെടുത്തതിന് തൊട്ടുപിന്നാലെയാണ് യു.എസ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റിന് (യു.എസ്.എ.ഐ.ഡി) കീഴിലുള്ള വിദേശ സഹായ പദ്ധതികള്‍ക്കുള്ള ഫണ്ട് ട്രംപ് ഭരണകൂടം മരവിപ്പിച്ചത്.
റോയിട്ടേഴ്സ് റിപ്പോര്‍ട്ട് അനുസരിച്ച്, അടച്ചുപൂട്ടിയ ക്ലിനിക്കുകള്‍ കൂടുതലും നടത്തുന്നത് ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തില്‍ നിന്നുള്ള ഡോക്ടര്‍മാരും കൗണ്‍സിലര്‍മാരും മറ്റ് തൊഴിലാളികളുമാണ്.
ഈ ക്ലിനിക്കുകളില്‍ പതിവ് പരിശോധനയ്ക്ക് പുറമെ ഹോര്‍മോണ്‍ തെറാപ്പിയെക്കുറിച്ചുള്ള മാര്‍ഗനിര്‍ദ്ദേശവും മരുന്നുമൊക്കെ നല്‍കാറുണ്ട്. മാനസികാരോഗ്യം, എച്ച്.ഐ.വി, മറ്റ് ലൈംഗിക രോഗങ്ങള്‍ എന്നിവയെക്കുറിച്ചുള്ള കൗണ്‍സിലിങ്, നിയമ സഹായം എന്നീ സേവനങ്ങളും നല്‍കിയിരുന്നതായി ക്ലിനിക്കിന്റെ വെബ്സൈറ്റിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
ക്ലിനിക്ക് ഒരു വര്‍ഷം നടത്തിക്കൊണ്ടുപോകാന്‍ 30 ലക്ഷം രൂപ വരെ ആവശ്യമാണ്. ഏകദേശം എട്ട് പേര്‍ക്ക് ജോലി നല്‍കുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ പൊതു അല്ലെങ്കില്‍ സ്വകാര്യ മേഖലകളില്‍ നിന്നുള്ള ധനസഹായങ്ങള്‍ അന്വേഷിക്കുകയാണ് സംഘാടകര്‍.
സാമ്പത്തിക സഹായം നിലച്ചെങ്കിലും എച്ച്.ഐ.വി ബാധിതര്‍ക്ക് ആന്റി റിട്രോവൈറല്‍ മരുന്നുകള്‍ നല്‍കുന്നത് ഉള്‍പ്പെടെയുള്ള ചില ജീവന്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനായി ക്ലിനിക്കുകളുടെ സംഘാടകര്‍ക്ക് യു.എസ് എയ്ഡില്‍ നിന്ന് ഇളവ് ലഭിച്ചിട്ടുണ്ടെന്ന് റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ക്ലിനിക്കിലെ 10% വരെ രോഗികള്‍ എച്ച്.ഐ.വി ബാധിതരാണ്.
യു.എസ് നികുതിദായകരുടെ പണം ഉപയോഗിച്ച് ധനസഹായം നല്‍കുന്ന എല്ലാ പദ്ധതികളും വിദേശ സഹായങ്ങളും 90 ദിവസത്തേക്ക് താത്ക്കാലികമായി നിര്‍ത്തിവയ്ക്കാനാണ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിട്ടത്.
ഇതിന് പുറമെ ഇന്ത്യയിലെ വോട്ടെടുപ്പിനായി 21 മില്യണ്‍ ഡോളര്‍ നല്‍കിയിരുന്ന യു.എസ് എയ്ഡ് ഫണ്ടും ഇലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള ഡോജ് ഡിപ്പാര്‍ട്ട്‌മെന്റ് റദ്ദാക്കി. ഇത് വലിയ രാഷ്ട്രീയ വിവാദത്തിന് ഇടയാക്കിയിരുന്നു. ഇന്ത്യ സമ്പന്നരാജ്യമാണെന്നും അവര്‍ക്ക് ഈ പണത്തിന്റെ ആവശ്യമില്ല എന്ന് പറഞ്ഞാണ് ട്രംപിന്റെ തീരുമാനം. കൂടാതെ അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ബൈഡനെ ജയിപ്പിക്കാന്‍ ഇന്ത്യ ശ്രമിച്ചെന്നും ട്രംപ് ആരോപിച്ചു.
ട്രംപ് ഭരണകൂടം പുറത്തുവിട്ട വിവരങ്ങള്‍ ആശങ്കാജനകമാണെന്നും സര്‍ക്കാര്‍ അത് പരിശോധിച്ചുവരികയാണെന്നുമാണ് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ഈ വിഷയത്തില്‍ പ്രതികരിച്ചത്.
Content Highlight: America’s foreign aid losted; India’s first transgender clinic on the brink of closure