അമേരിക്കയുടെ ആദ്യ കറുത്തവര്‍ഗക്കാരിയായ വനിതാ പ്രസിഡന്റ് എന്ന ഖ്യാതിയോടെ കമല ഹാരിസ് അധികാരത്തിലേറും എന്ന സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടിയേറ്റിട്ട് ആറ് നാള്‍ കഴിഞ്ഞു. കറുത്ത വര്‍ഗക്കാരനായ അമേരിക്കന്‍ പ്രസിഡന്റ് എന്ന ആഗ്രഹം അമേരിക്കക്കാര്‍ക്ക് ബരാക് ഒബാമയിലൂടെ പൂവണിഞ്ഞപ്പോള്‍ ആദ്യ വനിത പ്രസിഡന്റ് എന്ന ആഗ്രഹം സാക്ഷാത്കരിക്കാന്‍ ഇനിയും കാത്തിരിക്കണം എന്ന് സാരം.
എന്തുകൊണ്ടായിരിക്കും ലോകത്തിലെ ഏറ്റവും വലിയ പുരോഗമന രാജ്യം എന്ന് വിശേഷിപ്പിക്കുന്ന അമേരിക്കയ്ക്ക് ഇതുവരെ ഒരു വനിതാ പ്രസിഡന്റിനെ ലഭിക്കാത്തത്? എന്തുകൊണ്ടാണ് ലോകം അവികസിത രാജ്യങ്ങള്‍ എന്ന് വിശേഷിപ്പിക്കുന്ന ഇന്ത്യയ്ക്കും പാകിസ്ഥാനുമടക്കം വനിതാ പ്രധാനമന്ത്രിയെ ലഭിച്ചിട്ടും അമേരിക്കയ്ക്ക് മാത്രം ലഭിച്ചില്ല?.
ഇതാദ്യമായല്ല അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞടുപ്പില്‍ ഒരു മുഖ്യ പാര്‍ട്ടിയുടെ വനിതാ നേതാവ് തോല്‍ക്കുന്നത്. 2016ല്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയും മുന്‍ യു.എസ് സെക്രട്ടറി ഓഫ് സ്റ്റേറ്റുമായ ഹിലരി ക്ലിന്റണും ഇതേ തെരഞ്ഞെടുപ്പ് ഗോദയില്‍ പരാജയം രുചിച്ചിരുന്നു. എന്നാല്‍ 2024ലെ തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുമ്പോള്‍ ഹിലരിക്ക് കിട്ടിയതിനേക്കാള്‍ കുറവ് വനിതാ വോട്ടുകളാണ് കമലയ്ക്ക് കിട്ടിയതെന്നാണ് ഫലങ്ങള്‍ വ്യക്തമാക്കുന്നത്.
അബോര്‍ഷന്‍ റൈറ്റ്‌സ്, ലൈംഗികാതിക്രമങ്ങള്‍ക്കെതിരായ നടപടികള്‍, ട്രംപിന്റെ പുരുഷാധിപത്യ പരാമര്‍ശങ്ങള്‍ എന്നിവയെല്ലാം ആ തെരഞ്ഞടുപ്പില്‍ കമലാ ഹാരിസിന്റെ മുഖ്യ പ്രചാരണ വിഷയങ്ങള്‍ ആയിരുന്നിട്ടും അവര്‍ക്ക് വേണ്ടത്ര പിന്തുണ അമേരിക്കന്‍ ജനതയില്‍ നിന്ന് കിട്ടിയില്ലെന്നത് വ്യക്തം.
യു.എസ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഒക്ടോബറില്‍ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് ഇപ്‌സോസുമായി ചേര്‍ന്ന് അമേരിക്കന്‍ വോട്ടര്‍മാര്‍ക്കിടയില്‍ നടത്തിയ ഒരു സര്‍വെയില്‍ 55%ത്തോളം വരുന്ന അമേരിക്കന്‍ പൗരന്മാര്‍ രാജ്യത്ത് സെക്‌സിസം നിലനില്‍ക്കുന്നതായി പറയുകയുണ്ടായി. 15% പേരാകട്ടെ സ്ത്രീകള്‍ പ്രസിഡന്റായി വരുന്നതില്‍ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.
ഐക്യരാഷ്ട്രസഭയില്‍ അംഗങ്ങളായ രാജ്യങ്ങളിലെ വനിതാ പ്രാതിനിധ്യം പരിശോധിക്കുകയാണെങ്കില്‍ 193 രാജ്യങ്ങളില്‍ 13 രാജ്യങ്ങളെ മാത്രമാണ് വനിതകള്‍ നയിക്കുന്നത്. 1990 മുതല്‍ വനിതകള്‍ രാജ്യത്തിന്റെ നേതൃത്വ നിരയിലേക്ക് കൂടുതലായും ഉയര്‍ന്നു വരുന്നുണ്ടെങ്കിലും വിപ്ലവാന്മകമായ ഒരു മാറ്റം ഇതുവരെ സംഭവിച്ചിട്ടില്ല.
യു.എസിലെ സെന്‍സസുകള്‍ പ്രകാരം ജനസംഖ്യയുടെ 51% സ്ത്രീകളാണ്. 43%വും വെള്ളക്കാരല്ലാത്തവരുമാണ്. അമേരിക്കയില്‍ സര്‍ക്കാര്‍ രംഗങ്ങളിലും മറ്റ് മിക്ക മേഖലകളിലെ പ്രാതിനിധ്യത്തിന്റെ കാര്യത്തിലും സ്ത്രീകള്‍ മുന്നിട്ട് നില്‍ക്കുന്നുണ്ട്. 2022-24 യു.എസ് കോണ്‍ഗ്രസാകട്ടെ 28% വനിതാ പ്രാതിനിധ്യം ഉറപ്പിച്ച് ചരിത്രം സൃഷ്ടിക്കുകയും ചെയ്തു.
1975ല്‍ എല്ലാ ഗ്രാസോയാണ് ഒരു യു.എസ് സ്‌റ്റേറ്റിന്റെ ആദ്യ വനിതാ ഗവര്‍ണറായി തെരഞ്ഞെടുക്കപ്പെടുന്നത്. 2020ല്‍ ആകട്ടെ അമേരിക്കയുടെ ആദ്യ വനിതാ വൈസ് പ്രസിഡന്റായി തെരഞ്ഞെടുപ്പെട്ട് കമല ഹാരിസ് മറ്റൊരു നാഴികക്കല്ല് പിന്നിടുകയും ചെയ്തു. കമലയ്ക്ക് മുമ്പ് 1984ല്‍ വൈസ് പ്രസിഡന്റായി ഒരു പ്രധാനപാര്‍ട്ടി നാമനിര്‍ദേശം ചെയ്ത വനിതയായിരുന്നു ജെറാഡിന്‍ ആനി ഫെരാരോ. അവരും ഒരു ഡെമോക്രാറ്റ് ആയിരുന്നു.
വനിതകളെ നേതൃത്വ നിരയിലേക്ക് കൊണ്ടുവരാന്‍ ഡെമോക്രാറ്റുകളേക്കാള്‍ വളരെ കുറഞ്ഞ ശ്രമങ്ങള്‍ മാത്രമാണ് റിപബ്ലിക്കന്‍ പാര്‍ട്ടി നടത്തിയതെന്ന് പറയാന്‍ സാധിക്കും. 2024ല്‍ റിപബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്ന് മറ്റൊരു ഇന്ത്യന്‍ വംശജയായ നിക്കി ഹെയ്‌ലിയുടെ പേര് പ്രസിഡന്റ് സ്ഥാനാര്‍ത്വത്തിലേക്ക് ഉയര്‍ന്നു വന്നെങ്കിലും ട്രംപുമായുള്ള ഉള്‍പാര്‍ട്ടി മത്സരത്തില്‍ അവര്‍ പരാജയപ്പെടുകയായിരുന്നു.
എന്നാല്‍ പലപ്പോഴും സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയിരുന്ന ട്രംപ് എന്നാല്‍ അധികാരത്തില്‍ എത്തിയപ്പോള്‍ സ്ത്രീ ശാക്തീകരണത്തിന് മുതല്‍ക്കൂട്ടാവുന്ന ഒരു തീരുമാനം കൈക്കൊണ്ടു. ചീഫ് ഓഫ് സ്റ്റാഫായി തന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് നേതൃത്വം വഹിച്ച സീസി വില്‍സിനെ നിയമിച്ചു. ഈ പദവിയിലെത്തുന്ന ആദ്യ വനിതയാണിവര്‍.
അതേസമയം അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് കമല ഹാരിസ് മത്സരിക്കുമ്പോള്‍ അവര്‍ക്ക് ഒരു വനിത പ്രസിഡന്റ് സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ വേണ്ടത്ര പിന്തുണ കിട്ടിയോ എന്ന് സംശയം പ്രകടിപ്പിച്ചവര്‍ ഇങ്ങ് കേരളത്തിലുമുണ്ട്. തെരഞ്ഞടുപ്പിനോടനുബന്ധിച്ച് സംസ്ഥാന ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ഇതിന് ഉദാഹരണമാണ്.
2012ല്‍ ഒബാമയുടെ തെരഞ്ഞെടുപ്പ് സമയത്ത് അദ്ദേഹത്തിനായി ആദ്യ ബ്ലാക്ക് പ്രസിഡന്റ് എന്ന പേരില്‍ നടത്തിയ ക്യാമ്പയിനുകള്‍ ഒന്നും തന്നെ കമലയ്ക്കായി ഒരുക്കാത്തതില്‍ മന്ത്രി നിരാശ പ്രകടിപ്പിച്ചിരുന്നു. അതുപോലെത്തന്നെ ജെന്‍ഡര്‍ എന്ന് വിഷയം കൂടുതല്‍ പ്രാധാന്യത്തോടെ ഈ തെരഞ്ഞെടുപ്പില്‍ അവതരിപ്പിക്കുന്നതില്‍ ഡെമോക്രാറ്റുകളും കമലയും പരാജയപ്പെട്ടെന്നും മന്ത്രി ചൂണ്ടിക്കാണിക്കുകയുണ്ടായി. ഒടുവില്‍ ഇവയെല്ലാം ശരിയായെന്ന് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ കാണിച്ചു തരികയും ചെയ്തു.
വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് കമല പടിയിറങ്ങുന്നതോടെ അമേരിക്കയുടെ നേതൃത്വനിരയില്‍ നിന്ന് വനിതകള്‍ അപ്രത്യക്ഷമാവുകയാണ്. പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ജോ ബൈഡന്‍ മാറാന്‍ രണ്ട് മാസം ബാക്കി നില്‍ക്കെ ബൈഡന്‍ രാജിവെച്ച് കുറച്ച് മാസത്തേക്ക് എങ്കിലും കമലയെ പ്രസിഡന്റ് ആക്കണമെന്ന ആവശ്യം ഉദ്യോഗസ്ഥ കേന്ദ്രങ്ങളില്‍ നിന്നടക്കം ഉയരുന്നുണ്ട്.
ആ നീക്കത്തിലൂടെ അമേരിക്കയ്ക്ക് ഒരു വനിത പ്രസിഡന്റിനെ ലഭിക്കുമെന്ന ആഗ്രഹത്തിലാണ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ട് വെക്കുന്നത്. എന്നാല്‍ ജനാധിപത്യത്തിന് പേരുകേട്ട അമേരിക്കയില്‍ ഇത്തരത്തിലൊരു നീക്കത്തിലൂടെയാണോ ആദ്യ വനിതാ പ്രസിഡന്റ് ചുമതലയേല്‍ക്കേണ്ടത് എന്ന ചോദ്യവും ഉയരുന്നുണ്ട്.
Content Highlight: America’s 236 years without a female president