ആദ്യ സത്യപ്രതിജ്ഞ ആശുപത്രിയില്‍; വെല്ലുവിളികള്‍ നിറഞ്ഞ ബൈഡന്റെ രാഷ്ട്രീയ ജീവിതം
US Presidential Election
ആദ്യ സത്യപ്രതിജ്ഞ ആശുപത്രിയില്‍; വെല്ലുവിളികള്‍ നിറഞ്ഞ ബൈഡന്റെ രാഷ്ട്രീയ ജീവിതം
ശ്രിന്‍ഷ രാമകൃഷ്ണന്‍
Sunday, 8th November 2020, 6:34 pm

സ്‌കൂള്‍ പഠന കാലത്ത് സഹപാഠികളില്‍ നിന്നും നിരന്തരം വിക്കനെന്ന് വിളിച്ചുള്ള കളിയാക്കല്‍ നേരിട്ടവന്‍, എല്ലാ ദിവസവും വീട്ടില്‍ വന്ന് കരഞ്ഞിരുന്നവന്‍. എത്ര തവണ വീഴുന്നുവെന്നല്ല എത്ര വേഗത്തില്‍ എഴുന്നേറ്റ് നില്‍ക്കുന്നുവെന്നതിലാണ് കാര്യമെന്ന അച്ഛന്റെ വാക്കുകളില്‍ നിന്ന് ഊര്‍ജമുള്‍ക്കൊണ്ടവന്‍.

ഒടുവില്‍ സംസാരിക്കാനുള്ള പ്രയാസത്തെ മറികടക്കാന്‍ വലിയ ഖണ്ഡികകള്‍  മനപാഠമാക്കി, കണ്ണാടിക്കുമുന്‍പില്‍ അവ നിരന്തരം ആവര്‍ത്തിച്ച് പരിശീലിച്ചവന്‍. ദാരിദ്ര്യമടക്കമുള്ള പ്രതികൂല സാഹചര്യങ്ങളോട് പൊരുതി വളര്‍ന്ന ആ അമേരിക്കന്‍ പയ്യന്‍ പഠനത്തിലും രാഷ്ട്രീയത്തിലും കഴിവ് തെളിയിച്ചു.

കളിയാക്കുന്നവരെ പരിഗണിക്കാതെ തലയുയര്‍ത്തി നില്‍ക്കണമെന്ന അമ്മയുടെ വാക്കുകള്‍ കേട്ട് വളര്‍ന്ന ആ യുവാവ് അമേരിക്കന്‍ ജനതയെ മുഴുവന്‍ അഭിസംബോധന ചെയ്ത നേതാവായി.

വ്യക്തി ജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും നേരിട്ട തിരിച്ചടികളില്‍ പതറാതെ കരുത്തോടെ ജീവിതത്തെ മുന്നോട്ടു നയിച്ച ജോ ബൈഡന്‍ ദശാബ്ദങ്ങള്‍ നീണ്ട രാഷ്ട്രീയ ജീവിതത്തിനൊടുവില്‍ തന്റെ 77-ാം വയസില്‍ വൈറ്റ് ഹൗസിലേക്ക് അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി നടന്നു കയറാന്‍ പോകുകയാണ്.

ജോ ബൈഡന്റെ വ്യക്തി ജീവിതവും, രാഷ്ട്രീയ ജീവിതവും സംഭവബഹുലവും വിവാദങ്ങള്‍ നിറഞ്ഞതുമായിരുന്നു. വിദേശകാര്യ വിഷയങ്ങളിലുള്‍പ്പെടെയുള്ള അദ്ദേഹത്തിന്റെ നിലപാടുകള്‍ സ്വീകാര്യതയും വിമര്‍ശനങ്ങളും നേരിട്ടിരുന്നു.

1942 നവംബര്‍ 20ന് പെന്‍സില്‍വാനിയയിലെ സ്‌ക്രാന്റനില്‍ ജോസഫ് ബൈഡന്‍- കാതറിന്‍ യൂജിനിയ ദമ്പതികളുടെ മകനായാണ് ജോ ബെഡന്‍ ജനിക്കുന്നത്. സെക്കന്റ് ഹാന്‍ഡ് കാറുകളുടെ വില്‍പ്പനക്കാരനായിരുന്നു ജോസഫ് ബൈഡന്‍. ആത്മവിശ്വാസവും ദൃഢനിശ്ചയവും തനിക്ക് പകര്‍ന്നു തന്നത് തന്റെ മാതാപിതാക്കളാണെന്ന് ജോ ബൈഡന്‍ പല തവണ പറഞ്ഞിട്ടുണ്ട്.

സ്‌ക്രാന്റനിലെ എലിമെന്ററി സ്‌കൂളിലാണ് അദ്ദേഹം പഠിച്ചത്. കായിക മേഖലയില്‍ വലിയ താത്പര്യമുണ്ടായിരുന്നു ബൈഡന്. 1955ല്‍ അദ്ദേഹത്തിന് 13 വയസുള്ളപ്പോള്‍ കുടുംബം മെയ്ഫീല്‍ഡിലേക്ക് മാറി. അച്ഛന്റെ ബിസിനസ് തകര്‍ച്ചയായിരുന്നു ഈ മാറ്റത്തിന് കാരണം.

പ്രശസ്തമായ ആര്‍ച്ച്‌മെര്‍ അക്കാദമിയില്‍ പ്രവേശനം ലഭിക്കുന്നത് വരെ സെന്റ് ഹെലന സ്‌കൂളിലാണ് ജോ ബൈഡന്‍ പഠിച്ചത്. സ്‌കൂള്‍ ഫീസ് വഹിക്കാന്‍ സാമ്പത്തിക ശേഷി ഇല്ലാതിരുന്ന കുടുംബത്തെ സഹായിക്കാന്‍ ചില്ലറ ജോലികളും ചെയ്തിരുന്നു അദ്ദേഹം.

സ്‌കൂളിന്റെ തന്നെ ജനാലകള്‍ തൂത്തുതുടച്ചും, ഗാര്‍ഡനിങ്ങില്‍ സഹായിച്ചുമെല്ലാമായിരുന്നു അദ്ദേഹം സ്‌കൂള്‍ ഫീസിനുള്ള വക കണ്ടെത്തിയത്. കായിക മേഖലയില്‍ ഏറെ തത്പരനായിരുന്ന, മികച്ച പാസുകള്‍ അനായാസം ചെയ്യാന്‍ കഴിയുന്ന, അത്രയൊന്നും ആരോഗ്യമില്ലാത്ത വിദ്യാര്‍ത്ഥിയായാണ് ബൈഡന്റെ കോച്ച് അദ്ദേഹത്തെ ഓര്‍ത്തെടുക്കുന്നത്.

പിന്നീട് ഡെലവയര്‍ സര്‍വ്വകലാശാലയില്‍ നിന്ന് ബൈഡന്‍ ചരിത്രവും രാഷ്ട്രീയവും പഠിച്ചു. രാഷ്ട്രീയത്തിലുള്ള താത്പര്യം ബൈഡനുണ്ടാകുന്നതില്‍ ഡെലവയര്‍ സര്‍വ്വകലാശാല വലിയ പങ്കു വഹിച്ചു. പിന്നീട് സൈറക്യൂസ് സര്‍വ്വകലാശാലയില്‍ നിന്നും നിയമത്തിലും ബിരുദമടുത്തു.

ഇക്കാലയളവിലാണ് നീലിയ ഹണ്ടറുമായി ജോ ബൈഡന്‍ പ്രണയത്തിലാകുന്നത്. 1966ല്‍ ഇരുവരും വിവാഹിതരാവുകയും ചെയ്തു. മികച്ച ഒരു നിയമ വിദ്യാര്‍ത്ഥിയായിരുന്ന ബൈഡന്‍ ഒരിക്കല്‍ ഒരു റഫറന്‍സ് ലോ ആര്‍ട്ടിക്കിള്‍ കൃത്യമായി സൈറ്റ് ചെയ്യാന്‍ സാധിക്കാത്തതിനാല്‍ ക്ലാസ് റൂമില്‍ നിന്ന് പുറത്താക്കപ്പെട്ടിരുന്നു.

പക്ഷേ പിന്നീട് ബൈഡന്റെ നേതൃത്വത്തില്‍ അമേരിക്കയില്‍ സുപ്രധാനമായ പല നിയമങ്ങളും വന്നു. ഇതില്‍ ചിലതൊക്കെ വിവാദവുമായി. അമേരിക്കയിലെ അതി പ്രധാനമായ പല കേസുകളും ബൈഡന്റെ കൈകളിലൂടെ കടന്നു പോയി.

നിയമ ബിരുദം പൂര്‍ത്തിയാക്കിയതിന് ശേഷം ബൈഡന്‍ വീണ്ടും വെല്ലിംങ്ടണിലേക്ക് തിരിച്ചു. അവിടെ നിന്ന് ആരംഭിച്ചതാണ് ഡെമോക്രാറ്റിക് പാര്‍ട്ടിയുമായുള്ള ബൈഡന്റെ ബന്ധം.

രാഷ്ട്രീയത്തിനൊപ്പം തന്നെ നിയമവും പ്രാക്ടീസും ചെയ്തു അദ്ദേഹം. 1970ല്‍ ന്യൂ കാസ്റ്റില്‍ കൗണ്‍സിലില്‍ നിന്നും അദ്ദേഹം തെരഞ്ഞടുക്കപ്പെട്ടു. 1971ല്‍ കൗണ്‍സില്‍മാനായി പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ സ്വന്തമായി ഒരു നിയമ സ്ഥാപനവും അദ്ദേഹം ആരംഭിച്ചു.

1972ല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രശസ്തനായ നേതാവ് ജെ.കാലെബ് ബോഗ്‌സിനെതിരെ സെനറ്റിലേക്ക് ബൈഡന്‍ മത്സരിച്ചു. വിജയിക്കുമെന്ന് പാര്‍ട്ടിയിലെ പലര്‍ക്കും വിശ്വാസമില്ലായിരുന്നു. തോല്‍വി ഉറപ്പായിരിക്കുമെന്ന് തന്നെയാണ് ഡെമോക്രാറ്റുകള്‍ പോലും കരുതിയത്.

പക്ഷേ ബൈഡന്‍ ആ മുന്‍വിധിക്ക് കാര്യങ്ങള്‍ വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല. കുടുംബാംഗങ്ങളുടെ കൂടി സഹായത്താല്‍ വിശ്രമമില്ലാത്ത ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങളില്‍ ബൈഡന്‍ മുഴുകി. ആ കഠിനമായ പോരാട്ടം ഡെമോക്രാറ്റിക് പാര്‍ട്ടിയെ പോലും ഞെട്ടിപ്പിക്കുന്ന വിധത്തിലാണ് പര്യവസാനിച്ചത്.

ബോഗ്‌സിനെ വെട്ടിയിട്ട് തന്റെ 29ാം വയസില്‍ സെനററ്റിലേക്ക് ബൈഡന്‍ തെരഞ്ഞടുക്കപ്പെട്ടു. ഏവര്‍ക്കും അതിശയകരമായ വിജയമായിരുന്നു അത്.

എല്ലാം സുഗമമായി പോകുന്ന കാലം, കുടുംബ ബന്ധവും സന്തോഷകരമായിരുന്നു ബൈഡന്. നീലിയയ്ക്കും അദ്ദേഹത്തിനും മൂന്ന് കുട്ടികള്‍ പിറന്നു. പക്ഷേ ഇതിനിടയില്‍ ഒരു വലിയ ദുരന്തം ബൈഡനെ തേടി വന്നു.

1972ല്‍ ക്രിസ്മസിന് ഒരാഴ്ച മുന്‍പ് ബൈഡന്റെ കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ ഭാര്യയും മകളും കൊല്ലപ്പെട്ടു. രണ്ട് ആണ്‍മക്കള്‍ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിലായി. ആ ദുരന്തം തനിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നെന്നും ആത്മഹത്യ ചെയ്താലോ എന്ന് പോലും ആലോചിച്ചിരുന്നെന്നും ബൈഡന്‍ പിന്നീട് പറഞ്ഞിരുന്നു.

ഒടുവില്‍ കുടുംബാംഗങ്ങളുടെ നിര്‍ബന്ധ പ്രകാരം ബൈഡന്‍ വീണ്ടും തന്റെ ഉത്തരവാദിത്തത്തിലേക്ക് നീങ്ങി. സെനറ്റംഗത്വം അദ്ദേഹം രാജിവെച്ചില്ല. പകരം പുതിയ സെനറ്റര്‍മാര്‍ക്കുള്ള സത്യ പ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാതെ മക്കളെ ചികിത്സിക്കുന്ന ആശുപത്രി മുറിക്കുള്ളില്‍ ബൈഡന്‍ സത്യപ്രതിജ്ഞ ചെയ്തു.

ഭാര്യ നഷ്ടപ്പെട്ട ബൈഡന് കാര്യങ്ങള്‍ അത്ര സുഗമമായിരുന്നില്ല. മക്കളോടൊപ്പം തന്നെ കൂടുതല്‍ സമയം ചിലവഴിക്കണമെന്നായിരുന്നു അദ്ദേഹത്തിന്. അതുകൊണ്ട് തന്നെ വാഷിങ്ടണിലേക്ക് മാറിയില്ല. പകരം വില്ലിങ്ടണില്‍ തന്നെ തുടര്‍ന്നു. നാല് മണിക്കുറോളം ട്രെയിനില്‍ യാത്ര ചെയ്ത് സെനറ്റിലെത്തി.

രാത്രികാലങ്ങള്‍ മക്കള്‍ക്കു വേണ്ടി നീക്കിവെച്ചു. സെനറ്ററായിരുന്ന കാലത്ത് മുഴുവന്‍ ബൈഡനിത് ആവര്‍ത്തിച്ചു.
29ാം വയസിലാണ് വ്യക്തിജീവിതത്തിലെ വലിയ ദുരന്തത്തിന്റെ ഭാരവുമേറി ബൈഡന്‍ സെനറ്റിലെത്തുന്നത്. തീര്‍ത്തും ഒരു പുതിയ വിദ്യാര്‍ത്ഥിയായിരുന്നു ബൈഡനവിടെ. സെനറ്റില്‍ തന്റെ വ്യക്തിത്വം പതിപ്പിക്കുന്നതിന് കാര്യങ്ങളെ നേരിട്ട് മുന്നോട്ട് പോകുക മാത്രമാണ് വഴിയെന്ന് സമര്‍ത്ഥനായ ആ വിദ്യാര്‍ത്ഥി തിരിച്ചറിഞ്ഞു.

1975ല്‍ അദ്ദേഹം ഫോറിന്‍ റിലേഷന്‍സ് കമ്മിറ്റിയിലെത്തി. കുറച്ചു വര്‍ഷങ്ങള്‍ കൂടി പിന്നിട്ടപ്പോള്‍ ജൂഡീഷ്യറി കമ്മിറ്റിയിലേക്കും ബൈഡന് പ്രവേശനം ലഭിച്ചു. 1991-ലെ ഗള്‍ഫ് യുദ്ധത്തെ ബൈഡന്‍ എതിര്‍ത്തിരുന്നു. കിഴക്കന്‍ യൂറോപ്പിലേക്ക് നാറ്റോ സഖ്യം വ്യാപിപ്പിക്കുന്നതിന് പിന്തുണ നല്‍കിയിരുന്നു.

2001 ലെ അഫ്ഗാന്‍ യുദ്ധത്തെ ബൈഡന്‍ അനുകൂലിക്കുകയായിരുന്നു. വര്‍ണവിവേചനത്തിനെതിരെയും ശക്തമായ നിലപാടെടുത്തയാളായിരുന്നു ബൈഡന്‍. ഇറാഖ് യുദ്ധത്തെ അനുകൂലിക്കുന്ന നിലപാടായിരുന്നു  ബെഡന്റേത്. പിന്നീട് ചില ട്രൂപ്പുകളെ പിന്‍വലിക്കണമെന്ന നിലപാടും അദ്ദേഹമെടുത്തു.

ഇക്കാലയളവില്‍ അദ്ദേഹം ജില്‍ട്രേസി ജേക്കബിനെ പരിചയപ്പെട്ടു. ആദ്യഘട്ടത്തില്‍ ബൈഡനുമായുള്ള ബന്ധത്തിന് അവര്‍ താത്പര്യം കാണിച്ചില്ലെങ്കിലും പിന്നീട് ഇരുവരും വിവാഹിതരായി. ഒരു മകളും പിറന്നു. ഇക്കാലയളവില്‍ ബൈഡന്റെ രാഷ്ട്രീയ ജീവിതത്തിന് വലിയ വളര്‍ച്ചയുണ്ടായി.

1987ലാണ് ബൈഡന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തിനായുള്ള ആദ്യ യുദ്ധത്തിനിറങ്ങുന്നത്. ഇക്കാലഘട്ടത്തില്‍ നിരന്തരം വിവാദങ്ങളിലും പെട്ടിരുന്നു അദ്ദേഹം. ബൈഡന്റെ പ്രസംഗം മുഴുവന്‍ കോപ്പിയടിയാണെന്ന വാദങ്ങള്‍ ഉയര്‍ന്നു. ബ്രിട്ടീഷ് ലേബര്‍ പാര്‍ട്ടി നേതാവിന്റെ പ്രസംഗമാണ് ബൈഡന്‍ നടത്തുന്നത് എന്നായിരുന്നു ആരോപണം.

ക്യാമ്പയിന്‍ സമയത്ത് തന്നെ ബൈഡന് നിരന്തരം വന്നുപോകുന്ന തലവേദന വലിയ പ്രശ്‌നമായി മാറിയിരുന്നു. വിദഗ്ധ പരിശോധനയില്‍ ജീവനു തന്നെ ഭീഷണിയായേക്കാവുന്ന ബ്രെയിന്‍ അന്യൂറിസംസ് അദ്ദേഹത്തിനുണ്ടെന്ന് മനസിലായി. തുടര്‍ന്ന് ബ്രെയിന്‍ സര്‍ജറിക്ക് അദ്ദേഹം വിധേയനായി. സര്‍ജറിക്ക് പിന്നാലെ ബൈഡന്റെ ശ്വാസകോശത്തില്‍ രക്തം കട്ടപിടിച്ചു. അതിനാല്‍ രണ്ടാമതും സര്‍ജറിക്ക് വിധേയനാകേണ്ടി വന്നു. ഏഴ് മാസത്തിനു ശേഷമാണ് പിന്നീട് ബൈഡന്‍ സെനറ്റിലേക്ക് എത്തുന്നത്.

പ്ലാജിയാരിസം വിവാദങ്ങളില്‍ നിന്നും തിരിച്ചുവന്ന ബൈഡനെ കാത്ത് അടുത്ത പ്രശ്‌നങ്ങളുമുണ്ടായിരുന്നു. അക്കാലത്തെ പ്രസിഡന്റ് റൊണാള്‍ വില്‍സണ്‍ റീഗന്‍ റോബേര്‍ട്ട് ബോര്‍ക്കിനെ സുപ്രീം കോടതിയിലെ അസോസിയേറ്റ് ജസ്റ്റിസായി ശുപാര്‍ശ ചെയ്തത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചു.

സാറ്റര്‍ഡെ നൈറ്റ് കൂട്ടക്കൊലയിലുള്‍പ്പെടെ ബ്രൂക്കിന്റെ പങ്കിനെക്കുറിച്ച് സംശയമുണരുന്ന സാഹചര്യത്തിലെ നാമനിര്‍ദേശത്തിനെതിരായിരുന്നു നടന്ന വിവാദങ്ങളെല്ലാം. ജുഡീഷ്യല്‍ കമ്മിറ്റിയുടെ ചെയര്‍മാനെന്ന നിലയക്ക് കേസിന്റെ ചുമതല ബൈഡനായിരുന്നു.

ബൈഡന്‍ വീണ്ടും ജുഡീഷ്യറി ചെയര്‍മാനായി തുടരുന്ന കാലത്ത് ജോര്‍ജ് ഡബ്ല്യു ബുഷ് ക്ലാരെന്‍സ് തോമസിനെ സെര്‍ക്യൂട്ട് ജഡ്ജായി നാമനിര്‍ദേശം ചെയ്യുന്നു. ഇതിന് പിന്നാലെ ക്ലാരന്‍സിനെതിരെ ലൈംഗിക ആരോണവുമായി അദ്ദേഹത്തിന്റെ മുന്‍ അസിസ്റ്റന്‍ഡ് അനിറ്റ ഹില്‍ കോടതിയെ സമീപിച്ചു.

ലൈംഗിക ആരോപണവുമായി മുന്നോട്ട് വന്ന ഒരു കറുത്തവര്‍ഗക്കാരിയായ യുവതിക്ക് ബൈഡന് നീതി നല്‍കാനായോ എന്ന ചോദ്യം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അന്ന് അനിറ്റയ്ക്കായി സാക്ഷി പറയാമെന്ന് അറിയിച്ച് മറ്റൊരു യുവതി മുന്നോട്ടുവന്നെങ്കിലും അനിറ്റയില്‍ മാത്രം ടെസ്റ്റിമോണി നിര്‍ത്തിയാാല്‍ മതിയെന്ന റിപ്പബ്ലിക്കന്‍ വാദത്തിനെ അന്ന് ജൂഡീഷ്യല്‍ കമ്മിറ്റി ചെയര്‍മാനായിരുന്ന ബൈഡന്‍ അംഗീകരിച്ചു.

അനിറ്റ ഹില്‍ കേസ് അമേരിക്കയില്‍ വലിയ ചലനങ്ങല്‍ സൃഷ്ടിച്ചു. ഒരു കറുത്ത വര്‍ഗക്കാരിയായ സ്ത്രീയുടെ പരാതി എങ്ങിനെയാണ് വെളുത്തവര്‍ഗക്കാര്‍ നേരിടുന്നത് എന്നതിന്റെ ദുഷിച്ച ഉദാഹരമണാണ് ഈ കേസെന്ന നിലപാടുമായി നിരവധി പേര്‍ രംഗത്തുവന്നു.

ജോ ബെഡനും ഇതില്‍ വലിയ വിമര്‍ശനങ്ങള്‍ നേരിട്ടു. നീതിയുക്തമായ വിചാരണ ഉണ്ടാകുമെന്ന് ബൈഡന്‍ ആവര്‍ത്തിച്ചെങ്കിലും ബൈഡന്റെ ഇടപെടലുകള്‍ പലവിധത്തിലും അനിറ്റയോട് നീതി പുലര്‍ത്തുന്നതായിരുന്നില്ല.

2019-ല്‍ കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ അനിറ്റ ഹില്ലിനെ പരിഗണിച്ചില്ല എന്ന വിമര്‍ശനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് ബൈഡന് പറയേണ്ടിവന്നു. ബൈഡന്‍ തന്റെ ജുഡീഷ്യറി ചെയര്‍മാന്‍ ഷിപ്പ് വലിയ നയമാറ്റങ്ങള്‍ക്കും ഉപയോഗിച്ചിരുന്നു.

1994-ല്‍ ദ വയലന്‍സ് എഗയിന്‍സ്റ്റ് വുമണ്‍ ആക്റ്റ് ബൈഡന്റെ നേതൃത്വത്തിലാണ് നിലവില്‍ വന്നത്. ഇത് അമേരിക്കയില്‍ സ്വീകരിക്കപ്പെടുകയുമുണ്ടായി. അതേസമയം 1994 ല്‍ ബൈഡന്‍ കൊണ്ടുവന്ന ക്രൈം ബില്ലും വലിയ വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചു. മയക്കുമരുന്നു കേസിലും മറ്റു കുറ്റകൃത്യങ്ങളിലുമുള്ള ശിക്ഷയുടെ കാലാവധി കൂട്ടുന്നതായിരുന്നു ക്രൈം ബില്‍.

അമേരിക്കയില്‍ കുറ്റകൃത്യങ്ങള്‍ പെരുകുന്ന കാലത്ത് ഇത് ശരിയായി തോന്നുമെങ്കിലും ഫലത്തില്‍ ബൈഡന്റെ ക്രൈം ബില്‍ ചെന്ന് പര്യവസാനിച്ചത് കറുത്ത വര്‍ഗക്കാരെയും ന്യൂനപക്ഷങ്ങളെയും വലയ്ക്കുന്ന വിധത്തിലായിരുന്നു.

2007ല്‍ 43 വര്‍ഷക്കാലത്തെ തന്റെ സെനറ്റ് അനുഭവ പരിചയത്തിന്റെ അടിസ്ഥാനത്തില്‍ ബൈഡന്‍ വീണ്ടും പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തീരുമാനിച്ചു.

തുടക്കത്തില്‍ തന്നെ ഹിലാരി ക്ലിന്റന്റെയും ബരാക് ഒബാമയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് മുന്നില്‍ വലിയ ചലനങ്ങളുണ്ടാക്കാന്‍ ബൈഡന് സാധിച്ചിരുന്നില്ല. ഒരു ശതമാനത്തില്‍ താഴെ വോട്ട് നേടിക്കൊണ്ടായിരുന്നു പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തിനായുള്ള മത്സരത്തില്‍ നിന്ന് ബൈഡന് പിന്‍വാങ്ങേണ്ടി വന്നത്. ഇതിന് പിന്നാലെ ഹിലരി ക്ലിന്റനെയും ഒബാമയേയും പിന്തുണക്കില്ല എന്ന നിലപാടായിരുന്നു ബൈഡന്‍ സ്വീകരിച്ചത്.

രണ്ടാം തവണയും പരാജയപ്പെട്ട ബൈഡനെ ഞെട്ടിച്ചുകൊണ്ട് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുക്കപ്പെട്ട ബരാക് ഒബാമ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ബൈഡനെ നാമനിര്‍ദേശം ചെയ്യുകയായിരുന്നു. അമേരിക്കന്‍ ചരിത്രത്തിലെ ആദ്യ ആഫ്രോ അമേരിക്കന്‍ കോമ്പിനേഷനായി അവര്‍.

ചാഞ്ചാട്ട സംസ്ഥാനങ്ങളിലുള്‍പ്പെടെ ഒബാമയുടെ പ്രചരണ പരിപാടികളില്‍ നിര്‍ണായകമായി ബൈഡന്റെ സാന്നിധ്യം. 2008 ഒക്ടോബര്‍ രണ്ടിന് റിപ്പബ്ലിക്കന്‍സിനെ പരാജയപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് പദവിയിലേക്ക് ഒബാമയെത്തുകയും ബൈഡന്‍ വൈസ് പ്രസിഡന്റാകുകയും ചെയ്തു.

സെനറ്റില്‍ ദീര്‍ഘകാലത്തെ പരിചയമില്ലാത്ത ഒബാമയ്ക്ക് ബൈഡന്‍ വലിയ സഹായമാകുമെന്ന വിലയിരുത്തലുകള്‍ പലരും ശരിവെച്ചു. അമേരിക്കന്‍ സാമ്പത്തിക മേഖല കടുത്ത പ്രതിസന്ധിയിലൂടെ പോകുന്ന സമയമായിരുന്നു ഇരുവരും അധികാരത്തിലേറിയത്. തൊട്ടു പിന്നാലെ ഒബാമ- ബൈഡന്‍ ടീം 77മില്ല്യണ്‍ ഡോളറിന്റെ സാമ്പത്തിക ഉത്തേജക പാക്കേജുകള്‍ അനുവദിച്ചു.

ഒബാമ സര്‍ക്കാരിനെ പല വിവാദങ്ങളിലേക്ക് നയിക്കുന്നതിനും ബൈഡന്‍ പങ്കുവഹിച്ചു. ടെലിവിഷന്‍ അഭിമുഖങ്ങളിലും പൊതുപാരിടകളിലും ബൈഡന്‍ ഉപയോഗിച്ച വാക്കുകളും പ്രയോഗങ്ങളും വിവാദങ്ങളിലേക്ക് നീങ്ങി.

സ്ത്രീകളുമായുള്ള ഇടപെടലും ലൈംഗിക ആരോപണങ്ങളും അദ്ദേഹത്തിന്റെ വ്യക്തി പ്രഭാവത്തിന് വലിയ കോട്ടങ്ങള്‍ ഉണ്ടാക്കി. 2019ല്‍ മീറ്റു ആരോപണങ്ങള്‍ ശക്തമാകുന്ന സമയത്ത് ആറോളം സ്ത്രീകള്‍ ബൈഡന്‍ തങ്ങളെ അണ്‍കംഫേര്‍ട്ടബിളാക്കി എന്ന ആരോപണവുമായി രംഗത്തെത്തിയിരുന്നു.

സ്ത്രീകളോടുള്ള ഇടപടെലിലും ബൈഡന്‍ വിവദത്തില്‍പ്പെടുകയും ഇതിനെതിരെ വിശദീകരണ വീഡിയോ ഇറക്കേണ്ടതായും വന്നു. പ്രസിഡന്റ് തെരഞ്ഞടുപ്പിനിടെ ബൈഡനെതിരെ ലൈംഗിക ആരോപണങ്ങളും ഉയര്‍ന്നു.

ഒബാമ പ്രസിഡന്റായിരുന്ന കാലത്ത് ബൈഡന്‍ സ്വവര്‍ഗ വിവഹാത്തിനെതിരെ സംസാരിച്ചതും ചര്‍ച്ചയായിരുന്നു. തൊട്ടു പിന്നാലെ ഇതിന് വിശീദീകരണവുമായി ഒബാമയും രംഗത്തെത്തി. സ്വവര്‍ഗ വിവാഹത്തെ താന്‍ അനുകൂലിക്കുന്നു എന്നായിരുന്നു ഒബാമ വ്യക്തമാക്കിയത്.

2015ലാണ് രണ്ടാമതൊരു ദുരന്തം ബൈഡന്‍ നേരിട്ടത്. മകന്‍ ബോവ് ബൈഡന്റെ വിയോഗം അദ്ദേഹത്തെ തകര്‍ത്തു. 46-ാമത് വയസില്‍ ബ്രെയിന്‍ ക്യാന്‍സറിനോട് യുദ്ധം ചെയ്തായിരുന്നു ബോവ് ബൈഡന്‍ അന്തരിച്ചത്.

ഈ വിയോഗമാണ് തൊട്ടു പിന്നാലെ നടന്ന തെരഞ്ഞെടുപ്പില്‍ നിന്ന് ബൈഡന്‍ വിട്ടു നില്‍ക്കാന്‍ കാരണമായത്. കോണ്‍ഗ്രസിലെ ഏറ്റവും ദരിദ്ര അംഗമാണെന്ന് എപ്പോഴും പറയുമായിരുന്ന ജോ ബൈഡന്‍ പ്രസിഡന്റ് പദത്തിനായി മത്സരിക്കുന്ന ഡെമോക്രാറ്റുകളുടെ കൂട്ടത്തില്‍ ഏറ്റവും സമ്പന്നനായാണ് ഒരു ഇടവേളയ്ക്ക് ശേഷം കളത്തിലിറങ്ങിയത്.

മിഡില്‍ ക്ലാസ് വിഭാഗത്തില്‍പ്പെടുന്ന ബൈഡന്‍ ഇന്ന് കോടികളുടെ ആസ്തിയുള്ളയാളാണ്. അധികാരത്തിലിരിക്കുമ്പോഴല്ല അധികാരമൊഴിഞ്ഞ 2017 മുതലാണ് ബൈഡന്‍ അമേരിക്കയിലെ സമ്പന്ന വിഭാഗത്തിലേക്കുന്നത്.

ഈ പണമെല്ലാം എത്തിയത് പുസ്തകങ്ങളിലൂടെയും, സ്പീക്കിങ്ങ് ഫീസ് വഴിയുമാണെന്ന് ബൈഡന്‍ പറഞ്ഞിരുന്നു. 2017 ല്‍ ഇറങ്ങിയ ‘പ്രോമീസ് മീ ഡാഡ്’ എന്ന ബൈഡന്റ പുസ്തകം മകന്‍ ബോവിന്റെ മരണവുമായി ബന്ധപ്പെട്ടതായിരുന്നു. പെട്ടെന്നു പണക്കാരനായ ബൈഡന്‍ സമ്പത്തിന്റെ വലിയൊരു ശതമാനവും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും നല്‍കിയിരുന്നു. ബിസിനസില്‍ താത്പര്യമൊന്നുമില്ലാത്ത ബൈഡന്‍ സമ്പന്നരുടെ പട്ടികയിലേക്ക് നീങ്ങിയത് അമേരിക്കയില്‍ വലിയ രീതിയില്‍ ചര്‍ച്ചചെയ്യപ്പെടുന്ന കഥകളിലൊന്നാണ്.

മകന്റെ വിയോഗത്തില്‍ തളര്‍ന്ന ബൈഡന്‍ 2020 ല്‍ പതിവുപോലെ ഉയിര്‍ത്തെഴുന്നേല്‍ക്കുകയായിരുന്നു. 2020ല്‍ അദ്ദേഹം പ്രസിഡന്റ് പദത്തിലേക്ക് വീണ്ടും മത്സരിച്ചു. അമേരിക്കന്‍ ജനതയുടെ വിശ്വാസ്യത നേടിയെടുത്തു. കൊവിഡ് ഉയര്‍ത്തിയ പ്രതിസന്ധിക്കും, സാമ്പത്തിക തകര്‍ച്ചയ്ക്കുമിടയില്‍ തന്റെ 77-ാം വയസില്‍ അമേരിക്കയുടെ പ്രസിഡന്റാകുന്നു. ഇരുപതുകളില്‍ തുടങ്ങിയ രാഷ്ട്രീയ ജീവിതത്തിനൊടുവില്‍ 2020ലാണ് വൈറ്റ് ഹൗസിലെ പ്രസിഡന്റ് പദവിയിലേക്കുള്ള വഴി അദ്ദേഹത്തിനൊരുങ്ങുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: America’s 46th president, Who is Joe Biden